ബോളിവുഡിന്റെ സ്റ്റൈൽ ഐക്കൺ ആണ് രൺവീർ സിങ്. അതുകൊണ്ട് തന്നെ ആരാധകരുടെ എണ്ണത്തിനും കുറവില്ല. ദീപികയുമായുള്ള വിവാഹം കഴിഞ്ഞെങ്കിലും താരത്തിന് ആരാധകരുടെ എണ്ണത്തിന് യാതൊരു കുറവുമില്ല. പൊതുപരിപാടികളിലൊക്കെ പങ്കെടുക്കാറുള്ള താരത്തിന് ചുറ്റും സെൽഫിക്കായും സ്പർശനത്തിനായും ഒക്കെ നിരവധി പേരാണ് ഓടിയെത്താറുള്ളത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് ഒരു ആരാധികയെ കാണാൻ താരം നേരിട്ട് എത്തിയ വാർത്തയാണ്.
പുതിയ ചിത്രമായ '83'യുടെ ഷൂട്ടിങ് ലണ്ടനിൽ പുരോഗമിക്കുന്നതിനിടെയാണ് ലണ്ടനിൽ താമസമാക്കിയ കിരൺ എന്ന ആരാധികയെ കാണാനായി രൺവീർ എത്തിയത്. രൺവീർ ഫാൻ പേജിന്റെ അഡ്‌മിനായ കിരൺ മൂന്ന് മാസം ഗർഭിണിയാണ്.ഷൂട്ടിങ്ങിന്റെ ഇടവേളയിൽ കിരണിനെ കാണുകയും ഒന്നര മണിക്കൂറോളം അവിടെ ചെലവിടുകയും ചെയ്തു.
'രൺവീറിനെ കണ്ടപ്പോൾ അടുക്കളയിൽ ഓടി ഒളിക്കുകയായിരുന്നു. ഭർത്താവ് വാതിൽ തുറന്നു. ഞാനെവിടെയെന്ന് തിരക്കി, അടുക്കളയിലേക്ക് നേരിട്ടെത്തി.., കെട്ടിപ്പിടിച്ചു, എന്നെയും ഭർത്താവിനെയും ആശിർവദിച്ചു..' എന്നാണ് കിരൺ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
തന്റെ സ്വപ്നം സഫലമായെന്നും രൺവീറിനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കിരൺ കുറിച്ചിട്ടുണ്ട്. 1983 ലോകകപ്പിന്റെ പശ്ചാത്തലത്തിലാണ് 83 ഒരുക്കുന്നത്. കപിൽ ദേവായാണ് രൺവീർ ചിത്രത്തിലെത്തുന്നത്. ദീപിക പദുക്കോണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.