അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സുരാജ് വെഞ്ഞാറമ്മൂടാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി സിനിമകളിലെ പ്രകടനം കണക്കാക്കിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് മികച്ച നടന് പുരസ്‌കാരമായി ലഭിക്കുന്നത്. ഇക്കുറി 119 സിനിമകളാണ് മത്സരത്തിന് ഉണ്ടായിരുന്നത്.
എല്ലാ വര്‍ഷവും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പുരസ്‌കാര പ്രഖ്യാപനം നടത്തിയിരുന്നതാണ്. എന്നാല്‍ ഇത്തവണ കൊവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബറിലേക്ക് പ്രഖ്യാപനം നീളുകയായിരുന്നു. ചലച്ചിത്ര പുരസ്‌കാരത്തിന്റെ പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരം നടന്നിരുന്നു. മമ്മൂട്ടിയുടെ മാമാങ്കവും മോഹന്‍ലാലിന്റെ അറബിക്കടലിന്റെ സിംഹവും ഉള്‍പെടെയുള്ള ചി്ത്രങ്ങളും മത്സരത്തില്‍ മാറ്റുരച്ചിരുന്നു. മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച സുരാജിനും നടിയായ കനിക്കും അഭിനന്ദം അറിയിച്ച് മുന്‍നിര താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സുരാജിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് യുവനടന്‍ ഷെയ്ന്‍ നിഗം.
അര്‍ഹതപ്പെട്ട അംഗീകാരമാണെന്നും സുരാജ് ഏട്ടന് ആശംസകള്‍ നേരുന്നുവെന്നും നടന്‍ കുറിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷെയ്ന്‍ നിഗം പ്രിയപ്പെട്ട നടന് ആശംസ അറിയിച്ചിരിക്കുന്നത്. ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ. 'അര്‍ഹതപ്പെട്ട അംഗീകാരം. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുരാജ് ഏട്ടന് ആശംസകള്‍.. ഒത്തിരി സ്‌നേഹം അതിലേറെ സന്തോഷം.'വല്ലപ്പോഴും മാത്രമാണ് പോസ്റ്റുകളുമായി ഷെയ്ന്‍ സോഷ്യല്‍മീഡിയയില്‍ എത്തുന്നത്. അതിനാല്‍ തന്നെ ആത്മാര്‍ഥമായുള്ള ഷെയ്‌ന്റെ അഭിനന്ദനങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നുണ്ട്. നേരത്തെ പുരസ്‌കാരനേട്ടമറിഞ്ഞ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് സുരാജ് വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.