യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വലിയ തരംഗം സൃഷ്ടിച്ച ഗാനമാണ് മാരി 2 സിനിമയില റൗഡി ബേബി. ധനുഷും സായ് പല്ലവിയും പ്രഭുദേവയുടെ കൊറിയോഗ്രഫിക്ക് ചുവടുകള്‍ വച്ചപ്പോള്‍ പാട്ട് ഹിറ്റായി. പാട്ടുകൊണ്ടും ദൃശ്യങ്ങള്‍കൊണ്ടും സംഭവം ഹിറ്റായി മാറുകയായിരുന്നു. ഇപ്പോള്‍ മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കയാണ് റൗഡി ബേബി. വണ്‍ ബില്യണ്‍ വ്യൂവേര്‍സ് ആണ് പാട്ടിന് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ ഗാനം എന്ന റെക്കോര്‍ഡ് കൂടി പാട്ട് സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, ഈ സന്തോഷം നടന്‍ ധനുഷ് പങ്കുവച്ചത് ഇരട്ടി മധുരത്തോടെയാണ്. മറ്റൊരു സന്തോഷം കൂടി താരം പങ്കുവെക്കുന്നുണ്ട്. ധനുഷിന്റേതായി പുറത്തിറങ്ങിയ ത്രീ എന്ന സിനിമയിലെ ഹിറ്റ് സോങ്ങായിരുന്നു കൊലവെറി. കുട്ടികളുള്‍പ്പെടെ പാടി നടന്ന പാട്ടിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൊലവെറി സോങ്ങിന്റെ ഒന്‍പതാമത് വാര്‍ഷികത്തിലാണ് റൗഡി ബേബി വണ്‍ ബില്യണ്‍ വ്യൂവേര്‍സ് നേട്ടത്തില്‍ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ രണ്ട് സന്തോഷങ്ങളെക്കുറിച്ച് പറഞ്ഞത്.
ഇന്ത്യയില്‍ നിന്നും വന്‍ ബില്ല്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ അഞ്ചാമത്തെ വീഡിയോ കൂടിയാണ് റൗഡി ബേബി. യുവന്‍ ശങ്കര്‍രാജ സംഗീതം നിര്‍വ്വഹിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ധനുഷാണ്. ധനുഷും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്നും റൗഡി ബേബി ഗാനത്തിന് ചുവട് വയ്ക്കാത്ത സംഗീതാസ്വാദകരില്ല.