15 വര്‍ഷം മുമ്പ് മമ്മൂട്ടി ബിബിസിക്ക് നല്‍കിയ ഇന്റര്‍വ്യൂ ആണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കരണ്‍ താപ്പര്‍ മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്യുന്ന ആ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇന്റര്‍വ്യു കണ്ട പലരും മമ്മൂട്ടിയുടെ ഇംഗ്ലീഷ് ഭാഷയെയും പുകഴ്ത്തുന്നുണ്ട്.
പരിപാടിയുടെ തുടക്കത്തില്‍ തന്നെ മമ്മൂട്ടിയുടെ പേരിനെ കുറിച്ചായിരുന്നു അവതാരകന് അറിണ്ടേിയിരുന്നത്. എന്നാല്‍ മമ്മൂട്ടി എന്നത് തന്റെ യഥാര്‍ത്ഥ പേര് അല്ലെന്ന് താരം പറഞ്ഞു. കോളേജില്‍ ചേരുന്നതിന് മുമ്പ് വരെ തന്നെ ആരും അങ്ങനെ വിളിച്ചിരുന്നുമില്ല. മുഹമ്മദ് കുട്ടി എന്നായിരുന്നു പേര്. അത് മുത്തച്ഛന്റെ പേരാണ്. തനിക്കും അത് തന്നെ ലഭിച്ചു. മുഹമ്മദ് കുട്ടി എന്ന് വേഗത്തില്‍ പറഞ്ഞ് അത് മമ്മൂട്ടിയായെന്നും. അല്ലാതെ സിനിമയ്ക്ക് വേണ്ടി മാറ്റിയതല്ലെന്നുമുള്ള മറുപടിയാണ് മമ്മൂട്ടി അവതാരകന് നല്‍കിയത്.
കൂട്ടത്തില്‍ മമ്മൂട്ടിയുടെ കുടുംബ കാര്യങ്ങളെ കുറിച്ചും സംസാരിക്കുന്നുണ്ട്. 6 മക്കളില്‍ മൂത്തയാളാണ് മമ്മൂട്ടി. രണ്ട് അനിയന്മാരും മൂന്ന് അനിയത്തിമാരും. സഹോദരങ്ങള്‍ക്കൊക്കെ തന്നെക്കുറിച്ച് അഭിമാനമേയുള്ളൂവെന്നും ഇന്റര്‍വ്യൂവില്‍ താരം പറയുന്നുണ്ട്.
പിന്നീട് അവതാരകന് അറിയേണ്ടിയിരുന്നത് മമ്മൂട്ടി എന്ന നടന്‍ എങ്ങനെ സിനിമയില്‍ വന്നു. അഭിനയ രംഗത്തേയ്ക്ക് കടന്നുവരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായിരുന്നു എന്നൊക്കെയാണ്. അതിനും താരം മറുപടി നല്‍കുന്നുണ്ട്. ആദ്യമായി കണ്ട സിനിമയിലെ നായകനെ ഓര്‍ക്കുന്നുണ്ട് എന്നാല്‍ അത് ഏത് നായകനാണെന്ന് അറിയില്ല. എംജിആര്‍ അല്ലെങ്കില്‍ വേറെ ആരെങ്കിലും ആകാനാണ് സാധ്യത. നായികയെ രക്ഷിക്കാന്‍ നായകന്‍ കുതിരപ്പുറത്ത് പോകുന്ന ഒരു സീന്‍ ആയിരുന്നു അത്. അദ്ദേഹം ടൈ ധരിച്ചിട്ടുണ്ട്. നായകന്‍ കുതിരപ്പുറത്ത് പോകുന്ന സമയം ടൈ ഇങ്ങനെ കാറ്റില്‍ പറക്കുന്നുണ്ട്. ആ ചിത്രം മനസ്സില്‍ പതിഞ്ഞു. അന്ന് ഞാന്‍ തീരുമാനിച്ചു ഞാനും അതുപോലെയുള്ള നായകനാകുമെന്ന്. പക്ഷെ ഇതുവരെയും ഞാന്‍ അതുപോലെ ഒരു വേഷം ചെയ്തിട്ടുണ്ടോയെന്ന് ഓര്‍ക്കുന്നില്ല. ചെറുപ്പത്തില്‍ തോന്നിയതാണ് പക്ഷെ അത് എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് വിശ്വാസമുണ്ടെക്കിലും ഇതുവരെയും സാധിച്ചിട്ടില്ലയെന്നുമാണ് അന്ന് മമ്മൂട്ടി പറഞ്ഞത്.
