ഉയരത്തിന്റെ പേരില്‍ എന്നും താന്‍ പരിഹസിക്കപ്പെടാറുണ്ടെന്ന് നടി ശ്വേത ബസു പ്രസാദ്. ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്വേത ബസു. വര്‍ഷങ്ങള്‍ നീണ്ട സിനിമാ കരിയറിലുണ്ടായ മോശം അനുഭവമാണ് ശ്വേത പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്വേതയുടെ വെളിപ്പെടുത്തല്‍.
തന്റെ രൂപത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും ഉയരത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് ശ്വേത പറയുന്നത്. ''ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് എന്റെ ഉയരത്തിന്റെ പേരില്‍ എല്ലാവരും എന്നെ പരിഹസിച്ചത്.
കാരണം നായകന് ആറടിയോളം ഉയരമുണ്ടായിരുന്നു. എനിക്ക് ആകട്ടെ അഞ്ചടി രണ്ടിഞ്ചും മാത്രം.'' എന്നാല്‍ നായകന് ഉയരം മാത്രമേ ഉണ്ടായിരുന്നുള്ളു. തെലുങ്ക് ഭാഷ വശമില്ലായിരുന്നു. അതിനാല്‍ കൂടുതല്‍ റീടേക്കുകള്‍ വേണ്ടിവന്നു. തനിക്കും തെലുങ്ക് വലിയ വശമില്ലെങ്കിലും വേഗത്തില്‍ ഭാഷ കൈകാര്യം ചെയ്യാന്‍ പറ്റിയെന്നും ശ്വേത വ്യക്തമാക്കി.
അതേസമയം, 2008ല്‍ കൊത്ത ബംഗരു ലോകം എന്ന ചിത്രത്തിലൂടെയാണ് ശ്വേത തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാര്‍ ഹിന്ദി സീരിസായ 'യൂപ്സ് അബ് ക്യാ' ആണ് നടിയുടെ പുതിയ പ്രോജക്ട്. ഫെബ്രുവരി 20 മുതലാണ് സീരിസ് സ്ട്രീമിങ് ആരംഭിക്കുന്നത്. 2022ല്‍ പുറത്തിറങ്ങിയ ഇന്ത്യ ലോക്ഡൗണ്‍ ആണ് ശ്വേതയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തുടര്‍ന്ന് ശ്വേത സീരിസുകളില്‍ സജീവമാവുകയായിരുന്നു.