Latest News

രഞ്ജിത്ത് അന്ന് യുവതിയെ വിളിച്ചിരുന്നു; ബോബി കുര്യനേയും ശാലിനിയേയും വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന് സൂചന; ഫോണിലെ ഫോറന്‍സിക് പരിശോധന നിര്‍ണ്ണായകമാകും; രഞ്ജിത്തിനെതിരെ സെറ്റിലുള്ളവര്‍ മൊഴി നല്‍കുമോ? രഞ്ജിത്ത് കേസില്‍ പോലീസിന് വെല്ലുവിളികള്‍ ഏറെ

Malayalilife
 രഞ്ജിത്ത് അന്ന് യുവതിയെ വിളിച്ചിരുന്നു; ബോബി കുര്യനേയും ശാലിനിയേയും വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന് സൂചന; ഫോണിലെ ഫോറന്‍സിക് പരിശോധന നിര്‍ണ്ണായകമാകും; രഞ്ജിത്തിനെതിരെ സെറ്റിലുള്ളവര്‍ മൊഴി നല്‍കുമോ? രഞ്ജിത്ത് കേസില്‍ പോലീസിന് വെല്ലുവിളികള്‍ ഏറെ

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിസിപി അശ്വതി ജിജി. സംഭവദിവസം തന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ലെന്നും ഡിസിപി വ്യക്തമാക്കി. പരാതി നല്‍കാന്‍ വൈകിയതില്‍ അസ്വാഭാവികതയില്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. കേസുമായി ബന്ധപ്പെട്ട് ബോബി കുര്യന്‍, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഡിസിപി അറിയിച്ചു. 

 അതേസമയം, അന്വേഷണത്തില്‍ പോലീസിന് തിരിച്ചടിയാകുന്ന ചില ഘടകങ്ങളും പുറത്തുവരുന്നുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. കാരവാന് പുറത്തുള്ള സിസിടിവിയില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് ഡിസിപി വ്യക്തമാക്കിയത്. നടി കാരവനില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ ലഭിക്കുമെന്ന പോലീസിന്റെ പ്രതീക്ഷ ഇതോടെ മങ്ങി. കാരവന്റെ ഉള്ളില്‍ സിസിടിവി ഇല്ലാത്തതും നേരിട്ടുള്ള സാക്ഷിമൊഴികളുടെ അഭാവവും പ്രോസിക്യൂഷന് വെല്ലുവിളിയാകും.

സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന കാരവന്‍ ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും തനിക്ക് ഒന്നുമറിയില്ലെന്ന നിലപാടിലാണ് അദ്ദേഹം. കുറ്റസമ്മതം നടത്താന്‍ രഞ്ജിത്ത് തയ്യാറാകാത്തതും പോലീസിനെ പ്രതിസന്ധിയിലാക്കുന്നു. പരാതി വ്യാജമാണെന്ന നിലപാടില്‍ രഞ്ജിത്ത് ഉറച്ചുനില്‍ക്കുകയാണ്. ഫോര്‍ട്ട് കൊച്ചി ആസ്പിന്‍ വാള്‍, എ.ആര്‍ ക്യാമ്പിലുള്ള കാരവന്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്. രഞ്ജിത്തിന്റെ മൊബൈല്‍ ഫോണ്‍ നിലവില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിലെ ഡിജിറ്റല്‍ തെളിവുകളിലാണ് ഇപ്പോള്‍ പോലീസിന്റെ ഏക പ്രതീക്ഷ. എന്നാല്‍ ഫോണില്‍ നിന്ന് നേരിട്ടുള്ള തെളിവുകള്‍ ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

സിനിമ സെറ്റിലെ മറ്റംഗങ്ങള്‍ പ്രമുഖ സംവിധായകനായ രഞ്ജിത്തിനെതിരെ മൊഴി നല്‍കാന്‍ മടിക്കുന്നത് അന്വേഷണത്തെ കാര്യമായി ബാധിച്ചേക്കാം. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രഞ്ജിത്തിന്റെ കസ്റ്റഡി പോലീസ് അവസാനിപ്പിച്ചിരുന്നു. നിലവില്‍ എറണാകുളം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. ഫോറന്‍സിക് പരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ കേസിന്റെ ഭാവിയില്‍ കൂടുതല്‍ വ്യക്തത വരും. ഡിജിറ്റല്‍ തെളിവുകളുടെ അഭാവത്തില്‍ സാക്ഷിമൊഴികള്‍ മാത്രം ആധാരമാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നത് കോടതിയില്‍ എത്രത്തോളം നിലനില്‍ക്കുമെന്ന ആശങ്കയും അന്വേഷണസംഘത്തിനുണ്ട്.

Read more topics: # രഞ്ജിത്ത്
ranjith sexual assault case dcp statement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES