മലയാള സിനിമാലോകത്തിന്റെ ഗ്ലാമര്‍മുഖം വീണുടയുന്ന വിവരങ്ങളടങ്ങിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് പലര്‍ക്കും തിരിച്ചടിയാകും.സിനിമാ വ്യവസായത്തെ കൊള്ളരുതായ്മകള്‍ അക്കമിട്ടു നിരത്തുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. മലയാള സിനിമയിലെ ഉന്നതരിലേക്കും റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നു. ഒരു മാഫിയ തന്നെ സിനിമയെ നിയന്ത്രിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ് സിനിമാ മേഖലയെ കയ്യടക്കിയിരിക്കുന്നത്. നായകന്‍മാരെ വില്ലന്‍മാരാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
അതേസമയം, സിനിമാരംഗത്തെ എല്ലാ പുരുഷന്മാരും സ്ത്രീവിരുദ്ധരല്ലെന്നും വളരെ മാന്യമായി പെരുമാറുന്നവരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് സാംസ്‌കാരിക വകുപ്പ് വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്തുവിട്ടത് . റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെതിരെ നടി രഞ്ജിനി സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെയാണ് റിപ്പോര്‍ട്ട് വെളിച്ചംകണ്ടത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, മുമ്പും പലരും ആക്രമിക്കപ്പെട്ടെന്നും പുറത്തുവന്നത് ഒന്നുമാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആരാധനയോടെ കാണുന്ന പലര്‍ക്കും ഇരട്ടമുഖമാണ്. കുറ്റവാളികളില്‍ പലരും വളരെ സ്വാധീനമുള്ളവരാണ്. ഇവരാണ് മലയാള സിനിമയെ ഭരിക്കുന്നത്. മാഫിയ സംഘത്തിന്റെ ചെവിയില്‍ എത്തുമെന്നതിനാല്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളില്‍ പരാതിപ്പെടാന്‍ ഭയമാണ്. വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തും. സിനിമ മേഖലയിലെ ഭൂരിപക്ഷവും മാഫിയ സംഘത്തിനൊപ്പമാണ്.
മോശം അനുഭവം നേരിടേണ്ടിവന്നവര്‍ ചില വിഡിയോ ക്ലിപ്പുകളും ഓഡിയോക്ലിപ്പുകളും വാട്ട്‌സാപ്പ് സന്ദേശങ്ങളും ഹേമ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കിയിരുന്നു. മിനിമം വേതനംപോലും സിനിമയില്‍ ഉറപ്പാക്കുന്നില്ല. ചലച്ചിത്രമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ 290 പേജുകളാണ് പുറത്തുവന്നത്.
പതിനഞ്ചംഗ ക്രിമനല്‍ മാഫിയയാണ് മലയാള സിനിമ ഭരിക്കുന്നത്. പവര്‍ മാഫിയ എന്നറിയപ്പെടുന്ന ഇവരാണ് ആരൊക്കെ സിനിമയില്‍ നിലനില്‍ക്കണമെന്ന് തീരുമാനിക്കുന്നത്. ഇവര്‍ക്ക് ഇഷ്ടമില്ലാത്തവരെ സിനിമയില്‍ വിലക്കുന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പവര്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ളവര്‍ക്കാണ് സെറ്റില്‍ കാരവാന്‍ സൗകര്യങ്ങളൊരുക്കുന്നത്.
പോക്സോ പോലും ചുമത്തേണ്ട കുറ്റകൃത്യങ്ങളുണ്ട്. ലഹരിപാനീയങ്ങളോ മയക്കുമരുന്നോ ഉപയോഗിച്ച ശേഷം നിരവധി ലൈംഗിക പീഡനങ്ങള്‍ നടന്നിട്ടുണ്ട്. പല അഭിനേതാക്കളും സെറ്റിലെത്തുന്നത് മദ്യം കഴിച്ചിട്ടാണെന്ന് സ്ത്രീകള്‍ കമ്മിറ്റിക്ക് മൊഴി നല്‍കി.
സഹകരിക്കുക, വിട്ടുവീഴ്ചചെയ്യുക. ഈ രണ്ടു വാക്കുകളാണ് സ്ത്രീകള്‍ക്ക് ഏറെ പരിചിതം. അവസരം ലഭിക്കണമെങ്കില്‍ നടന്മാര്‍ മുതല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കു വരെ കിടക്ക പങ്കിടേണ്ട അവസ്ഥയാണ്.പലരും ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ട്. വളരെ ബോള്‍ഡെന്ന് കരുതുന്ന നടിമാര്‍ക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്.സിനിമയില്‍ എല്ലാറ്റിനും കോഡ് ഉണ്ട്. വിട്ടുവീഴ്ച ചെയ്യുന്നവരെ 'കോപ്പറേറ്റിംഗ് ആര്‍ട്ടിസ്റ്റുകള്‍'എന്ന് വിളിക്കും. എതിര്‍ക്കുന്നവരെ പ്രശ്‌നക്കാരെന്ന് മുദ്രകുത്തി 'മീ ടു' ആണെന്ന് പറയും.
നടിമാരുടെ മുറികളില്‍ വാതിലില്‍ മുട്ടുന്നത് പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നതര്‍ ചെയ്തുകൂട്ടിയത് പറയാനോ എഴുതാനോ കഴിയാത്ത കാര്യങ്ങളാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല. കാണുന്നതൊന്നും വിശ്വസിക്കാനാകി. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജന്റുമാരും മേഖലയില്‍ ലൈംഗിക ചൂഷണത്തിനടക്കം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളും സംവിധായകരും നിര്‍ബന്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സഹകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.
മലയാള സിനിമയെ മാഫിയ സംഘം എന്ന് വിളിച്ച നടനെ ഒതുക്കിയ ഒരു പ്രശസ്ത നടനെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍നിന്ന് തഴയപ്പെട്ട അദ്ദേഹം സീരിയലിലേക്ക് പോയപ്പോള്‍ അവിടെയും പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തങ്ങള്‍ ആഗ്രഹിക്കുന്നതെന്തോ അത് ഇവിടെ ചെയ്യാന്‍ സാധിക്കുന്ന ഒരു മാഫിയ സംഘമായിരിക്കുന്നു മലയാള സിനിമ എന്ന് പറഞ്ഞ ഒരു നടനുണ്ടായിരുന്നു. അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലുകള്‍ പലര്‍ക്കും ഇഷ്ടമായില്ല. മലയാളത്തിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ സിനിമയില്‍നിന്ന് മാറ്റിനിറുത്താന്‍ കഴിഞ്ഞു. പത്തോ പതിനഞ്ചോ പേര്‍ ചേര്‍ന്ന് അദ്ദേഹത്തെ സിനിമയില്‍നിന്ന് പുറത്താക്കി.
ഈ നടന്‍ പിന്നീട് സിനിമ വിട്ട് സീരിയലില്‍ എത്തി. എന്നാല്‍ അവിടെയും ശക്തമായ ഈ ലോബിയുടെ പിടിയില്‍നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. സീരിയല്‍ താരങ്ങളുടെ ആത്മ എന്ന സംഘടനയെയാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചത്. ആ സമയത്ത് ആത്മയുടെ അധ്യക്ഷന്‍ ഒരു സിനിമാ നടന്‍ കൂടിയായിരുന്നു. പത്തോ പതിനഞ്ചോ വ്യക്തികള്‍ തീരുമാനിച്ചാല്‍ ആരെയും സിനിമയില്‍നിന്ന് മാറ്റി നിര്‍ത്താം. ചെറിയ കാരണങ്ങള്‍ മതി അതിന്- റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളും തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തുറന്നുപറയാന്‍ ഭയപ്പെടുന്നവരാണ്. സഹപ്രവര്‍ത്തകരോട് പോലും സംഭവം തുറന്നു പറഞ്ഞാല്‍ സിനിമ മേഖലയില്‍ നിന്നും തങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുമോ എന്നും കൂടുതല്‍ മാനസിക ശാരീരിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുമോ എന്ന ഭയമുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന സ്ത്രീകളെ ഫാന്‍ ക്ലബുകള്‍ ഉപയോഗിച്ച് ക്രൂരമായ സൈബര്‍ അക്രമണത്തിന് ഇരയാക്കുന്ന പ്രവണത നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അവസരത്തിന് മകള്‍ അഡ്ജസ്റ്റ് ചെയ്താലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്ന അമ്മമാര്‍ വരെ ഉണ്ടെന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന നിരീക്ഷണം.ആരോടും പറയാനാകാതെ വേദനയും പേറി ജീവിക്കുകയാണ് പലരും. സ്വന്തം മാതാപിതാക്കളോട് പോലും പറയാന്‍ മടിക്കുന്നു. മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് പലരും അഭിനയമോഹം കൊണ്ട് സിനിമയിലേക്ക് വരുന്നത്. മോശം അനുഭവങ്ങള്‍ വരുമ്പോള്‍ അതിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ നിശബ്ദരായി പോകുകയാണ്.
