Latest News

എഫ്ബിയില്‍ കുറിപ്പിട്ട പെണ്‍കുട്ടിക്ക് എന്തു കൊണ്ട് പോലീസില്‍ പരാതി നല്‍കാന്‍ ധൈര്യമുണ്ടായില്ല? 14 പേര്‍ക്കെതിരെ പോസ്റ്റിട്ട യുവതി തനിക്കെതിരെ മാത്രം പരാതി നല്‍കി; വാദങ്ങള്‍ ചുറ്റിക്കറങ്ങിയത് ആ പോസ്റ്റില്‍; ഹേമാ കമ്മറ്റി 'ധൈര്യം' ഫലം കണ്ടില്ല; സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ സുപ്രീംകോടതി പറയുന്നത് 

Malayalilife
 എഫ്ബിയില്‍ കുറിപ്പിട്ട പെണ്‍കുട്ടിക്ക് എന്തു കൊണ്ട് പോലീസില്‍ പരാതി നല്‍കാന്‍ ധൈര്യമുണ്ടായില്ല? 14 പേര്‍ക്കെതിരെ പോസ്റ്റിട്ട യുവതി തനിക്കെതിരെ മാത്രം പരാതി നല്‍കി; വാദങ്ങള്‍ ചുറ്റിക്കറങ്ങിയത് ആ പോസ്റ്റില്‍; ഹേമാ കമ്മറ്റി 'ധൈര്യം' ഫലം കണ്ടില്ല; സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ സുപ്രീംകോടതി പറയുന്നത് 

നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി കേസിന്റെ മെരിറ്റിലേക്ക് കടന്നില്ല. കൂടുതല്‍ വിശദമായ വിധിയെഴുത്തുണ്ടാകില്ലെന്ന സൂചന നല്‍കിയാണ് സുപ്രീംകോടതി നടന് ജാമ്യം നല്‍കുന്നത്. മറ്റ് കേസുകളെ പോലും ബാധിക്കുമെന്നതിനാലാണ് കേസിന്റെ മെരിറ്റിനെ കുറിച്ച് കൂടുതല്‍ പറയാതെയുള്ള ജാമ്യം. കേസില്‍ ചിലത് കോടതി ചോദിച്ചിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടാത്താണ് സിദ്ദിഖിനുള്ള ജാമ്യമായി മാറിയതെന്നാണ് വിലയിരുത്തല്‍. 

പരാതി നല്‍കിയത് സംഭവം നടന്ന് എന്ന് ആരോപിക്കുന്ന ദിവസത്തിന് ശേഷം എട്ട് വര്‍ഷം കഴിഞ്ഞാണ്. ഇതിന് മുമ്പ് തന്നെ യുവതി ഇക്കാര്യം ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു. എന്നിട്ടും പരാതി നല്‍കാത്തത് എന്തേ എന്ന സംശയവും കോടതി ഉയര്‍ത്തി. ഹേമാ കമ്മറ്റിയുടെ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്ന് യുവതിയ്ക്ക് വേണ്ടി ഹാജരായ വക്കീല്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരും പലവിധ വാദങ്ങളുയര്‍ത്തി. പെണ്‍കുട്ടിയും സിദ്ദിഖും ആ ഹോട്ടലില്‍ ആ ദിവസം എത്തിയതിന് തെളിവുണ്ടെന്നും പറഞ്ഞു. പക്ഷേ എന്തു കൊണ്ട് പരാതി വൈകിയെന്നതിനുള്ള ധൈര്യക്കുറവിലെ വാദം സുപ്രിംകോടതിയ്ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടിക്ക് വിശദമായ ഫെയ്സ് ബുക്ക് കുറിപ്പിടാന്‍ ധൈര്യമുണ്ടെങ്കില്‍ പരാതിയും കൊടുക്കാമായിരുന്നില്ലേ എന്ന പരോക്ഷ ചോദ്യമാണ് വാദങ്ങളില്‍ നിന്നുയരുന്നത്. 

സിദ്ദിഖിന് കേസില്‍ സുപ്രീം കോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. നിലവില്‍ ഇത് സ്ഥിരപ്പെടുത്തിയിരിക്കുകയാണ്. പരാതി നല്‍കിയതിലെ കാലതാമസം കണക്കിലെടുത്താണ് സുപ്രീം കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. രാജ്യം വിടാന്‍ പാടില്ലെന്നും അതുറപ്പാക്കാനായി പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ഇനി അന്വേഷണത്തിന്റെ ഭാഗമായി സിദ്ദിഖിനെ അറസ്റ്റ് ചെയ്താലും വിചാരണക്കോടതിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജാമ്യം നല്‍കേണ്ടി വരും. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണസംഘത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടാണ് കോടതി വിധി. വിശദമായ വിധിപ്രസ്താവം കേസിലുണ്ടാകില്ലെന്ന സൂചനകളും കോടതി നല്‍കിയിട്ടുണ്ട്. 

2016-ല്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ 2024 -ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ പരാതി ഉന്നയിച്ച വ്യക്തിക്ക് സാധിച്ചിട്ടില്ല. ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു ശേഷം രണ്ടു തവണ സിദ്ദിഖ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ അറസ്റ്റ് ചെയ്യാതിരുന്നതിനു കാരണം തെളിവുകള്‍ ഇല്ലാത്തതിനാല്‍ ആണെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. പുതിയ കഥകള്‍ ചമച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും പരാതിക്കാരി പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഉദ്യോഗസഥര്‍ സൃഷ്ടിക്കുന്നതെന്നും സിദ്ദിഖ് കുറ്റപ്പെടുത്തിയിരുന്നു. 

നടനെതിരെ പരാതി നല്കാന്‍ എന്തുകൊണ്ട് എട്ടുവര്‍ഷം വൈകിയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് കൃത്യമായ വിശദീകരണം നല്കാന്‍ അന്വേഷണ സംഘത്തിനായില്ലെന്ന് സിദ്ദിഖ് കുറ്റപ്പെടുത്തുന്നുണ്ട്. 2019ലും 2020ലും പരാതിക്കാരി തനിക്കെതിരെ ഫെയ്‌സ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റുകളിട്ടിരുന്നു. എന്നാല്‍ ആ പോസ്റ്റുകളില്‍ അന്ന് പറഞ്ഞ കാര്യങ്ങളല്ല ഇപ്പോള്‍ പരാതിയില്‍ പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം പ്രത്യേക അന്വേഷണ സംഘം 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തനിക്കൊഴികെ മറ്റെല്ലാവര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു കഴിഞ്ഞു. മറ്റാരുടേയും മുന്‍കൂര്‍ ജാമ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നില്ലെന്നും തന്റെ മുന്‍കൂര്‍ ജാമ്യത്തെ മാത്രം എതിര്‍ക്കുന്നത് മറ്റു ചില കാരണങ്ങളാലാണെന്നും സിദ്ദിഖ് വാദിച്ചിരുന്നു. സിദ്ദിഖിനു ജാമ്യം നല്‍കിയാല്‍ സമാനമായ മറ്റു കേസുകളെയും ബാധിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. ഈ വാദം തള്ളിയാണു കോടതിയുടെ തീരുമാനം

Read more topics: # സിദ്ദിഖ്
sidhique cour bail

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES