Latest News

ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനങ്ങള്‍ ഒന്നുമില്ലെന്നറിഞ്ഞ നിമിഷം; മരണത്തെ മുഖാമുഖം കാണേണ്ടി വന്നത് നാല് തവണ; ജീവനക്കാരന്‍ ഒഴിഞ്ഞ് സീറ്റിലിരുന്ന് കൊച്ചിയിലെത്തി; കൈനിറയെ മല്ലിപ്പൂക്കളുമായി ശ്രീനിവാസനെ കാണാന്‍ ചെന്നൈയില്‍ നിന്നും പാര്‍ത്ഥിപന്‍ ഓടിയെത്തിയത് ഇങ്ങനെ

Malayalilife
ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനങ്ങള്‍ ഒന്നുമില്ലെന്നറിഞ്ഞ നിമിഷം; മരണത്തെ മുഖാമുഖം കാണേണ്ടി വന്നത് നാല് തവണ; ജീവനക്കാരന്‍ ഒഴിഞ്ഞ് സീറ്റിലിരുന്ന് കൊച്ചിയിലെത്തി; കൈനിറയെ മല്ലിപ്പൂക്കളുമായി ശ്രീനിവാസനെ കാണാന്‍ ചെന്നൈയില്‍ നിന്നും പാര്‍ത്ഥിപന്‍ ഓടിയെത്തിയത് ഇങ്ങനെ

 പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കാണാന്‍ തമിഴ് നടന്‍ പാര്‍ത്ഥിപന്‍ നടത്തിയ സമാനതകളില്ലാത്ത ഒരു യാത്രയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. ശ്രീനിയെ ഒരു നോക്ക് കണ്ട് യാത്ര പറയാനായി താന്‍ താണ്ടിയ ദൂരത്തേയും സാഹസികമായ യാത്രയെക്കുറിച്ചും പാര്‍ത്ഥിപന്‍ തന്നെയാണ് പങ്ക് വച്ചത്.നാല് തവണ അപകടമുണ്ടാകുന്നതില്‍ നിന്നും രക്ഷപ്പെട്ടാണ് താന്‍ എയര്‍പോര്‍ട്ടിലെത്തിയതെന്നാണ് പാര്‍ത്ഥിപന്‍ പറയുന്നത്.

വിമാനത്തില്‍ സീറ്റുകളൊന്നും ലഭ്യമായിരുന്നില്ല. ഒടുവില്‍ സ്റ്റാഫ് പിന്മാറിയപ്പോള്‍ ആ സീറ്റാണ് പാര്‍ത്ഥിപന് ലഭിച്ചത്. ശ്രീനിയുടെ വീട്ടിലെത്തിയപ്പോഴും തന്നെയാരും ശ്രദ്ധിക്കില്ലെന്നായിരുന്നു പാര്‍ത്ഥിപന്‍ കരുതിയതും ആഗ്രഹിച്ചതും. എന്നാല്‍ സംവിധായകന്‍ രാജേഷ് അദ്ദേഹത്തെ തിരിച്ചറിഞ്ഞു. രാജേഷ് തനിക്ക് അയച്ച മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു പാര്‍ത്ഥിപന്‍ തന്റെ യാത്രയെക്കുറിച്ച് വിവരിച്ചത്. ആ വാക്കുകളിലേക്ക്:

ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള എന്റെ യാത്ര എത്രത്തോളം തീവ്രമായിരുന്നുവെന്ന് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. വൈകിട്ട് 7.55 ന് ഞാന്‍ ബെന്‍സുമെടുത്തിറങ്ങി. ഞാന്‍ തന്നെയാണ് ഡ്രൈവ് ചെയ്തത്. രാത്രി 8.40ന് ഞാന്‍ വിമാനത്താവളത്തിലെത്തി. യാത്രാമധ്യേ നാല് വ്യത്യസ്തമായ ഇടങ്ങളില്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടായിരുന്നു. ഒറ്റയ്ക്കായിരുന്നു എന്റെ യാത്ര


8.50 നായിരുന്നു ഫ്ളൈറ്റ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. എയര്‍പോര്‍ട്ടിലെത്തിയെങ്കിലും സീറ്റുകളൊന്നും ഉണ്ടായിരുന്നില്ല. പകുതി കാര്യമായും പകുതി കളിയായും പൈലറ്റിന്റെ സീറ്റാണെങ്കിലും തരൂ എന്ന് ഞാന്‍ ഇന്‍ഡിഗോയിലെ സീനിയര്‍ മാനേജരോട് പറഞ്ഞു. ഒടുവില്‍ 9.25ന് ഒരു സ്റ്റാഫ് തിരിച്ചിറങ്ങി. അങ്ങനെ ആ സീറ്റ് എനിക്ക് തന്നു. അത് സാധ്യമാക്കി തന്ന സീനിയര്‍ മാനേജരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.

രാത്രി പതിനൊന്ന് മണിയ്ക്കാണ് ഞാന്‍ കൊച്ചിയിലെത്തിയത്. എവിടെ തങ്ങുമെന്ന് അറിയില്ല. ഒടുവില്‍ ശ്രീനിവാസന്‍ സാറിന്റെ വീടിന്റെ അടുത്തായി തരക്കേടില്ലാത്തൊരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ കണ്ടെത്തി. ഇന്ന് ഞാന്‍ ദുബായിലെത്തേണ്ടതായിരുന്നു. ആ ഫ്ളൈറ്റ് ക്യാന്‍സലാക്കി. ഹോട്ടലും ക്യാന്‍സലാക്കിയിരുന്നു. എവിടെ നിന്നാണെങ്കിലും എന്റെ അനുശോചനം രേഖപ്പെടുത്താനാകുമായിരുന്നു. എന്നിട്ടും എന്തോ ഒന്ന് എന്നെ ഇങ്ങോട്ടേക്ക് വലിച്ചടുപ്പിച്ചു.

അവിടെ നിന്നും ഇവിടെ വരെയുള്ള ദൂരം ഞാന്‍ എന്തിന് താണ്ടിയെന്ന് ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. എന്തോ ഒന്ന് എന്റെ ഉള്ളിന്റെയുള്ളില്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ഒരു ഭാഗത്ത് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലുള്ള ഇതിഹാസങ്ങള്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ ധാരാളം സമ്പത്ത് കണ്ടിട്ടുണ്ട്. എന്റെ മുമ്പില്‍ കണ്ടത് പണമായിരുന്നില്ല. പരിശുദ്ധമായൊരു ആത്മാവും, അത്യന്തം ബഹുമാനം അര്‍ക്കുന്നൊരു പ്രതിഭയായിരുന്നു.

എന്റെ പ്രിയ കൂട്ടുകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഞാന്‍ മുല്ലപ്പൂക്കള്‍ കയ്യില്‍ കരുതിയിരുന്നു. എന്നെ ആരും തിരിച്ചറിയില്ലെന്ന് അറിയാമായിരുന്നു. ഒരിക്കലും അതായിരുന്നില്ല ലക്ഷ്യവും. പ്രപഞ്ചത്തിന് എല്ലാം കാണാനാകും എന്നതായിരുന്നു എനിക്ക് പ്രധാനം. പരിപൂര്‍ണ സത്യസന്ധതയോടെ ഒരു കാര്യം ചെയ്താല്‍ അത് എത്തേണ്ടിടത്ത് എത്തും. ആ സൗഹൃദത്തിലേക്ക്. പ്രപഞ്ചം മാത്രമാണ് സാക്ഷിയെങ്കിലും.

