നിവിന്‍ പോളി നായകനായ 'സര്‍വ്വം മായ' ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ, ചിത്രത്തിന്റെ എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന് വിലപിടിപ്പുള്ള ഐഫോണ്‍ സമ്മാനിച്ച് സംവിധായകന്‍ അഖില്‍ സത്യന്‍. 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച സിനിമയില്‍ ഒടിടിയിലും മികച്ച അഭിപ്രായം നേടിയിരുന്നു. സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച രതിന്‍ രാധാകൃഷ്ണന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായാണ് അഖില്‍ സത്യന്‍ ഈ സമ്മാനം നല്‍കിയത്.
ലഭിച്ച സമ്മാനത്തെക്കുറിച്ച് രതിന്‍ രാധാകൃഷ്ണന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ സന്തോഷം പങ്കുവെച്ചു. 'അഖിലേട്ടാ, ഈ സര്‍പ്രൈസ് സമ്മാനത്തിന് വലിയ നന്ദി. നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചത് മികച്ച ഒരു അനുഭവമായിരുന്നു, ഇനിയും ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് ചെയ്യാനുണ്ട്. 150 കോടി ക്ലബ്ബ് ഫിലിം എഡിറ്റര്‍,' രതിന്‍ കുറിച്ചു. നേരത്തെ, തന്റെ പിതാവും പ്രശസ്ത സംവിധായകനുമായ സത്യന്‍ അന്തിക്കാടിന് അഖില്‍ സത്യന്‍ വോള്‍വോ എസ്യുവി കാര്‍ സമ്മാനിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സഹപ്രവര്‍ത്തകര്‍ക്കും അഖില്‍ സത്യന്‍ സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കുന്നത്.
അഖില്‍ സത്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'സര്‍വ്വം മായ' നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവായി അടയാളപ്പെടുത്തുന്ന ചിത്രമാണ്. ഒരു ഹൊറര്‍-ഫാന്റസി കോമഡി വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം, സംഗീതജ്ഞനാകാന്‍ ആഗ്രഹിച്ച് യാദൃശ്ചികമായി പൂജാരിയാകേണ്ടി വരുന്ന പ്രഭേന്ദു എന്ന യുവാവ് ഡെലുലു എന്ന പ്രേതത്തെ കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സൗഹൃദവുമാണ് പ്രമേയമാക്കുന്നത്. ഭീതിപ്പെടുത്തുന്ന രംഗങ്ങള്‍ക്ക് പകരം, ആത്മാവും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിനും വൈകാരിക ബന്ധങ്ങള്‍ക്കുമാണ് ചിത്രം ഊന്നല്‍ നല്‍കുന്നത്.