സിനിമയില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്ന നടിമാര്‍ യഥാര്‍ഥ ജീവിതത്തിലും ഇന്റിമേറ്റ് ആകാന്‍ മടിയില്ലെന്നാണ് പലരുടെയും ധാരണ. സെക്സ് വേണമെന്ന് യാതൊരു മടിയുമില്ലാതെ അത്തരക്കാര്‍ സ്ത്രീകളോട് പറയുന്നു. താല്‍പര്യമില്ലെന്ന് പറയുന്ന സ്ത്രീകളോട് അങ്ങനെ ചെയ്താല്‍ കൂടുതല്‍ അവസരം വാങ്ങിത്തരാമെന്ന് ഇക്കൂട്ടര്‍ പറയുന്നു. ചില പുതുമുഖ നടിമാര്‍ ഇത്തരക്കാരുടെ കെണിയില്‍ വീഴാറുണ്ട്.
സിനിമയില്‍ വിജയിച്ചവരെ ചൂണ്ടിക്കാട്ടി ഇവരെല്ലാവരും മുന്നേറിയതും പണം സമ്പാദിച്ചതും വിട്ടുവീഴ്ച ചെയ്തിട്ടാണെന്ന് അവസരം തേടുന്നവരോട് ഇത്തരക്കാര്‍ പറയും. നടിമാര്‍ പ്രശസ്തരായത് വിട്ടുവീഴ്ച ചെയ്താണെന്ന് ഈ മേഖലയില്‍ പലരും വിശ്വസിക്കുന്നു. ഇങ്ങനെ ഒരു പ്രതിച്ഛായ സൃഷ്ടിച്ചത് സിനിമാ മേഖലയിലുള്ളവര്‍ തന്നെയാണെന്നും നടിമാര്‍ മൊഴി നല്‍കി. സിനിമയില്‍ ഉയരങ്ങളിലെത്തണമെങ്കില്‍ ഇത്തരത്തില്‍ അഡ്ജസ്റ്റുമെന്റും വിട്ടുവീഴ്ചയും വേണ്ടി വരുമെന്ന് ചിലര്‍ പറഞ്ഞതായി കമ്മിഷന് മുന്നില്‍ ഒരു നടി മൊഴി നല്‍കി.
ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരുമുണ്ടായിരിക്കാം. എന്നാല്‍ സിനിമയില്‍ എത്തുന്ന സ്ത്രീകള്‍ പൊതുവേ അവസരത്തിനായി കിടയ്ക്ക പങ്കിടാന്‍ ഇഷ്ടപ്പെടുന്നവരല്ല. അഡ്ജസ്റ്റുമെന്റുകള്‍ക്ക് തയാറാകുന്ന ചിലര്‍ സിനിമ മേഖലയിലുണ്ട്. മകള്‍ അത്തരം വിട്ടുവീഴ്ച ചെയ്യുന്നതില്‍ തെറ്റില്ലെന്നും ചിന്തിക്കുന്ന അത്തരത്തിലുള്ള സാഹചര്യത്തില്‍ കണ്ണടയ്ക്കുകയും ചെയ്യുന്ന ചില അമ്മമാരെയും തനിക്കറിയാമെന്ന് കമ്മിഷനു മുന്നില്‍ മൊഴി നല്‍കിയ ഒരു നടി പറഞ്ഞു.
മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം തന്നെ ഉപദ്രവിച്ച നടന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു നടി നല്‍കിയ മൊഴിയില്‍ പറയുന്നു. ഒരൊറ്റ ഷോട്ടില്‍ എടുത്തു തീര്‍ക്കേണ്ട ആലിംഗന രംഗം 17 റീ ടേക്കുകള്‍ വരെ പോയെന്നും സംവിധായകന്‍ തന്നെ കുറ്റപ്പെടുത്തിയെന്നും നടി മൊഴിയില്‍ പറയുന്നു.
പണത്തിന് വേണ്ടി സ്ത്രീകള്‍ എന്തും ചെയ്യുമെന്നാണ് ഇത്തരക്കാരുടെ മനോഭാവം. പ്രശ്‌നക്കാരിയാണെന്ന് ഒരു നടിയെ മുദ്രകുത്തുമ്പോള്‍ പിന്നീട് അവര്‍ക്കാര്‍ക്കും അവസരം നല്‍കുകയില്ല. അതുകൊണ്ടു തന്നെ അഭിനയം മോഹമായി കൊണ്ടുനടക്കുന്ന പല സ്ത്രീകളുടെയും പ്രതികരണം മൗനം മാത്രമായിരിക്കും. സത്യം തുറന്ന് പറയാന്‍ ഭയമാണ്.
ലൈംഗികമായി വഴങ്ങുന്നവര്‍ക്ക് മാത്രം നല്ല ഭക്ഷണം ലഭിക്കും. നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ നടിമാര്‍ക്ക് മുകളില്‍ സമ്മര്‍ദമുണ്ട്. വഴിവിട്ട കാര്യങ്ങള്‍ക്ക് സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. അതിക്രമം കാട്ടിയവരില്‍ ഉന്നതരുണ്ട്'- എന്നിങ്ങനെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായായിരുന്നു.