എന്റെ സാന്നിധ്യം ആരും അറിയില്ലെന്നാണ് ഞാന്‍ സത്യത്തില്‍ കരുതിയിരുന്നത്. അതില്‍ ഞാന്‍ പരിപൂര്‍ണ തൃപ്തനുമായിരുന്നു. എന്നാലും സംവിധായകന്‍ രാജേഷ് എന്നെ കണ്ടു. എനിക്ക് അദ്ദേഹം മെസേജുകള്‍ അയച്ചു. അദ്ദേഹത്തിനൊപ്പം എസ്‌കേപ്പ് ഫ്രം ഉഗാണ്ടയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞു.


ചെന്നൈയില്‍ നിന്നും എത്തിയ തമിഴ് നടന്‍ പാര്‍ത്ഥിപനെക്കുറിച്ച് സംവിധായകന്‍ എം.എ. നിഷാദ് പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്.
നിഷാദിന്റെ കാറിലാണ് പാര്‍ത്ഥിപന്‍ കണ്ടനാട്ടെ ശ്രീനിവാസന്റെ വീട്ടിലേക്കെത്തിയത്. തമിഴിലെ, എണ്ണം പറഞ്ഞ സംവിധായകനും നടനുമായ പാര്‍ത്ഥിപന്‍ സാറടക്കമുള്ള പ്രതിഭകള്‍ പോലും ശ്രീനിവാസനെ എത്ര ബഹുമാനിക്കുന്നു എന്ന് കണ്ടറിഞ്ഞ നിമിഷം, ഒരു മലയാളി എന്ന നിലയില്‍, ഏറെ അഭിമാനം തോന്നിയെന്നും നിഷാദ് കുറിച്ചു. ''ശ്രീനിയേട്ടനെ 
കാണാന്‍ പാര്‍ത്ഥിപന്‍ സാര്‍ വന്നപ്പോള്‍. മലയാളത്തിന്റെ സ്വന്തം ശ്രീനിയേട്ടന്റെ മരണ വാര്‍ത്തയറിഞ്ഞ് തിരുവനന്തപുരത്തു നിന്നും തിരിക്കുമ്പോള്‍ എനിക്കൊരു കോള്‍ വന്നു..മറുതലക്കല്‍ പാര്‍ത്ഥിപന്‍ സാറാണ്. അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധമാണുളളത്. എന്റെ തമിഴ് ചിത്രമായ 'കേണി'യില്‍ അദ്ദേഹം, അഭിനയിച്ചിട്ടുണ്ട്. അവസാനമായി ഞങ്ങള്‍ സംസാസാരിച്ചത് എന്റെ പുതിയ ചിത്രമായ 'ലര്‍ക്കി'ന്റെ ടൈറ്റില്‍ ലുക്ക് റിലീസ് ചെയ്യുന്നതിനായിരുന്നു..

ഫോണിലൂടെ വിറയാര്‍ന്ന ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു, 'സാര്‍ നീങ്ക എങ്കെയിരുക്ക്..

ഞാന്‍ കൊച്ചിയിലേക്കുളള യാത്രയിലാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ശ്രീനിയേട്ടനെ കാണാന്‍  കൊച്ചിയില്‍ വരുന്നുണ്ടെന്നും രാവിലത്തെ ഫ്‌ളൈറ്റിന് എത്താന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞു. അങ്ങനെയെങ്കില്‍ ഞാന്‍ എയര്‍പ്പോട്ടിലെത്താമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും വിളിക്കുന്നു... രാത്രി തന്നെ പുറപ്പെടുകയാണ്, എയര്‍പ്പോട്ടില്‍ വരണമെന്നില്ല. രാവിലെ തൃപ്പുണിത്തുറയിലെ എന്‍എം കൗണ്ടി ഹോട്ടലില്‍ എത്തിയാല്‍ ഒരുമിച്ച് പോകാം...

