ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കൂടുതല്‍ രംഗത്തെത്തുകയാണ്. കമ്മിറ്റി അമ്മയിലെ അംഗങ്ങളായ സ്ത്രീകളില്‍ നിന്നും മൊഴിയെടുത്തിട്ടില്ലെന്ന പ്രതികരണമാണ് ലക്ഷ്മി പ്രിയയും കുക്കുപരമേശ്വരനും അടക്കം രംഗത്തെത്തിയത്. ഡബ്ല്യുസിസിക്കെതിരേയും ലക്ഷ്മി പ്രിയ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പ്രതികരിക്കുന്നുണ്ട്. ലക്ഷ്മി പ്രിയയുടെ വാക്കുകളിലേക്ക്.
പ്രിയമുള്ളവരേ, രണ്ടു മൂന്നു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ആകെ എരിവും പുളിയും മസാലയും. പ്രതികരിക്കാതെ ഇരിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. പണ്ടേ മുഖം നോക്കാതെ പ്രതികരണവും അഹങ്കാരി എന്ന വിശേഷണവും അലങ്കാരമായി കൊണ്ടു നടക്കുന്നവള്‍ ആയതിനാല്‍ ഒന്നു രണ്ടു വിവരങ്ങള്‍ എഴുതണം എന്നു തോന്നി. ഈ ഹേമാ കമ്മീഷനെക്കുറിച്ച് ചോദിക്കുന്നതിനു മുന്‍പ് പലവട്ടം പലയിടത്തും സൂചിപ്പിച്ച ഒരു കാര്യം, വീണ്ടും ആവര്‍ത്തിക്കുന്നു.
അല്പ കാലം മുന്‍പ് W C C വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ ' സിനിമയുടെ സമസ്ത മേഖലയിലും ' ജോലി ചെയ്യുന്ന വനിതകള്‍ക്കായി ഒരു സിനിമാ കൂട്ടായ്മ ഉണ്ടാകുന്നു എന്ന് ഒരു ' അമ്മ ' ജനറല്‍ ബോഡി മീറ്റിംഗ് ' ല്‍ ശ്രീമതി ഗീതു മോഹന്‍ ദാസ് അനൗണ്‍സ് ചെയ്യുന്നു. ആദരണീയനായ ശ്രീ മമ്മൂട്ടി എന്താണ് വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് എന്നും അതിന് എന്തൊക്കെ സാധ്യതകള്‍, അത്തരം ഒരു സംഘടനയുടെ ആവശ്യകത ഇവയെ എല്ലാം പറ്റി വിശദമായി സംസാരിക്കുകയും വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് അമ്മയില്‍ നിന്നും വിഭിന്നമായ ഒരു സംഘടന അല്ല, ആയതിനാല്‍ അമ്മയിലെ മുഴുവന്‍ സ്ത്രീകളും w c c യില്‍ അംഗത്വം എടുക്കണം എന്ന് ആഹ്വാനം ചെയ്യുകയും ഞങ്ങള്‍ മുഴുവന്‍ അംഗങ്ങളും ഈ പ്രമേയം കയ്യടിച്ചു പാസാക്കുകയും അനന്തരം വളരെ വൈകാരികമായി w c c യ്ക്ക് അമ്മ നല്‍കിയ സപ്പോര്‍ട്ടിന് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.
പിന്നീട് എന്താണ് മേല്‍പ്പറഞ്ഞ സംഘടനയ്ക്ക് സംഭവിച്ചത്? അമ്മയില്‍ നിന്നും എത്ര പേര്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുത്തിട്ടുണ്ട്? നാളിതുവരെ എത്ര പേര് ആ സംഘടനയില്‍ അംഗങ്ങളായി ഉണ്ട്? ഈ സംഘടന രൂപീകരിച്ച് ഒരു കൊല്ലം കഴിഞ്ഞിട്ടും മേല്‍പ്പറഞ്ഞ സംഘടന ഫേസ്ബുക്കില്‍ അത് പറഞ്ഞു, ഇതു പറഞ്ഞു എന്ന് എഴുതി കാണുന്നതിന്റെ അടിസ്ഥാനത്തില്‍ എന്റെ ഇന്റര്‍വ്യൂ എടുത്തമാധ്യമ പ്രവര്‍ത്തകന്‍ എന്നോട് ഈ സംഘടനയെപ്പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ തിരിച്ചു ചോദിച്ച ചോദ്യങ്ങള്‍, എവിടെ ആണ് ഈ സംഘടനയുടെ ആസ്ഥാനം? എന്താണ് അഡ്രസ്സ്? എന്താണ് ബൈലോ? എന്തുകൊണ്ട് ഞങ്ങളെ മെമ്പര്‍മാര്‍ ആക്കുന്നില്ല? ഇതിന് മറുപടിയായി ശ്രീമതി സജിതാ മഠത്തില്‍ സംഘടന ശൈശവ അവസ്ഥയില്‍ ആണ് എന്നും ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒന്നും സംഘടനയ്ക്ക് ( ഒരു കൊല്ലം ആയിട്ടും ) ആയിട്ടില്ല എന്നും ഞങ്ങളെ എല്ലാവരെയും ക്ഷണിക്കും എന്നും പറയുകയുണ്ടായി.
കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും ജ്യോതിയും വന്നില്ല, തീയും വന്നില്ല, അമ്മയിലെ സ്ത്രീകള്‍ക്ക് ക്ഷണവും വന്നില്ല. ശേഷം അമ്മ മുന്‍കൈ എടുത്ത് എറണാകുളത്ത് വച്ച് ഞങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു യോഗം സംഘടിപ്പിക്കുകയും പല വിഷയങ്ങളെയും കുറിച്ച് ഓപ്പണ്‍ ആയി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. 2017 മുതല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ആരംഭിച്ച ഹേമാ കമ്മീഷന്‍ മലയാള സിനിമയിലെ 90% സ്ത്രീകളും അംഗങ്ങള്‍ ആയ ' അമ്മയിലെ ' നടിമാരോട് എന്തേ ഒന്നും ആരാഞ്ഞിട്ടില്ല? 225 പേര് അമ്മയില്‍ സ്ത്രീ മെംബേര്‍സ് ആയി ഉണ്ട്. എന്റെ അറിവില്‍ ഇവരില്‍ ആരോടും കമ്മീഷന്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടില്ല! എന്തുകൊണ്ട്? 7 കൊല്ലം എടുത്തിട്ടും എന്തുകൊണ്ടാണ് മുതിര്‍ന്ന അഭിനേത്രി ശ്രീമതി ശാരദ കൂടി അംഗമായ കമ്മിറ്റി ഞങ്ങളെ വിളിക്കാതിരുന്നത്? ആ റിപ്പോര്‍ട്ടില്‍ ആരൊക്കെയാണ് മൊഴി കൊടുത്തത്? എത്രപേരുടെ മൊഴി എടുത്തിട്ടുണ്ട്? അവര്‍ എത്രകാലം സിനിമയില്‍ തുടരുന്നുണ്ട്? ഹേമാ കമ്മീഷന്‍ എന്നെ വിളിച്ചിരുന്നു എങ്കില്‍ എനിക്ക് പറയാരുന്നു, കൂടെ കിടന്നാലേ ചാന്‍സ് തരൂ എന്നും മറ്റും എന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ല. മുറി വാതില്‍ക്കല്‍ ആരും തട്ടിയിട്ടില്ല.അങ്ങനെ ഉണ്ടായാല്‍ അവന്റെ പല്ലടിച്ചു കൊഴിക്കാനും ആ ചാന്‍സ് വേണ്ട എന്നും പറയാനും എനിക്കറിയാം. അങ്ങനെയുള്ള ഡിമാന്‍ഡ് കള്‍ ഉള്ള ചിത്രങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടാവാം.. അതില്‍ എനിക്ക് പരാതിയില്ല. സന്തോഷമേ ഉള്ളൂ.
