മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് എസ്തർ അനിൽ. ബാലതാരമായാണ് എസ്തർ അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ എസ്തറിന്റെ വീട്ടിൽ നിന്നും വരുന്ന ഒരു വിശേഷമാണ് സോഷ്യൽ മീഡിയ പ്രേമികളെ കൗതുകമുണർത്തുന്നത്.
സാധാരണയായി ഏലയ്ക്കായ ഉണ്ടാകുന്നത് ഏലച്ചെടിയുടെ താഴെ വേരിനോട് ചേര്‍ന്നാണ് എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ യുവനടി എസ്തര്‍ അനിലിന്റെ വയനാട്ടിലെ വീട്ടില്‍ നട്ട ഏലച്ചെടിയില്‍ ഏലയ്ക്ക കായ്ച്ചത് പതിവ് തെറ്റിച്ചിരിക്കുകയാണ്. ഇത്തവണ ഏലയ്ക്കകളുണ്ടായത് ഇലയുടെ അഗ്രഭാഗത്തായി തണ്ടിലാണ്.
ഈ വിധത്തില്‍ അപൂര്‍വമായി തണ്ടില്‍ ഏലയ്ക്ക കായ്ച്ചത് എങ്ങനെയെന്ന് തനിക്കുമറിയില്ലെന്ന് അനില്‍ പറയുന്നു. ഇതാരോ കൃത്രിമമായി തണ്ടിന്റെ അഗ്രത്തായി പൂക്കള്‍ വന്നപ്പോള്‍ അവിടെ വച്ചതാണോ എന്ന് പോലും സംശയിച്ചു. കായ്കള്‍ പക്ഷേ കുറച്ച് നാളുകള്‍ക്ക് ശേഷം വന്നപ്പോഴാണ് അങ്ങനെയല്ലെന്ന് മനസിലായത്. ഈ ചിത്രങ്ങള്‍ വയനാട്ടിലെ ചില ഏലം കര്‍ഷകരുമായി പങ്കുവച്ചപ്പോള്‍ ഇത് വളരെ അപൂര്‍വമായ സംഭവമാണെന്ന് അവര്‍ പറഞ്ഞെന്നും എസ്തർ വെളിപ്പെടുത്തി.