മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ 'തുടക്കത്തിലെ' അഭിനയത്തെ വാനോളം പുകഴ്ത്തി നടി ലിസിയുടെ കുറിപ്പ്.
'മുഖമില്ലാത്ത ചില അപരിചിതര്‍ നിന്റെ ശൈലികളെയും ശരീരപ്രകൃതിയെയും വിമര്‍ശിച്ചപ്പോള്‍, വാക്കുകള്‍ കൊണ്ടല്ല, മറിച്ച് എല്ലാവരുടെയും വായ മൂടിക്കുന്ന തരത്തിലുള്ള മികച്ചൊരു പ്രകടനത്തിലൂടെ നീ മറുപടി നല്‍കുമെന്ന് എനിക്ക് ഉറപ്പായിരുന്നുവെന്ന് ലിസി കുറിക്കുന്നു.
എന്റെ പ്രിയപ്പെട്ട വിസ്മയ മോഹന്‍ലാല്‍!
നിന്റെ ആദ്യ ചിത്രമായ 'തുടക്ക'ത്തിലെ മികച്ചതും അത്ഭുതപ്പെടുത്തുന്നതുമായ പ്രകടനം ഞാന്‍ കണ്ടു കഴിഞ്ഞു, എനിക്ക് ഒത്തിരി അഭിമാനം തോന്നുന്നു. സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ സ്റ്റേജിലെ മികച്ചൊരു പെര്‍ഫോമര്‍ ആയിരുന്നു നീ. നമ്മുടെ രാജ്യം കണ്ട എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ നിന്റെ അച്ഛനില്‍ നിന്ന് നിനക്ക് പാരമ്പര്യമായി ലഭിച്ച ആ അസാധാരണ പ്രതിഭ ബിഗ് സ്‌ക്രീനില്‍ ഇത്രയധികം തിളങ്ങുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. 'പുലിക്ക് ജനിച്ചത് പൂച്ചയാകില്ലല്ലോ!'
മുഖമില്ലാത്ത ചില അപരിചിതര്‍ നിന്റെ ശൈലികളെയും ശരീരപ്രകൃതിയെയും വിമര്‍ശിച്ചപ്പോള്‍, വാക്കുകള്‍ കൊണ്ടല്ല, മറിച്ച് എല്ലാവരുടെയും വായ മൂടിക്കുന്ന തരത്തിലുള്ള മികച്ചൊരു പ്രകടനത്തിലൂടെ നീ മറുപടി നല്‍കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നീ അത് തന്നെ ചെയ്തു കാണിക്കുകയും ചെയ്തു. നിന്റെ ആക്ഷന്‍ രംഗങ്ങളൊക്കെ 'വേറെ ലെവല്‍' ആണ്!നിന്റെ ഫ്‌ലെക്‌സിബിലിറ്റിയും ചടുലതയും സ്‌ക്രീന്‍ പ്രസന്‍സും ഒക്കെ ശരിക്കും അസാധ്യമായിരുന്നു! ഒരു നായിക എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് സങ്കല്‍പ്പങ്ങളെല്ലാം നീ തിരുത്തിക്കുറിച്ചിച്ചു.
ചിലര്‍ തെറ്റായി പറഞ്ഞതുപോലെ 35 വയസ്സല്ല, വെറും 30-ാം വയസ്സില്‍ കഴിവ്, വ്യക്തിത്വം, സമര്‍പ്പണം, ആത്മാര്‍ത്ഥത എന്നിവ മാത്രമാണ് പ്രധാനം എന്ന് നീ തെളിയിച്ചു കഴിഞ്ഞു. നിന്റെ കുട്ടിത്തം നിറഞ്ഞ നിഷ്‌കളങ്കതയും ആവേശവും, പൊതുവേദികളിലെ ആ ചെറിയ പരിഭ്രമവുമൊക്കെയാണ് നിന്നെ ഇത്രയധികം പ്രിയങ്കരിയാക്കുന്നത്. ആ ഗുണങ്ങള്‍ ഒരിക്കലും കൈവിടരുത്. എപ്പോഴും നീ നിലനിര്‍ത്തുന്ന എളിമയും ദയയും ഊഷ്മളതയും അതുപോലെ തന്നെ കാത്തുസൂക്ഷിക്കുക (ഈ ഗുണങ്ങളൊക്കെ നിന്റെ പ്രിയപ്പെട്ട അമ്മയില്‍ നിന്ന് ലഭിച്ചതാണ്)! ഇനിയും ഒരുപാട് ഓര്‍മ്മിക്കപ്പെടുന്ന മികച്ച പ്രകടനങ്ങളും ചിത്രങ്ങളും നിനക്ക് സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു. ഇത് തുടക്കം മാത്രമാണ് വിസ്മയ. ഇനി വരാനിരിക്കുന്നതാണ് ഏറ്റവും മികച്ചത്!' ലിസി കുറിച്ചു.
വിസ്മയയ്ക്ക് ഒപ്പം തന്നെ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആഷിഷ് ജോ ആന്റണിയുടെ പ്രകടനത്തെയും കുറിപ്പില്‍ ലിസി എടുത്തു പറയുന്നുണ്ട്. 'ആശിഷ് ജോ ആന്റണി, നീയായിരുന്നു ഈ ചിത്രത്തിലെ യഥാര്‍ത്ഥ സര്‍പ്രൈസ് പാക്കേജ്. മികച്ച സ്‌ക്രീന്‍ പ്രസന്‍സോടെ നീ വളരെ ഗംഭീരമായി അഭിനയിച്ചു! ഒരു വാക്ക് പോലും പറയാതെ ആ വലിയ, ആഴമുള്ള കണ്ണുകളിലൂടെ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാന്‍ നിനക്ക് കഴിയുന്നുണ്ട്! (വലിയൊരു നിര്‍മ്മാതാവ് എന്നതിലുപരി ഒരു ദിവസം ആന്റണി പെരുമ്പാവൂര്‍ 'ആശിഷ് ജോയുടെ അച്ഛന്‍' എന്ന പേരില്‍ അറിയപ്പെടും എന്ന് എനിക്ക് തോന്നുന്നു! )
ഇത്രയും മികച്ചൊരു ത്രില്ലര്‍ ചിത്രം സമ്മാനിച്ചതിന് ജൂഡ് ആന്റണിക്കും ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍!,' ലിസി കുറിച്ചു.