ഷിര്‍ദിയിലെ സായി ബാബ ക്ഷേത്രത്തിന് സ്വര്‍ണകിരീടം സമ്മാനിച്ച് ബോളിവുഡ് നടി ശില്‍പ ഷെട്ടി. കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം ശില്‍പ ഷിര്‍ദ്ദിയിലെ സായി ക്ഷേത്രം സന്ദര്‍ശിച്ചത്.
സായി ഭക്തയായ ശില്‍പ ദര്‍ശനത്തിന് ശേഷം 800 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണകിരീടം ക്ഷേത്രത്തിന് സമ്മാനിക്കുകയായിരുന്നു. കിരീടം ക്ഷേത്ര പൂജാരിക്ക് കൈമാറുന്നതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തു ഇക്കഴിഞ്ഞ 15നാണ് ഷിര്‍ദിയിലെ ക്ഷേത്രത്തില്‍ കുടുംബസമേതം സന്ദര്‍ശനത്തിനായി ശില്‍പയെത്തിയത്.
നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും സായിബാബക്ക് നന്ദി. വിശ്വാസവും ക്ഷമയുമാണ് അങ്ങെന്നെ പഠിപ്പിച്ച പാഠങ്ങളുടെ ഉള്ളടക്കം. ഞാനും എന്റെ കുടുംബവും എല്ലായ്‌പോഴും അങ്ങയുടെ അനുഗ്രഹത്താല്‍ സുരക്ഷിതരായിരുന്നു എന്നതോര്‍ക്കുമ്പോള്‍ തല കുമ്പിട്ട് നമസ്‌കരിക്കാനേ കഴിയൂ.'- ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് രാജ് കുന്ദ്ര, അമ്മ സുനന്ദ ഷെട്ടി, മകന്‍ വിയാന്‍, സഹോദരി ഷമിതാ ഷെട്ടി എന്നിവര്‍ക്കൊപ്പമാണ് ശില്‍പ ഷിര്‍ദിയിലെ സായി ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയത്.