'കിളിച്ചുണ്ടന്‍ മാമ്പഴം', 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ നടിയാണ് സൗന്ദര്യ. 2004 ല്‍ 31 ആം വയസ്സിലാണ് സൗന്ദര്യ ഒരു പ്ലെയിന്‍ അപകടത്തില്‍ മരണപ്പെട്ടത്. ആ പ്ലെയിന്‍ ദുരന്തത്തില്‍ താനും പെടേണ്ടതായിരുന്നു എന്ന് പറയുകയാണ് നടി മീനയിപ്പോള്‍. ജഗപതി ബാബുവിന്റെ ഒരു ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു നടി. സൗന്ദര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മീനയുടെ മറുപടി
ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന മത്സരം എപ്പോഴും ആരോഗ്യകരമായിരുന്നു. സൗന്ദര്യ വളരെ കഴിവുള്ളവളായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ മരണവാര്‍ത്ത എന്നെ ഞെട്ടിച്ചിരുന്നു. ഇന്നും ആ ഞെട്ടലില്‍ നിന്ന് എനിക്ക് പൂര്‍ണ്ണമായും കരകയറാന്‍ കഴിഞ്ഞിട്ടില്ല. അപകടം സംഭവിച്ച ദിവസം ഞാന്‍ സൗന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതായിരുന്നു. എന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും എനിക്ക് താത്പര്യമില്ലാത്തതിനാല്‍ ഒരു ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഞാന്‍ ഒഴിവായി. അതിനുശേഷം സംഭവിച്ചത് കേട്ട് ഞാന്‍ തകര്‍ന്നുപോയി,' മീന പറഞ്ഞു. അപകടം നടന്ന് 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മീന ഇക്കാര്യം തുറന്നുപറയുന്നത്.
സിനിമയ്‌ക്കൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവമായിരുന്ന സൗന്ദര്യ. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ആന്ധ്രപ്രദേശിലെ കരിം നഗറില്‍ പോകുന്ന വഴി വിമാനം തകര്‍ന്നു വീണായിരുന്നു അപകടം നടന്നത്. ബെംഗളൂരുവിനടുത്തുള്ള ജക്കൂര്‍ എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നുയര്‍ന്ന സിംഗിള്‍ എന്‍ജിന്‍ എയര്‍ക്രാഫ്റ്റായ 'സെസ്‌ന 180' ആണ് ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും സമയത്തിനുള്ളില്‍ തകര്‍ന്നുവീണത്. സൗന്ദര്യയും സഹോദരനും ആ അപകടത്തില്‍ മരണപ്പെട്ടു. മരണപ്പെടുമ്പോള്‍ സൗന്ദര്യ ഗര്‍ഭിണിയായിരുന്നു എന്നതും ആരാധകരെ ഏറെ വേദനിപ്പിച്ച വാര്‍ത്തയായിരുന്നു.