അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ ചെന്നൈയിലെ വസ്തുവുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രീം കോടതിയില്‍. 1988-ല്‍ ശ്രീദേവിയുടെ കുടുംബം വാങ്ങിയ 2.7 ഏക്കര്‍ ഭൂമിയില്‍ അവകാശം ഉന്നയിച്ച് ഒരു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. വിഷയത്തില്‍ ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍, മക്കളായ ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍, ജസ്റ്റിസ് അരുണ്‍ പല്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തര്‍ക്കത്തിലുള്ള വസ്തുവില്‍ കേസിന്റെ അടുത്ത വാദം കേള്‍ക്കുന്നത് വരെ നിലവിലെ സ്ഥിതി തുടരാന്‍ കോടതി ഉത്തരവിട്ടു. ഹര്‍ജിക്കാരിയായ എം.സി. ശിവകാമിയും സഹോദരനും നല്‍കിയ ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് തര്‍ക്കത്തിലുള്ള ഭൂമി സ്ഥിതി ചെയ്യുന്നത്.
തങ്ങളുടെ പിതാവായ എം.സി. ചന്ദ്രശേഖരന്‍ വിറ്റ വസ്തുവില്‍ തങ്ങള്‍ക്കും നിയമപരമായ അവകാശമുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഹൈക്കോടതി പ്രാഥമിക ഘട്ടത്തില്‍ തന്നെ രേഖകളുടെ സങ്കീര്‍ണ്ണമായ പരിശോധന നടത്തി കേസ് തള്ളിയത് ശരിയായില്ലെന്നും വിചാരണ നേരിടാന്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ വാദിച്ചു. അതേസമയം, 1988 ഏപ്രില്‍ 19-നാണ് ഭൂമിയുടെ ആധാരം രജിസ്റ്റര്‍ ചെയ്തതെന്നും ഏകദേശം മൂന്ന് പതിറ്റാണ്ടിന് ശേഷം 2025-ല്‍ മാത്രമാണ് ഇവര്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്നും കപൂര്‍ കുടുംബത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി വാദിച്ചു.
ഹര്‍ജിക്കാര്‍ 1995-ലും 1999-ലും പ്രായപൂര്‍ത്തിയായവരാണെന്നും ഇത്രയും വൈകി നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ മധ്യസ്ഥതയിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ഇരുവിഭാഗത്തോടും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജിയെ മധ്യസ്ഥനായി നിയമിക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് മധ്യസ്ഥ ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസംബര്‍ 18-ലേക്ക് മാറ്റി.