ആദ്യ സിനിമയിലെ രസകരമായ അനുഭവങ്ങളും മമ്മൂട്ടി അവതാരകനുമായ് പങ്കുവെക്കുന്നുണ്ട്. അനുഭവങ്ങള്‍ പാളിച്ചകളായിരുന്നു മമ്മൂട്ടിയുടെ ആദ്യ സിനിമ. സിനിമയുടെ ഷൂട്ടിങ്ങ് കാണാന്‍ പോയതായിരുന്നു.അവിടെ ചെന്നപ്പോള്‍ സിനിമയുടെ ഡയറക്ടര്‍ സേതുമാധവനോട് എനിക്ക് ഒരു അവസരം തരുമോ എന്ന് ചോദിച്ചു, സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍.. അങ്ങനെ അദ്ദേഹം തന്നോട് വരാന്‍ പറഞ്ഞു. ആദ്യമായി അഭിനയിക്കുന്നത് കൊണ്ടുതന്നെ ലൈറ്റിന് നേരെ നില്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എനിക്ക് കണ്ണ് തുറക്കാന്‍ കഴിയുന്നില്ലായിരുന്നു. അതുകൊണ്ട് മുഖഭാവം മാറിയിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു ഇങ്ങനെയല്ല അഭിനയിക്കേണ്ടതെന്ന്. ഞാന്‍ അഭിനയിക്കുകയാണെന്നാണ് അദ്ദേഹം കരുതിയിരുന്നത്. കാരണം അത് ഇമോഷണല്‍ സീന്‍ ആയിരുന്നു. സത്യത്തില്‍ ഞാന്‍ അത് അഭിനയിച്ചതല്ല. എന്നാല്‍ സിനിമ പുറത്തിറങ്ങി കഴിഞ്ഞപ്പോള്‍ നാട്ടിലെ താരമായിരുന്നു താനെന്നും താരം പറയുന്നു. യാദൃശ്ചികമായിട്ടാണ് സിനിമയില്‍ അവസരം കിട്ടിയത് . എന്നാല്‍ പിന്നീടും അവസരങ്ങള്‍ക്ക് വേണ്ടി അലഞ്ഞു. ഓരോ തവണ കിട്ടാതെയാകുമ്പോഴും അവസരം നോക്കി അടുത്ത സംവിധായകന്റെ അടുത്ത് സമീപിച്ചിരുന്നെന്നും താരം പറയുന്നു.
നടക്കാതെ പോയ സിനിമയെക്കുറിച്ചും താരം പറയുന്നുണ്ട്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിന് ശേഷം കുറെ നാളുകള്‍ക്ക് ശേഷമാണ് ദേവലോകം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ലോ പഠിക്കുന്ന സമയമായിരുന്നു ദേവലോകത്തിന്റെ ചിത്രീകരണം. ജനശക്തി ഫിലിംസ് നിര്‍മിച്ച് എം.ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. പക്ഷെ സിനിമ പാതിവഴിയില്‍ നിന്ന് പോയി. പിന്നീടാണ് എം.ടിയുടെ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. അതിന് ശേഷം കെ.ടി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന സിനിമയില്‍ അഭിനയിച്ചു യഥാര്‍ത്ഥത്തില്‍ ഒരു ഫ്‌ളോപ്പായിരുന്നു അത്. പക്ഷെ ആ സിനിമയിലാണ് ഒരു നായകനു വേണ്ട എല്ലാം ലഭിച്ചത്. സര്‍ക്കസിലെ സാഹസികനായ ഒരു മോട്ടോര്‍ ബൈക്ക് റൈഡറുടെ വേഷമായിരുന്ന. ഒരു നായകന്‍ എന്ന തലത്തിലേക്ക് ഉയര്‍ത്തി ആ സിനിമ.
മേള എന്ന സിനിമയ്ക്ക് ശേഷം 3 വര്‍ഷം കഴിഞ്ഞ് വിശ്വംഭരന്‍ സംവിധാനം ചെയ്ത സിനിമ ഹിറ്റായി. ഞാന്‍ അതില്‍ വക്കീല്‍ ആയിട്ടാണ് എത്തിയത്. കരിയറിന്റെ തുടക്കത്തില്‍ 1981 ല്‍ സഹനടനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് കിട്ടി. 1983, 84, 85 ല്‍ തുടര്‍ച്ചയായി അവാര്‍ഡ് ലഭിച്ചു.
ജോഷിയുമായുള്ള കൂട്ടിനെ കുറിച്ചും അവതാരകന്‍ ചോദിക്കുന്നുണ്ട്. സംവിധായകന്‍ ജോഷിയോടൊപ്പം കുറെ നല്ല സിനിമകള്‍ ചെയ്യാന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ആദ്യ സിനിമ ആ രാത്രിയുടെ ഷൂട്ടിങ്ങ് സമയം തിരക്കിലായതിനാല്‍ തന്നെ രാവിലെയും രാത്രിയുമെല്ലാം നിരന്തരമായി ഷൂട്ടിങ്ങ് തന്നെയായിരുന്നു . അതുകൊണ്ട് തന്നെ ഒരു ദിവസം ഷൂട്ടിങ്ങ് സമയം ആക്ഷന്‍ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ നിന്ന് ഉറങ്ങിപോയി. അദ്ദേഹം പാക്കപ്പ് പറഞ്ഞ് പോയി. പിന്നെ ഞാന്‍ എഴുന്നേറ്റ് കഴിഞ്ഞ് ക്ഷമയും ചോദിച്ചു. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് മമ്മൂട്ടി പറഞ്ഞ മറുപടി.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ ഉണ്ടായ താഴ്ച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തതാണ് കാരണം എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഗൃഹനാഥന്‍, ബിസിനസ് മാന്‍ അതുപോലെയുള്ള കഥാപാത്രങ്ങള്‍ കരിയറില്‍ ആവര്‍ത്തിച്ചു പ്രേക്ഷകര്‍ അത് സ്വീകരിച്ചില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിയറിലെ ആ ഒരു താഴ്ച്ചയ്ക്ക് ശേഷം തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലായിരുന്നു. അങ്ങനെ ജോഷിയോടൊപ്പം സിനിമ ചെയ്യാന്‍ വീണ്ടും ഒരു അവസരം ലഭിച്ചു. അതാണ് ന്യൂ ഡല്‍ഹി എന്ന സിനിമ. നടനെന്ന നിലയില്‍ അതൊരു പുതിയ തുടക്കമായിരുന്നു.
നടന്‍ എന്ന നിലയില്‍ കരിയറിലേക്ക് തിരിഞ്ഞു നോക്കേണ്ടത് അത്യാവശ്യമാണെന്നാണ് മമ്മൂട്ടിയുടെ അഭിപ്രായം. നമ്മളെ കൊണ്ട് എന്തൊക്ക ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് അറിഞ്ഞ് തെറ്റുകള്‍ തിരുത്താന്‍ കഴിയും. പിന്നീട് നടന്‍ എന്ന നിലയില്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് സ്വയം വിലയിരുത്താന്‍ കഴിയുമെന്നും മമ്മൂട്ടി പറയുന്നു.
ഒരോ സിനിമയും മമ്മൂട്ടി എന്ന നടന്‍ കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയോടെ തന്നെ വളരെ വ്യത്യസ്തമായാണ് എന്ന ചോദ്യത്തിന്, പുതിയതായി ഒരോ സിനിമ ചെയ്യുമ്പോഴും അത് തന്റെ ആദ്യ സിനിമയാണെന്ന് കരുതും, അതിനനുസരിച്ച് കൂടുതല്‍ നന്നായി അഭിയിക്കാന്‍ ശ്രമിക്കുമെന്ന് താരം മറുപടി നല്‍കി. സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയില്‍ ഉത്തവാദിത്തങ്ങള്‍ കൂടുകയാണെന്നും. നടന്‍ എന്ന രീതിയില്‍ സ്വന്തം സുരക്ഷയും കൂടാതെ പ്രൊഡ്യൂസറുടെ സുരക്ഷകൂടി നോക്കണം എന്ന രണ്ട് ഉത്തരവാദിത്തങ്ങള്‍ സൂപ്പര്‍സ്റ്റാര്‍ ആയതോടെ എത്തിയെന്ന് മമ്മൂട്ടി പറയുന്നു.
എന്നാല്‍ 85.,86 കാലഘട്ടം തന്നെ സംബന്ധിച്ച് വളരെ മോശമായ കാലമായിരുന്നുവെന്നാണ് താരം ഇന്റര്‍വ്യൂവില്‍ പറയുന്നത്. ഇനി നല്ലൊരു വേഷം അല്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലയെന്ന് കരുതിയിരുന്നു. പക്ഷെ അതൊരു അനുഭവമായിരുന്നു. ആ അനുഭവങ്ങള്‍ തന്നെ കൂടൂതല്‍ മെച്ചപ്പെടാന്‍ സഹായിച്ചു. അതില്‍ താന്‍ കുറച്ച് സന്തോഷിക്കുന്നുവെന്നും മമ്മൂട്ടി പറയുന്നു. ഈ ഒരു രംഗത്ത് കുറെയെല്ലാം കേള്‍ക്കേണ്ടിവരും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും എന്നാല്‍ അത് ഒന്നും കാര്യമാക്കേണ്ട ആവശ്യമില്ല. സിനിമകള്‍ ചെയ്യുന്നത് ഒരു പരീക്ഷണമാണ് അങ്ങനെയുള്ള പരീക്ഷണങ്ങള്‍ വിജയിക്കുകയും ചെയ്യാം. ചിലതെല്ലാം കളയേണ്ടേ എന്തെങ്കിലും പുതിയതായി ചെയ്യാനെന്നും അദ്ദേഹം പറയുന്നുണ്ട്. 2000 മുതല്‍ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് മമ്മൂട്ടിക്ക് എന്ന് സംസാരത്തിനിടയില്‍ അവതാരകന്‍ കരണ്‍ താപ്പര്‍ പറയുന്നുമുണ്ട്.
അതേസമയം താന്‍ ഒരു സ്റ്റാര്‍ ആണെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും അങ്ങനെ പെരിമാറിയട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ താന്‍ വിനയവും മര്യാദയും ഉള്ള ആളാണെന്ന് വിശ്വസിക്കുന്നില്ലയെന്നതാണ് താരം പറഞ്ഞ മറ്റൊരു കാര്യം. മറിച്ച് താനൊരു അഹങ്കാരിയാണെന്ന് വിശ്വസിക്കുന്നു പക്ഷെ എന്തൊക്കെയായാലും അഭിനയം എന്റെ പാഷനാണ്. വളരെ ഇഷ്ടമാണ് അഭിനയിക്കാനെന്നും മമ്മൂട്ടി പറയുന്നുണ്ട്. എന്നാല്‍ ഇപ്പോഴും താന്‍ തൃപ്തനല്ല. ഇനിയും നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും താരം പറഞ്ഞു.
ഒരു നടനെ സംബന്ധിച്ചിടത്തോളം എത്രത്തോളം പരിശീലനം ചെയ്യുന്നോ അത്രത്തോളം അഭിനയത്തില്‍ വളര്‍ച്ചയുണ്ടാകും. തന്നെയും അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അഭിനയം പഠിക്കാന്‍ ഡ്രാമ സ്‌ക്കൂള്‍,ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ളതൊന്നും ആവശ്യമില്ലെന്നും. ഒരു നടന് വേണ്ട ഏറ്റവും വലിയ കഴിവാണ് അല്ലെങ്കില്‍ ഗുണമാണ് നിരീക്ഷിക്കാനുളള കഴിവ്. നല്ലൊരു നടനെ രൂപപ്പെടുത്താന്‍ അത് ഒരുപാട് ഉപകാരപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.
പ്രേക്ഷകര്‍ മമ്മൂട്ടി എന്ന അഭിനേതാവിന്റെ അഭിനയത്തിലെ തീവ്രതയെക്കുറിച്ചാണ് പറയാറുള്ളതെന്ന ചോദ്യത്തിന് കഥാപാത്രത്തെ എത്രത്തോളം ഉള്‍ക്കൊള്ളുന്നുവോ അതിന് അനുസരിച്ച് അഭിനയിക്കുന്നതില്‍ തീവ്രതയുണ്ടാകുന്നുവെന്നായിരുന്നു മമ്മൂട്ടി മറുപടി നല്‍കിയത്.
സംവിധായകന്‍ ആക്ഷന്‍ പറയുമ്പോള്‍ ഏതൊരു അഭിനേതാവും അഭിനയിച്ച് തുടങ്ങും. അതിപ്പോള്‍ സഹനടനാണോ പ്രധാന നടനാണോ എന്നൊന്നുമുള്ള വേര്‍തിരിവ് ഇല്ല അതില്‍. ഡയലോഗ് മാത്രമേ പറഞ്ഞ് തരുകയുള്ളു. പിന്നീട് ഉള്ളത് അഭിനേതാവിന്റെ കൈയ്യിലാണ്. അതായത് എങ്ങനെയാണ് ആ ഡയലോഗ് പറയേണ്ടത്, മുഖഭാവങ്ങള്‍ എങ്ങനെയായിരിക്കണം, എവിടേക്ക് നോക്കണം, എവിടേക്ക് നടക്കണം , എന്ത് വികാരമാണ് കൊടുക്കേണ്ടത് എന്നെല്ലാം അഭിനേതാവ് തന്നെ തീരുമാനിക്കണം. അത് ആരും പറഞ്ഞ് തരില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ആദ്യമായി സംഘട്ടന രംഗത്തില്‍ അഭിനയിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളില്‍ വിറക്കുകയായിരുന്നുവെന്നും എന്നാല്‍ സംവിധായകന് മുന്നില്‍ കാണിക്കാന്‍ വേണ്ടി നല്ല ധൈര്യം അഭിനയിച്ചുവെന്നുമാണ് മമ്മൂട്ടിയുടെ ആദ്യ സംഘട്ടനത്തിനെക്കുറിച്ചുള്ള അനുഭവം ചോദിച്ചപ്പോള്‍ പറഞ്ഞത്.
അഭിനയം രണ്ട് തരത്തില്‍ ഉണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്. ഒന്ന് കഥാപാത്രത്തെ നമ്മിലേക്ക് കൊണ്ടുവരിക. അല്ലെങ്കില്‍ നമ്മള്‍ കഥാപാത്രത്തിലേക്ക് പോവുക. ഉദാഹരണം ഒരു പോലീസ് ഉദ്യോഗസ്ഥനാണെങ്കില്‍ ആ കഥാപാത്രത്തെ നമ്മിലേക്ക് കൊണ്ടുവരിക. മറിച്ച് ഒരു വൈകല്യമുള്ള കഥാപാത്രമാണെങ്കില്‍ നമ്മള്‍ കഥാപാത്രത്തിലേക്ക് പോകുന്നതാണ് നല്ലത്. അതായത് അവരെ പോലെ നടക്കുക, സംസാരിക്കുക, അങ്ങനെയൊക്കെ. ഞാന്‍ തിരഞ്ഞെടുക്കുന്നത് രണ്ടാമത്തെ രീതിയാണ്. കഥാപാത്രത്തിലേക്ക് പോകുക എന്നത്. അപ്പോള്‍ ആ കഥാപാത്രമായി ജീവിക്കാം. അവരെ പോലെ ചെയ്യാം. പക്ഷെ അത് ആക്ഷനും കട്ടിനും ഇടയില്‍ മാത്രമേ പാടുള്ളൂ. ആക്ഷനും കട്ടിനുമിടയില്‍ കഥാപാത്രത്തില്‍ നിന്നും ഊരിപ്പോരാന്‍ സാധിക്കണം അല്ലെങ്കില്‍ ജീവീതം നഷ്ടമാകുമെന്നും താരം പറയുന്നുണ്ട്.
മമ്മൂട്ടിയുടെ ഡാന്‍സിനെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടിയാണ് താരം പറഞ്ഞത്. തനിക്ക് ഡാന്‍സ് ഇഷ്ടമാണ്, കാണുന്നത് ഇഷ്ടമാണ്, പക്ഷെ എനിക്ക് ഡാന്‍സ് ചെയ്യാന്‍ അറിയില്ല. അതിനുള്ള ധൈര്യം തനിക്കില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്. അതുപോലെ തന്നെ തനിക്ക് കോമഡി കഥാപാത്രം അവതരിപ്പിക്കാന്‍ കഴിയില്ലെന്നും. എന്നാല്‍ തന്റെ സീരിയസ് കഥാപാത്രങ്ങള്‍ പറയുന്ന കോമഡികള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും മമ്മൂട്ടി പറയുന്നു.
അതേസമയം മുഴുവനായുള്ള ഒരു കോമഡി കഥാപാത്രം ചെയ്യാന്‍ കഴിയില്ലെന്ന് മമ്മൂട്ടി അവതാരകനോട് പറയുന്നുണ്ട്. എന്നാല്‍ പില്‍കാലത്ത് തുറുപ്പുഗുലാന്‍ ഉള്‍പെടെയുള്ള ചില സിനിമകളില്‍ മമ്മൂട്ടി കോമഡി ചെയ്തു എന്നതാണ് വാസ്തവം. ഇതൊക്കെ അതിമനോഹരവുമായിരുന്നു.
വളരെയധികം ചലഞ്ചിങ്ങ് ആയിട്ടുള്ളതായിരുന്നു അന്യഭാഷാ സിനിമകളില്‍ ഡബ് ചെയ്യുകയെന്നതെന്ന് മമ്മൂട്ടി പറയുന്നു. കാരണം ആദ്യമൊന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അത്ര അറിയില്ലായിരുന്നുവെന്നും പരിശീലനത്തിന് ശേഷമാണ് നന്നായി സംസാരിക്കാനായതെന്നുമാണ് തന്റെ ഇംഗ്ലീഷ് സംസാരിക്കുന്ന കഴിവിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച അഭിനയം കാഴ്ച്ചവെച്ച സിനിമ മമ്മൂട്ടിക്ക് മൂന്നാമത്തെ ദേശീയ അവാര്‍ഡ് വാങ്ങിക്കൊടുത്ത ചിത്രമായിരുന്നില്ലെ എന്ന ചോദ്യത്തിന് . ആദ്യം തനിക്ക് അംബേദ്ക്കര്‍ ആകാന്‍ കഴിയില്ല എന്ന് വിശ്വസിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ തന്നെ മേക്ക്അപ്പ് ചെയ്ത് അങ്ങനെയാക്കിയെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. മാത്രമല്ല അംബേദ്ക്കറിന്റെ ചിത്രീകരണത്തെക്കുറിച്ച് വിശദീകരിക്കാന്‍ കഴിയില്ലെന്നും അത്രയും നല്ലൊരു അനുഭവമാണ് മാത്രമല്ല അത്രത്തോളം ആ ചിത്രം സ്വാധീനിച്ചെന്നും മമ്മൂട്ടി പറയുന്നു. ആ കഥാപാത്രം ചെയ്തതിനുള്ള എല്ലാ അഭിനന്ദനങ്ങളും അംബേദ്ക്കറാണ് അര്‍ഹിക്കുന്നതെന്നും. ആളുകള്‍ മമ്മൂട്ടിയെ അല്ല അവിടെ കണ്ടത് അംബേദ്ക്കറെയാണെന്നും താരം പറയുന്നു.
എന്തായാലും താരത്തിന്റെ ബിബിസിക്ക് കൊടുത്ത ഇന്റര്‍വ്യൂവിന് നിരവധി കമന്റുകളാണ് താരത്തെ പിന്തുണച്ചുകൊണ്ട് എത്തുന്നത്.