ഞാന്‍ രാവിലെ ഹോട്ടലില്‍ എത്തുമ്പോള്‍ അദ്ദേഹം റെഡിയായി നില്‍ക്കുന്നു. കയ്യില്‍ ഒരു കെട്ട് മുല്ലപ്പൂക്കളുമുണ്ട്.. 'സര്‍ ഈ പൂക്കള്‍ എവിടെ നിന്നും കിട്ടി..?' എന്ന് അടക്കാനാവാത്ത കൗതുകത്തോടെ ഞാന്‍ ചോദിച്ചപ്പോള്‍ ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു.
കാലേയിലെ നാന്‍ താന്‍ അറേഞ്ച് പണ്ണി സാര്‍..'
ഒരു കലാകാരന് തനിക്കേറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകനോടുളള ആത്മാര്‍ഥ സ്‌നേഹത്തിന്റെ പ്രതിഫലനം ഞാന്‍ കണ്ടു...എന്റെ കാറില്‍ ശ്രീനിയേട്ടന്റെ വീട്ടിലേക്ക് പോകുമ്പോള്‍ അദ്ദേഹം സംസാരിച്ചതത്രയും ശ്രീനിയേട്ടനെക്കുറിച്ചായിരുന്നു. ഇത്രയും ജീനിയസ്സായ ഒരു മനുഷ്യന്‍ തമിഴിലോ, മലയാളത്തിലോ ഇല്ലെന്ന് അദ്ദേഹം ആണയിടുമ്പോള്‍, നമുക്കു സംഭവിച്ച നഷ്ടത്തിന്റെ ആഴമളക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍. തമിഴില്‍ ശ്രീനിയേട്ടനെ അവതരിപ്പിച്ചത് പാര്‍ത്ഥിപന്‍ സാറായിരുന്നു. 

മലയാളത്തിലും അവരൊന്നിച്ച് അഭിനയിച്ചിരുന്നു. ശ്രീനിയേട്ടനെ കണ്ട്, ആ കാലടികളില്‍ തന്റെ കയ്യിലിരുന്ന മൂല്ലപ്പൂക്കളര്‍പ്പിച്ചു നില്‍ക്കുമ്പോള്‍ ആ വലിയ മനുഷ്യന്‍ നിശ്ശബ്ദനായിരുന്നെങ്കിലും ഉള്ളിലൊരു കടലിരമ്പുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. തമിഴകത്തിന് മലയാളത്തിനോടുള്ള ആദരം, കളങ്കമില്ലാത്ത സ്‌നേഹം.. അതൊക്കെ ആ ഒരൊറ്റ ഫ്രെയിമില്‍ ഞാന്‍ കണ്ടു.

തമിഴിലെ, എണ്ണം പറഞ്ഞ സംവിധായകനും നടനുമായ പാര്‍ത്ഥിപന്‍ സാറടക്കമുള്ള പ്രതിഭകള്‍ പോലും നമ്മുടെ ശ്രീനിയേട്ടനെ എത്ര ബഹുമാനിക്കുന്നു എന്ന് കണ്ടറിഞ്ഞ നിമിഷം, ഒരു മലയാളി എന്ന നിലയില്‍,ഏറെ അഭിമാനം തോന്നി. ശ്രീനിയേട്ടനെ അവസാനമായി കണ്ടു ചെന്നൈയിലേക്ക് മടങ്ങുമ്പോള്‍ അദ്ദേഹം എനിക്കൊരു സന്ദേശമയച്ചു - എല്ലാത്തിനും നന്ദി... അദ്ദേഹം എന്നോടെന്തിന് നന്ദി പറയുന്നുവെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. അതങ്ങനെയാണ്.. ചില മനുഷ്യരെയും, അവരുടെ സ്‌നേഹത്തെയും മനസ്സിലാക്കാന്‍ നമുക്കെപ്പോഴും കഴിഞ്ഞെന്ന് വരില്ലല്ലോ..''-എം.എ. നിഷാദിന്റെ വാക്കുകള്‍.

parthiban visit sreenivasan house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES