പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച്, ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച 'സുഡാനി ഫ്രം നൈജീരിയ'യുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടി റിമ കല്ലിങ്കല്‍. ഫെയ്സ് ബുക്കിലൂടെയാണ് റിമ തന്റെ നിലപാട് വ്യക്തമാക്കിയത്.രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കരുതെന്നും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും റിമ ഫെയ്സ് ബുക്കില്‍ കുറിച്ചു.
അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരമാണ് 'സുഡാനി'ക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. തനിക്കൊപ്പം ചിത്രത്തിന്റെ സഹ രചയിതാവായിരുന്ന മുഹ്‌സിന്‍ പരാരിയും ചിത്രം നിര്‍മ്മിച്ച സമീര്‍ താഹിറും ഷൈജു ഖാലിദും ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും സക്കറിയ അറിയിച്ചു.