അന്തരിച്ച കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവയുടെ മരണദിനത്തില്‍ ഓര്‍മക്കുറിപ്പുമായി നടി സീമ ജി നായര്‍. ഈ വേര്‍പാടിന്റെ വേദന ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും ശ്രമിക്കുകയാണെന്ന് സീമ ജി നായര്‍ പോസ്റ്റില്‍ പറയുന്നു. നന്ദുവിന്റെ വേര്‍പാട് നല്‍കിയ വേദന അഞ്ച് യുഗങ്ങള്‍ പോലെയാണ് അനുഭവപ്പെടുന്നതെന്ന് സീമ ഫേസ്ബുക്കില്‍ കുറിച്ചു. മസ്‌കറ്റ് എയര്‍പോര്‍ട്ടില്‍ വെച്ച് നന്ദുവിനെ ആദ്യമായി കണ്ട നിമിഷം ഇന്നും മനസ്സിലുണ്ടെന്നും, അവനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ലെന്നും താരം കുറിച്ചു.
സീമ ജി.നായരുടെ കുറിപ്പ് വായിക്കാം: ''നീ കടന്നുപോയിട്ട് 5 വര്‍ഷം, അത് 5 യുഗം പോലെയാണ് നിന്നെ സ്‌നേഹിച്ചവര്‍ക്കു തോന്നുന്നത്.. നിന്നെ ആദ്യമായി കണ്ട നിമിഷം ഇപ്പോളും ഞാന്‍ മറന്നിട്ടിട്ടില്ല, അത് മസ്‌കറ്റ് എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു.. നിന്നെ ഓര്‍ക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല.. സ്‌നേഹിക്കുന്നവരെ വേര്‍പിരിക്കാതിരിക്കാന്‍ ഒരു വരം കിട്ടിയിരുന്നെങ്കിലെന്ന് പലപ്പോളും ചിന്തിച്ചിട്ടുണ്ട്.. നെഞ്ചോട് ചേര്‍ത്ത് വെച്ചിട്ട്, അത് പറിച്ചു മാറ്റപ്പെടുമ്പോള്‍ ഉള്ള വേദനയുടെ ആഘാതം വലുതാണ്.. അതിന്റെ വ്യാപ്തി അളക്കാന്‍ ആര്‍ക്കും കഴിയില്ല.. ഞങ്ങളുടെ പ്രിയപെട്ട മോന്‍ ഏത് ലോകത്താണെലും സന്തോഷമായി ഇരിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു.. നിന്റെ വേര്‍പാടിന്റെ വേദന ഉള്‍കൊള്ളാന്‍ ശ്രമിച്ചുകൊണ്ട് ഞങ്ങള്‍ ഇവിടെയുണ്ട്''.
2021 മെയ് 15ന് ആയിരുന്നു നന്ദു മഹാദേവയുടെ വിയോഗം. നാലു വര്‍ഷത്തോളമായി ക്യാന്‍സറിനോട് പൊരുതിയതിന് ഒടുവില്‍ ആയിരുന്നു നന്ദു മരിച്ചത്. സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ ക്യാന്‍സര്‍ രോഗികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്ന നന്ദു 27മത്തെ വയസില്‍ ആയിരുന്നു വിട പറഞ്ഞത്. ഒട്ടനവധി ക്യാന്‍സര്‍ ബാധിതര്‍ക്ക് കരുത്ത് പകര്‍ന്ന അതിജീവനം - കാന്‍സര്‍ ഫൈറ്റേഴ്‌സ് & സപ്പോര്‍ട്ടേഴ്‌സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും നന്ദു ആരംഭിച്ചിരുന്നു.