ഇന്ത്യന്‍ സിനിമയുടെ മുഖശ്രീക്ക് 61 ാം പിറന്നാള്‍; ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെ ഓര്‍മ്മകളുമായി പിറന്നാള്‍ ദിനം; അമ്മയുടെ ജന്മദിനത്തില്‍ തിരുപ്പതി സന്ദര്‍ശനം നടത്തി മകള്‍ ജാഹ്നവി;കുട്ടിക്കാല ചിത്രങ്ങള്‍ പങ്ക് വച്ച് ഖുഷി

Malayalilife
 ഇന്ത്യന്‍ സിനിമയുടെ മുഖശ്രീക്ക് 61 ാം പിറന്നാള്‍; ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെ ഓര്‍മ്മകളുമായി പിറന്നാള്‍ ദിനം; അമ്മയുടെ ജന്മദിനത്തില്‍ തിരുപ്പതി സന്ദര്‍ശനം നടത്തി മകള്‍ ജാഹ്നവി;കുട്ടിക്കാല ചിത്രങ്ങള്‍ പങ്ക് വച്ച് ഖുഷി

സൗന്ദര്യത്താലും നൃത്തപാടവത്താലും അഭിനയ ചാതുരയാലും വിസ്മയിപ്പിച്ച നടിമാരില്‍ ഒരാളാണ് ബോളിവുഡ് താരസുന്ദരി ശ്രീദേവി. ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് ഏറ്റവും അര്‍ഹയായ നടിയുടെ 61-ാം ജന്‍മവാര്‍ഷികമായിരുന്നു ഇന്നലെ.

2018 ല്‍ തന്റെ അന്‍പത്തിനാലാം വയസ്സിലായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. അമ്മയുടെ ജന്മദിനത്തില്‍ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രത്തില്‍ എത്തി മകള്‍ ജാന്‍വി കപൂര്‍ പ്രാര്‍ത്ഥന നടത്തി. 
അമ്മയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ട് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ഫോട്ടോകള്‍ പങ്കുവയ്ക്കുകയായിരുന്നു. 

അതിലാദ്യത്തേത് തിരുപ്പതി ക്ഷേത്രത്തിലെ പടിക്കെട്ടുകളാണ്. അമ്മയ്ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രമാണ് രണ്ടാമത്തേത്. ഇന്ന് ക്ഷേത്രത്തില്‍ പോകാന്‍ തയ്യാറായതിന് ശേഷം എടുത്ത ചിത്രവും കൂട്ടത്തിലുണ്ട്. മഞ്ഞ സാരിയില്‍, അമ്മയെ പോലെ സുന്ദരിയായിട്ടാണ് ജാന്‍വി തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയത്.

ജാന്‍വി കപൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കാമുകന്‍ ശിഖര്‍ പഹര്യാറിന് ഒപ്പമാണ് ജാന്‍വി എത്തിയത്. കടുത്ത സെക്യൂരിറ്റിയില്‍ ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്ന വീഡിയോകളാണ് പുറത്തുവന്നിരിയ്ക്കുന്നത്.


അമ്മയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് രണ്ടാമത്തെ മകള്‍ ഖുഷി കപൂറും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അമ്മയ്ക്കും സഹോദരി ജാന്‍വി കപൂറിനും ഒപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഖുഷിയുടെ പോസ്റ്റ്. ഭര്‍ത്താവ് ബോണി കപൂറും പ്രിയപ്പെട്ട പത്നിയുടെ ഓര്‍മയില്‍ ആശംസകള്‍ അറിയിച്ച് പോസ്റ്റ് പങ്കുവച്ചു. കെട്ടിപ്പിടിയ്ക്കുന്ന ഇമോജിയ്ക്കൊപ്പം ഹാപ്പി ബര്‍ത്ത് ഡേ ജാന്‍ എന്നാണ് ബോണി കപൂര്‍ കുറിച്ചത്

നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറില്‍ 300 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച് സിനിമ മേഖലയില്‍ ആദരണീയ വ്യക്തിത്വങ്ങളില്‍ ഒരാളായി മാറുകയായിരുന്നു ബോളിവുഡിന്റെ സുന്ദരി ശ്രീദേവി. 1963 ഓഗസ്റ്റ് 13ന് തമിഴ്നാട്ടിലായിരുന്നു ശ്രീദേവിയുടെ ജനനം.

നാലാം വയസ്സില്‍ ബാലതാരമായാണ് അഭിനയ ജീവിതത്തിലേയ്ക്കുള്ള ചുവടുവയ്പ്പ്. ബാല്യ കാലത്ത് തന്നെ സിനിമകളോട് പ്രണയത്തിലായ ശ്രീദേവി, നാലാം വയസ്സില്‍ 'കണ്ഡന്‍ കരുണൈ' എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. തുടക്ക കാലത്ത് തന്നെ ഒന്നിലധികം ദക്ഷിണേന്ത്യന്‍ ഭാഷകള്‍ സംസാരിക്കാന്‍ ശ്രീദേവി പഠിച്ചു. ഇതോടെ ശ്രീദേവിക്ക് മറ്റ് ഭാഷകളിലേക്ക് അനായാസം ചേക്കാറാനായി.

കരിയറിന്റെ ഒണ്‍പതാം വര്‍ഷത്തില്‍ ദേശീയ അംഗീകാരവും നേടാനായി. 1976ല്‍ കെ.ബാലചന്ദറിന്റെ 'മൂണ്‍ട്ര് മുടിച്ചു' എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവിക്ക് ദേശീയ അംഗീകരം ലഭിച്ചത്. അന്ന് തമിഴകത്ത് മികച്ച താരമായി പരിഗണിക്കപ്പെട്ടിരുന്ന ശ്രീദേവിക്ക് ബോളിവുഡിന്റെ ശ്രദ്ധയാകര്‍ഷിക്കാനായി. അന്ന് ശ്രീദേവിയ്ക്ക് വയസ്സ് 13.

പിന്നീടങ്ങോട്ട് ശ്രീദേവിക്ക് തിരഞ്ഞു നോക്കേണ്ടി വന്നില്ല. മലയാളത്തിനും ശ്രീദേവി സമ്മാനിച്ചിട്ടുണ്ട് എക്കാലത്തും ഓര്‍ത്തുവെക്കാവുന്ന ചില കഥാപാത്രങ്ങള്‍.ദേവരാഗം, അകലെ ആകാശം, സത്യവാന്‍ സാവിത്രി,എന്നിവയാണവ.

1977ല്‍ പുറത്തിറങ്ങിയ '16 വയതിനിലെ', 'സിഗപ്പു റോജകള്‍' (1978), 'വരുമയിന്‍ നിറം സിവപ്പ്' (1980), 'മീണ്ടും കോകില' (1981), 'പ്രേമാഭിഷേകം' (1981), 'വാഴ്വേ മായം' (1982), 'മൂണ്‍ട്രാം പിറൈ' (1982), ആഖാരി പോരാട്ടം (1988), ജഗദേക വീരുഡു അതിലോക സുന്ദരി (1990), ക്ഷണ നിമിഷം (1991) തുടങ്ങി സിനിമകളിലൂടെ ശ്രീദേവി തെന്നിന്ത്യയിലെ മുന്‍നിര നടിയായി മാറി.

'സോള്‍വ സാവന്‍' (1979) എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ നായികയായുള്ള ശ്രീദേവിയുടെ ചുവടുവയ്പ്പ്. 1983ല്‍ ആക്ഷന്‍ കോമഡി ചിത്രം 'ഹിമ്മത്വാല'യില്‍ പ്രധാന വേഷം ചെയ്തതോടെ, ശ്രീദേവി ദേശീയ ഐക്കണായും മാറി. പിന്നീട് 'മവാലി' (1983), 'ജസ്റ്റിസ് ചൗധരി' (1983), 'തോഫ' (1984), 'മഖ്സാദ്' (1984), 'മാസ്റ്റര്‍ജി' (1985), 'കര്‍മ്മ' (1986), 'മിസ്റ്റര്‍ ഇന്ത്യ' (1987) തുടങ്ങി സിനിമകളിലൂടെ ശ്രീദേവിയ്ക്ക് ബോളിവുഡില്‍ തന്റേതായൊരിടം കണ്ടെത്താനായി.

കൂടാതെ ബോളിവുഡിലെ ബോക്സ് ഓഫിസ് ഐക്കണുമായി. 'ചാല്‍ബാസ്', 'സദ്മ' തുടങ്ങി വമ്പന്‍ ഹിറ്റുകളിലൂടെ ശ്രീദേവി അവരുടെ ജനപ്രീതി വ്യാപിപ്പിച്ചു. 'പുരുഷ മേധാവിത്വമുള്ള ബോളിവുഡില്‍ നായക നടന്‍ ഇല്ലാതെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ചും ശ്രീദേവി ശ്രദ്ധനേടി.

2000കളുടെ തുടക്കത്തില്‍ ശ്രീദേവി അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം, മാലിനി അയ്യര്‍ (2004-2005) എന്ന ടെലിവിഷന്‍ പരമ്പരയില്‍ പ്രധാന വേഷം ചെയ്തു. ഒരു പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം, 2012ല്‍ 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന സിനിമയിലൂടെ അവര്‍ ശക്തമായ തിരിച്ചുവരവ് നടത്തി.

നാല് പതിറ്റാണ്ടു നീണ്ടുനിന്ന അഭിനയ ജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങളാണ് ശ്രീദേവിയെ തേടി എത്തിയത്. 2013ല്‍ രാജ്യം പത്മശ്രീ നല്‍കി ശ്രീദേവിയെ ആദരിച്ചു. 2018ല്‍, ക്രൈം ത്രില്ലറായ 'മോം' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും ലഭിച്ചിരുന്നു. 1970ല്‍ 'പൂമ്പാറ്റ' എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. കൂടാതെ നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

2018 ഫെബ്രുവരി 24ന് ദുബായില്‍വച്ചായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. ചലച്ചിത്ര നിര്‍മാതാവ് ബോണി കപൂര്‍ ആണ് ശ്രീദേവിയുടെ ഭര്‍ത്താവ്. ബോളിവുഡ് താരം ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നിവര്‍ മക്കളാണ്.


 

Read more topics: # ശ്രീദേവി
Sridevis 61st birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES