യുവനടന്‍ ഷെയ്ന്‍ നിഗത്തിനെതിരെയുളള വിവാദം, പ്രതികരണവുമായി നടന്‍ സലീംകുമാര്‍. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ഷെയ്ന്‍ നിഗത്തിനിവിടെ ജീവിക്കണമെന്നും സലിം കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിലര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടാവാം, എന്നാല്‍ ഈ ആരോപണം മുഴുവന്‍ പേരെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതേ കലാകാരന്മാരുടെ മുഖം പോസ്റ്ററില്‍ അടിച്ചിട്ടാണ് തീയറ്ററില്‍ ആളെക്കൂട്ടുന്നതെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ നിന്ന് വിലക്കിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം തെറ്റാണ്. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയ്ന്‍ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ വാദി പ്രതിയാകുമെന്നോര്‍ക്കണമെന്നും സലിം കുമാര്‍ കുറിച്ചു. സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യല്‍ ബോര്‍ഡ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റം ചെയ്താല്‍ ശിക്ഷിക്കാന്‍ നിയമമുണ്ട്, അത് സംഘടനകള്‍ ഏറ്റെടുക്കരുത്. നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയ്ന്‍ നിഗത്തിനുമുണ്ട്. അയാള്‍ക്ക് കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.