അഭിനയവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമൊക്കെയായി സജീവമാണ് സീമ ജി നായര്‍. നാടകവേദിയിലൂടെയായിരുന്നു തുടക്കം. 17ാമത്തെ വയസിലായിരുന്നു ആദ്യ നാടകം. അമ്മ ചേര്‍ത്തല സുമതിക്ക് പിന്നാലെ മകളും അഭിനയ മേഖല തിരഞ്ഞെടുക്കുകയായിരുന്നു. അന്ന് അഭിനയത്തിലേക്ക് ഇറങ്ങിയെങ്കിലും പാട്ടുകാരി ആവാനായിരുന്നു താന്‍ ആഗ്രഹിച്ചതെന്ന് സീമ പറയുന്നു. വൈഷ്ണവ് ഗിരീഷിനെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ടപ്പോഴായിരുന്നു സീമ തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്.
കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഫങ്ഷനില്‍ വൈഷ്ണവ് ഗിരീഷും കൂടെ ഉണ്ടായിരുന്നു. ടിവിയില്‍ കൂടിയേ ആ മോന്റെ പാട്ട് കേട്ടിട്ടുള്ളു. പക്ഷെ, നേരിട്ട് കേട്ടിട്ടുണ്ടായിരുന്നില്ല. അത് കേള്‍ക്കാനുള്ള ഒരു ഭാഗ്യം കിട്ടി അന്ന്. ഒരുപാട് കഴിവുള്ള കുട്ടി. വൈഷ്ണവ് മോന് എല്ലാ നന്മകളും നേരുന്നു. അഭിനയത്തെക്കാളും, ഞാന്‍ സ്‌നേഹിച്ചിരുന്നത് സംഗീതത്തെ ആയിരുന്നു. പാടിയതും, പിന്നെ പഠിച്ചതും സംഗീതം ആയിരുന്നു.
സ്‌കൂളിലെ മികച്ച ഗായികയും ആയിരുന്നു. പക്ഷേ ഒരു അഭിനേത്രി ആകാന്‍ ആയിരുന്നു യോഗം. 40 വര്‍ഷം ആയില്ലേ ഈ രംഗത്ത് വന്നിട്ട്. ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ, എന്നാലും പാട്ടു പഠിക്കാം. വീട്ടില്‍ തന്നെ ഗുരു സ്ഥാനത്തു ചേച്ചി ഉണ്ടല്ലോ. പിന്നെന്തിനു വിഷമിക്കണം എന്നുമായിരുന്നു സീമയുടെ കുറിപ്പ്.