പിന്നെ, പ്രതിഫലം പറഞ്ഞുറപ്പിച്ചിട്ടു തരാതെ ഇരിക്കുന്ന ചില വിദ്വാന്‍മാരെപ്പറ്റി എനിക്കു പറയാരുന്നു. പെണ്ണുങ്ങളെ കാണുമ്പോ അശ്ലീല കമെന്റ് പറയുന്നവരെപ്പറ്റി പറയാരുന്നു. ഒക്കത്തിലും എന്റെ പ്രതികരണവും അറിയിക്കാരുന്നു. ഒരുകാലത്ത് ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും നേരിട്ടിരുന്ന കാലത്ത് സ്ത്രീകള്‍ ഒക്കെ സഹിച്ചിട്ടുണ്ടാവാം. ഇന്ന് ഈ പുരോഗമന കാലത്ത് ഇത്രയും വിദ്യാസമ്പന്നര്‍ ആയ സ്ത്രീകള്‍ ഉള്ളപ്പോള്‍ എന്തിനാണ് ഇത്തരം സഹനങ്ങള്‍ എന്ന് ചോദിക്കാമായിരുന്നു. കൂടെ കിടക്കാന്‍ ഒരു പെണ്ണും തയ്യാറായില്ല എങ്കില്‍ ആണുങ്ങള്‍ പെണ്‍വേഷം കെട്ടി അഭിനയിക്കുമോ എന്നും ചോദിച്ചേനെ. സര്‍വ്വോപരി സ്ത്രീകള്‍ തൊഴിലെടുക്കുന്ന എല്ലാ മേഖലകളിലും ഇത്തരം കമ്മീഷനെ വച്ച് ഇത്തരം പഠന റിപ്പോര്‍ട്ട് എഴുതിക്കണം. കാരണം എല്ലാ മേഖലകളിലും സ്ത്രീകള്‍ ദുരിതം അനുഭവിക്കുന്നുണ്ടല്ലോ?
സീമ ജി നായരും കുറിപ്പ് പങ്ക് വച്ചിട്ടുണ്ട്
പ്രതികരിക്കാത്തത് അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടാണെന്ന കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി സീമ ജി നായര്‍. റിപ്പോര്‍ട്ടിലുള്ളത് എന്താണെന്ന് വായിച്ച് മനസിലാക്കാതെ അതിലെങ്ങനെ മറുപടി പറയാന്‍ സാധിക്കുമെന്നാണ് സീമ ചോദിക്കുന്നത്.
''ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റിന്റെ താഴെ ഒരു കമന്റ് വന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞാന്‍ പ്രതികരിച്ചില്ലെന്ന്. അവരോട് മര്യാദക്ക് ഞാന്‍ കാര്യം പറഞ്ഞു. പിന്നെയും പിന്നെയും കമന്റ് ഇട്ടുകൊണ്ടേയിരുന്നു. മറുപടിയും കൊടുക്കേണ്ടി വന്നു. 240 പേജ് വരുന്ന ഒരു റിപ്പോര്‍ട്ടില്‍ എതെങ്കിലും ഒരു ഭാഗത്തുള്ളതാണ് ഇപ്പോള്‍ എല്ലാ ന്യൂസ് ചാനലിലും വന്നു കൊണ്ടിരിക്കുന്നത്.
അത് വായിച്ചു മനസിലാക്കാതെ, വാളെടുക്കുന്നവന്‍ വെളിച്ചപ്പാട് എന്ന് പറഞ്ഞു തല്‍ക്കാലം പ്രതികരിക്കാന്‍ ഇല്ല. ഞാന്‍ ചില കാര്യങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. ഇത് അങ്ങനെ അല്ല. അത്രയും വിശദമായി പഠിക്കേണ്ട ഒന്നാണ്. അതിനു ചാന്‍സ് പോകുമെന്ന് ഭയന്നാണ് മിണ്ടാതെ ഇരിക്കുന്നതെന്ന് ആരോപണം.
40 വര്‍ഷമായി ഈ തൊഴിലിടത്തില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട്. ആരുടേയും റെക്കമന്റില്‍ എനിക്ക് പടം കിട്ടിയിട്ടില്ല. അഭിനയിക്കാന്‍ അറിയാം എന്ന് വിളിക്കുന്നവര്‍ക്ക് തോന്നിയിട്ടാണ് എനിക്ക് തൊഴില്‍ കിട്ടിയിട്ടുള്ളത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഗുരുതരമായ പ്രശ്നങ്ങളുടെ പുറകെ ആയിരുന്നു ഞാന്‍. ഇപ്പോളും അങ്ങനെ ആണ്.
അവരുടെ ജീവന്‍ രക്ഷിക്കാന്‍ ഓടുമോ. അതോ പ്രതികരിച്ചു കൊണ്ട് ഉള്ള പ്രശ്നങ്ങളുടെ കൂടെ കുറെ പ്രശ്ങ്ങളും കൂടെ കേറ്റി വെച്ച് നില്‍ക്കണോ. മറ്റുള്ളവര്‍ക്ക് ഒരു ചായ പോലും മേടിച്ചു കൊടുക്കാന്‍ കഴിവില്ലാത്തവര്‍ ആണ് എന്നെ പ്രതികരിക്കാന്‍ പഠിപ്പിക്കാന്‍ വരുന്നവര്‍.
പ്രൊഫൈല്‍ ലോക്ക് ചെയ്തു സംസാരിക്കുന്നവര്‍ ആണാണെങ്കിലും പെണ്ണാണെങ്കിലും രണ്ടും കേട്ടവര്‍ ആണ്. അത് ഓപ്പണ്‍ ചെയ്യൂ. എന്നിട്ടു സംസാരിക്കാം. ഇപ്പോഴത്തെ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം ഞാന്‍ പ്രതികരിക്കാത്തതാണ്. അതുകൊണ്ട് ഇവിടെ എന്തും സംഭവിക്കാം...'' എന്നാണ് സീമ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരിക്കുന്നത്. പ്രൊഫൈല്‍ ലോക്ക് ചെയ്ത ഒരാളിന്റെ പ്രൊഫൈല്‍ പങ്കിട്ടാണ് സീമയുടെ കുറിപ്പ്.
സീമ ജി നായരുടെ പോസ്റ്റിനു താഴെ നിരവധി പേര്‍ താരത്തെ അനുകൂലിച്ചും പോസ്റ്റിനെ പിന്തുണച്ചും കമന്റുകളിടുന്നുണ്ട്. ''ചേച്ചി നല്ല മനസിന് ഉടമയാണ്. ചേച്ചിക്ക് നല്ലതെന്ന് തോന്നുന്നത് പറയാം. ചെയ്യാം. അതിന് മറ്റൊരാളിന്റെയും സഹായം വേണ്ട. അതിനുള്ള ബോധം ചേച്ചിക്കുണ്ട്. ഒരിക്കലും ചേച്ചി നട്ടെല്ല് പണയം വെക്കില്ലെന്നും നമുക്ക് അറിയാം. അഭിനയത്തോടൊപ്പം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും, വേദനിക്കുന്നവരുടെ കണ്ണീരൊപ്പുകയും, അവര്‍ക്ക് തണലാകുകയും ചെയ്യുന്ന മലയാളത്തിന്റെ പിയ നടി സീമ ജി. നായര്‍ നിങ്ങളെ ഏറെ ബഹുമാനമാണ്. നന്മകള്‍ മാത്രം നേരുന്നു...,40 വര്‍ഷമായി സിനിമാ മേഖലയിലുണ്ട്. അതിലുപരി ഒരുപാട് കഷ്ടത അനുഭവിക്കുന്ന, ജനഹൃദയങ്ങളില്‍ ഉണ്ട്. തനിക്ക് കിട്ടുന്ന തുച്ഛമായ പ്രതിഫലം കൊണ്ട് കഷ്ടത അനുഭവിക്കുന്ന ഒരുപാട് ഹൃദയങ്ങളെ ചേര്‍ത്തു നിര്‍ത്താന്‍ ചേച്ചി കാണിക്കുന്ന മനസ്സ് അത് ഞങ്ങള്‍ക്ക് അറിയാം. ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ നല്ലതിനെ മാത്രം കാണുക. എന്തിനും തെറ്റു കാണുന്നവര്‍ക്ക് വേറെ പണിയില്ല അവര്‍ കണ്ടുകൊണ്ടിരിക്കട്ടെ, നമ്മള്‍ അങ്ങനെയല്ലല്ലോ, ചേച്ചി പറഞ്ഞപോലെ നമ്മള്‍ക്ക് തന്നെ പരിഹരിക്കാന്‍ ഒരുപാട് പ്രശ്നങ്ങളുണ്ട്. അതെല്ലാം ദൈവം വേഗം പരിഹരിച്ച് തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...' എന്നതടക്കമാണ് സീമയെ പിന്തുണച്ച് വരുന്ന കമന്റുകള്‍.
ഡബ്ല്യുസിസി നിര്‍ദ്ദേശിച്ചവരുടെ മൊഴിയാണ് ഹേമ കമ്മിറ്റി രേഖപ്പെടുത്തിയതെന്ന് പറയുകയാണ് നടിയായ കുക്കു പരമേശ്വരന്‍. കുറ്റാരോപിതരുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നതെന്നും താരം പറയുന്നു.
കുറ്റാരോപിതരുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. പരാതിയുള്ളവര്‍ പേരുകള്‍ തുറന്ന് പറയണമെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞു. അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സെല്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിച്ചതെന്നും മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയായ കുക്കു പരമേശ്വരന്‍ പറഞ്ഞു.
''ഇനിയും മറയ്ക്ക് പിന്നില്‍ നില്‍ക്കേണ്ടതില്ല. ഹേമ കമ്മിറ്റിക്ക് മുമ്പാകെ തുറന്ന് പറയാന്‍ അവര്‍ തയ്യാറായി. അത് ലോകം അറിഞ്ഞു കഴിഞ്ഞു. ഇനി ആരാണെന്നതിനെക്കുറിച്ച് തുറന്ന് പറയണം. ആരോപിക്കുന്നയാള്‍ക്ക് പറയാനുള്ള അവസരം കിട്ടിയിട്ടില്ല. അത് ഹേമ കമ്മിറ്റി കേട്ടിട്ടില്ല. അത് ഇന്ത്യന്‍ ഭരണഘടനയിലുണ്ട്. മലയാള സിനിമയില്‍ ആകെ 62 പേരല്ലലോ ഉള്ളത്. അമ്മ എന്ന സംഘടനയില്‍ 200ഓളം സ്ത്രീകളുണ്ട്. അവരില്‍ ഒരാളെയും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ശുപാര്‍ശ ചെയ്തവരുടെ മൊഴിയാണ് ഹേമ കമ്മിറ്റി രേഖപ്പെടുത്തിയത്. 14വര്‍ഷം അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരുന്നയാളാണ്.
ഈ കാലയളവില്‍ ഒരു പരാതിയും വന്നിട്ടില്ല. മറ്റു എവിടെങ്കിലും പറയുന്നത് അല്ല പരാതി. അത് പരാതിയായി എടുക്കാന്‍ പറ്റില്ല.അമ്മയുടെ ഐസിസിയില്‍ വന്നത് ആകെ ഒരു പരാതിയാണ്. അത് വളരെ ആത്മവിശ്വാസത്തോടെയാണ് ഏറ്റെടുത്തത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് ഹേമ കമ്മിറ്റിക്ക് തെളിയിക്കാന്‍ ആകില്ലലോ. ഇന്നലെ വരെ നടന്ന കാര്യം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. നാളെ എന്താണെന്ന് ആണ് തീരുമാനിക്കേണ്ടത്.
നീതി കിട്ടാത്തവര്‍ക്ക് നീതി ലഭ്യമാക്കണം. നാളെ ഇത്തരം കാര്യങ്ങള്‍ ഇല്ലാതെ നോക്കേണ്ടതുണ്ട്. സിനിമ മേഖല ഒരു തൊഴിലിടമാണ്. പുതിയ തലമുറ അവിടേക്ക് വരുന്നതാണ്. നല്ല നാളേക്കായി പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകണം. ഇത്തരത്തില്‍ പ്രശ്‌ന പരിഹാരത്തിനായാണ് കോണ്‍ക്ലേവ്. ഒന്നിച്ച് മുന്നോട്ട് പോകുന്നതിനാണ് കോണ്‍ക്ലേവ്. തെളിവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നോക്കും. ഇത്രയും പണം മുടക്കി കമ്മിറ്റിയെ നിയോഗിച്ച സര്‍ക്കാര്‍ അക്കാര്യങ്ങളും നോക്കും...'' കുക്കു പരമേശ്വരന്‍ പറഞ്ഞു
ഹേമാ കമ്മിറ്റി മുന്‍പാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നതായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. നിശബ്ദത ഇതിനു പരിഹാരമാകില്ല എന്ന മുന്നറിയിപ്പും താര സംഘടനയായ അമ്മയ്ക്ക് ലിജോ നല്‍കുന്നുണ്ട്. ഫേസ്ബുക്ക് കുറിപ്പിലാണ് ലിജോ പ്രതികരിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും, അതിനര്‍ത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാതിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു.