Latest News

കിളി പറത്തി ഫഹദിന്റെ ട്രാന്‍സ്; ഇത് പലരും പറയാന്‍ മടിച്ച വിഷയം; ഭക്തിയെ തൊട്ടാല്‍ പൊള്ളുമല്ലോ; വ്യത്യസ്തമായ നായികാ കഥാപാത്രത്തിലൂടെ നസ്രിയയും ഞെട്ടിച്ചു; സിനിമ എങ്ങനെയുണ്ടെന്ന് വായിച്ചും ചോദിച്ചും അറിയുന്നതിനേക്കാള്‍ നല്ലത് സിനിമ കണ്ട് മനസിലാക്കുന്നതാവും;ട്രാന്‍സ് റിവ്യൂ..!!!

പി.എസ്.സുവര്‍ണ്ണ
കിളി പറത്തി ഫഹദിന്റെ ട്രാന്‍സ്; ഇത് പലരും പറയാന്‍ മടിച്ച വിഷയം; ഭക്തിയെ തൊട്ടാല്‍ പൊള്ളുമല്ലോ;  വ്യത്യസ്തമായ നായികാ കഥാപാത്രത്തിലൂടെ നസ്രിയയും ഞെട്ടിച്ചു; സിനിമ എങ്ങനെയുണ്ടെന്ന് വായിച്ചും ചോദിച്ചും അറിയുന്നതിനേക്കാള്‍ നല്ലത് സിനിമ കണ്ട് മനസിലാക്കുന്നതാവും;ട്രാന്‍സ് റിവ്യൂ..!!!

ങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഫഹദ് ഫാസിലിന്റെ ട്രാന്‍സ് എത്തി. ഫഹദിന്റെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രം, നസ്രിയ ഫഹദ് താരജോഡികള്‍ വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. എന്നിവയാണ് പ്രധാനമായും പ്രേക്ഷകരെ ട്രാന്‍സെന്ന സിനിമയിലേക്ക് ആഘര്‍ഷിപ്പിച്ചത്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലെത്തിയ സിനിമയില്‍ ഉടനീളം ഫഹദിന്റെ വണ്‍മാന്‍ ഷോയായിരുന്നു. മാത്രമല്ല വളരെ ഗൗരവമേറിയ ഒരു വിഷയം ചിത്രം കൈകാര്യം ചെയ്യുന്നുമുണ്ട്. നസ്രിയ നസിം, ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, വിനായകന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും അന്‍വര്‍ റഷീദ് തന്നെയാണ്. തിരക്കഥ വിന്‍സെന്റ് വടക്കന്റേതാണ്.

ആകെ മൊത്തത്തില്‍ ഒരു സൈക്കോ അന്തരീക്ഷമാണ് ചിത്രത്തിന്. ആ സൈക്കോ അന്തരീക്ഷം നിലനിര്‍ത്തിപോരാന്‍ ഫഹദെന്ന നടന്‍ നന്നായി തന്നെ കഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ സെക്കറ്റിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കും വിധമായിരുന്നു ഫഹദിന്റെ അഭിനയം. അഭിനയം എന്ന് പറയാന്‍ പറ്റില്ല. കാരണം ഫഹദ് ഫാസില്‍ എന്ന നടന്‍ എന്നും തനിക്ക് ലഭിക്കുന്ന ക്യാരക്ടറിലൂടെ ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് പതിവ്. അത് തന്നെയാണ് ട്രാന്‍സ് എന്ന സിനിമയിലും ആവര്‍ത്തിച്ചിരിക്കുന്നത്. വിജു പ്രസാദെന്ന സാധാരണക്കാരനായ മോട്ടിവേഷണല്‍ സ്പീക്കര്‍ പിന്നീട് വിജുവില്‍ നിന്ന് ജോഷ്വാ കാള്‍ട്ടന്‍ എന്ന പാസ്റ്ററായി മാറുന്നതാണ് കഥയുടെ ഇതിവൃത്തം. വിജുവില്‍ നിന്നും ജോഷ്വാ എന്ന പാസ്റ്ററിലേക്കുള്ള ട്രാന്‍സ്ഫര്‍മേഷനാണ് ട്രാന്‍്സ് എന്ന് വേണമെങ്കില്‍ പറയാം. വിജുവിന്റെ ജീവിതത്തിലെ പല ഘട്ടങ്ങള്‍.. ആ ഘട്ടങ്ങളെല്ലാം വളരെ വൈകാരികമായി തന്നെ ഫഹദ് അഭിനയിച്ചു ഫലിപ്പിച്ചു. മാത്രമല്ല സിനിമയിലെ താരത്തിന്റെ അപ്പിയറന്‍സും വ്യത്യസ്തമാണ്. സാധാരണക്കാരനായ വിജുവിന്റെ ലുക്കില്‍ നിന്നും സുന്ദരനായ ജോഷ്വോയിലേക്കുള്ള ഫഹദിന്റെ മാറ്റമാണ് അത്.

ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് കൂടെയെന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ ഒരു ഗ്യാപ്പിന് ശേഷം താരം തിരിച്ചെത്തിയപ്പോള്‍ ഇനി എന്നാണ് ഫഹദ് നസ്രിയ കോമ്പോയെ ഒന്നിച്ച് സ്‌ക്രീനില്‍ കാണാന്‍ കഴിയുക എന്നതായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ട്രാന്‍സെന്ന അന്‍വര്‍ റഷീദ് ചിത്രം. ട്രെയിലറുകളിലും മറ്റും ഇരുവരെയും ഒന്നിച്ച് കണ്ട പ്രേക്ഷകര്‍ വലിയ ആകാംക്ഷയിലായിരുന്നു. എസ്തര്‍ ലോപസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ സെക്കന്‍ഡ് ഹാഫിലാണ് നസ്രിയയുടെ എന്‍ട്രി. ഫഹദിന്റെ കൂടെയാണ് ഏറെയും സ്‌ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്തിരിക്കുന്നത്. മൊത്തത്തില്‍ അപ്പിയറന്‍സിലും ക്യാരക്ടറിലും ചെയിഞ്ചുമായിട്ടാണ് എന്തായാലും നസ്രിയ എത്തിയിരിക്കുന്നത്. എന്തെന്നാല്‍ ഇതുവരെയും നസ്രിയ കൈകാര്യം ചെയ്യാത്ത തരം കഥാപാത്രത്തെയാണ് ട്രാന്‍സില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. എന്തായാലും നസ്രിയയുടെ പുതിയ ലുക്കിലുള്ള എന്‍ട്രി മോശമായില്ല. എങ്കില്‍ പോലും നസ്രിയയ്ക്ക് സിനിമയില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലെന്നതാണ് ഒരു പോരായ്മ.

Image result for trance malayalam movie review

ഇനി ചിത്രത്തില്‍ എടുത്ത് പറയേണ്ട അഭിനയം കാഴ്്ച്ചവെച്ചത് തമിഴിലെ പ്രമുഖ സംവിധായകന്‍ ഗൗതം മേനോനാണ്. സിനിമയില്‍ നെഗറ്റീവ് റോളിലാണ് താരം എത്തുന്നത്. താരത്തിനൊപ്പം തന്നെ സപ്പോര്‍ട്ടിങ്ങ് നെഗറ്റീവ് റോളുമായി എത്തുന്നത് ചെമ്പന്‍ വിനോദും, ദിലീഷ് പോത്തനുമാണ്. മൂന്നുപേരുടെയും അഭിനയം മികച്ച് നില്‍ക്കുന്നു. എങ്കിലും പ്രേക്ഷകരെ ഞെട്ടിച്ചത് ഗൗതം മേനോനാണ്. കൈയ്യടിച്ചാണ് ഗൗതം മേനോന്റെ എന്‍ട്രിയെ പ്രേക്ഷകര്‍ വരവേറ്റത്. സൗബിനും, ശ്രീനാദ് ഭാസിയും, വിനായകനും, ഒറ്റ സീനില്‍ മാത്രം വന്നുപോയ ജോജു ജോര്‍ജ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ശ്രിന്ദ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ തന്മയത്തത്തോടെ തന്നെ കൈകാര്യം ചെയ്തു.

വിശ്വാസികളെയും വിശ്വാസത്തെയുമാണ് ചിത്രം ചോദ്യം ചെയ്യുന്നത്. ഒരുപക്ഷേ സിനിമയില്‍ ഇതുവരെയും ആരും കൈവെക്കാത്ത ഒരു വിഷയത്തെയാണ് അന്‍വര്‍ റഷീദ് കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് വേണം പറയാന്‍. വിശ്വാസത്തെ വിറ്റ് കാശാക്കുന്ന ബിസിനസ്സ് ലോബികളെ കുറിച്ച് വ്യക്തമായ ഒരു ധാരണ ചിത്രം ഉണ്ടാക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ എടുത്ത് പറയേണ്ടതാണ് സിനിമയിലെ വിജു എന്ന കഥാപാത്രത്തിന്റെ സ്വകാര്യ ജീവിതവും. സിനിമയുടെ എവിടെയൊക്കെയോ വെച്ച് പ്രേക്ഷകന്‍ വളരെ ഇമോഷണലാവുന്നുണ്ട്. മാനസികമായി സംഘര്‍ഷങ്ങള്‍ നേരിടുന്ന ഒരാളെ അയാളുടെ ജീവിതത്തെ ഒട്ടും മായം ചേര്‍ക്കാതെ പ്രസന്റ് ചെയ്തിരിക്കുന്നു. അങ്ങനെ മൊത്തത്തില്‍ കൂറെയെറെ ട്രാന്‍സ്ഫര്‍മേഷനുകളിലൂടെയാണ് ട്രാന്‍സെന്ന ചിത്രം സഞ്ചരിക്കുന്നത്.

ഒരു സിനിമയെ മികച്ചതാക്കുന്നത് മികച്ച കഥയോ അഭിനയമോ മാത്രമല്ല മറിച്ച് സാങ്കേതികമായ മറ്റ് വശങ്ങള്‍ കൂടെ ചേരുമ്പോഴാണ്. എഡിറ്റിങ്ങും, സൗണ്ട് മിക്സിങ്ങും, ബാഗ്രൗണ്ട് സ്‌ക്കോറും, ക്യാമറയുമെല്ലാം ഇതിന് പ്രധാന പങ്ക് വഹിക്കുന്നു. ട്രാന്‍സെന്ന സിനിമ എഡിറ്റിങ്ങിനും ബാഗ്രൗണ്ട് സ്‌കോറിനും ക്യാമറയ്ക്കും വളരെ ഏറെ ഇംപോര്‍ട്ടന്‍സ് കൊടുത്തിട്ടുണ്ട്. സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള ചിത്രമാണ് ട്രാന്‍സ്. ട്രാന്‍സിന് വേണ്ടി അത് നിര്‍വഹിച്ചിരിക്കുന്നത് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. വിനായക് ശശികുമാര്‍ ഗാനരചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമും ജാക്സണ്‍ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരു രക്ഷയുമില്ല. അമല്‍ നീരദിന്റെ ക്യാമറ കൂടെയായപ്പോള്‍ സൂപ്പര്‍ എന്ന് മാത്രമേ ട്രാന്‍സിനെ പറ്റി പറയാനാകൂ..

സിനിമ കണ്ട് ഇറങ്ങുമ്പോള്‍ മൊത്തത്തില്‍ ഒരു ഡൗട്ടാണ് എന്താണ് സിനിമ കണ്ടിട്ട് തോന്നിയതെന്ന്. മേക്കിങ്ങ് വശങ്ങളെല്ലാം മികച്ച് നില്‍ക്കുമ്പോള്‍ തിരക്കഥ ഇടക്കൊക്കെ ഒരു വില്ലനാവുന്നുണ്ട്. എന്തായാലും മോശം ചിത്രമെന്ന് പറയാന്‍ കഴിയില്ല. കാരണം ഫഹദിന്റെ അഭിനയ മികവ് കൊണ്ട് ചിത്രം ഫുള്‍ എന്‍ഗേജിങ്ങാണ്.. എന്നാലും എവിടെയൊക്കെയോ ഒരു മിസ്സിങ്ങ്. അതുകൊണ്ട് തന്നെ സിനിമ കണ്ട് ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങളാണ്. അതിനാല്‍ സിനിമകണ്ട് തന്നെ സിനിമയെക്കുറിച്ച് വിലയിരുത്തുക. അല്ലെങ്കില്‍ വിലയിരുത്തേണ്ടിവരുന്ന ഒരു സിനിമയാണ് ട്രാന്‍സ്...

trance malayalam movie review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES