ഒരു നടി എന്നതിലുപരി നര്‍ത്തകിയായും അധ്യാപികയായും തിളങ്ങിനില്‍ക്കുന്ന താരമാണ് ആശാ ശരത്ത്. അഭിനയ ശേഷമുള്ള സമയം മുഴുവന്‍ നടി ചെലവഴിക്കുന്നത് തന്റെ നൃത്ത പഠന സ്‌കൂളിലാണ്. വിദേശത്തും നാട്ടിലുമായി നൂറുകണക്കിന് കുട്ടികളാണ് നടിയുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്നത്. അതില്‍ കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും പ്രായമായവരും അടക്കം അസുഖങ്ങള്‍ ബാധിച്ചവരും എല്ലാമുണ്ട്. അങ്ങനെ ഒരാളായിരുന്നു നടിയുടെ ശിഷ്യകളില്‍ ഒരാളായ ജയശ്രീ. കാന്‍സര്‍ രോഗം ബാധിച്ച് അതിനെ നേരിട്ട് ധീരമായ ചെറുത്തു നില്‍പ്പ് നടത്തിയിരുന്ന ജയശ്രീ അസുഖത്തിന്റെ കാഠിന്യവും വേദനയും മറന്ന് ആശ്വാസം തേടാനെന്നോണമാണ് ആശാ ശരത്തിന് അരികിലേക്ക് നൃത്തം പഠിക്കാന്‍ എത്തിയിരുന്നത്. നന്നായി തന്നെ നൃത്തം ചെയ്യുകയും ചെയ്തിരുന്നു ജയശ്രീ. എന്നാലിപ്പോഴിതാ, ജയശ്രീയുടെ മരണ വാര്‍ത്തയാണ് ആശയെ അടിമുടി ഉലച്ചുകൊണ്ട് എത്തിയിരിക്കുന്നത്. തുടര്‍ന്ന് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്:
പ്രിയപ്പെട്ട ജയശ്രീ,
ഈ കത്ത് എഴുതുമ്പോള്‍ വാക്കുകള്‍ക്ക് പോലും വിറയലുണ്ട്. ജയശ്രീ എന്റെ ഒരു വിദ്യാര്‍ത്ഥിനി മാത്രമായിരുന്നില്ല... ഈ ലോകം തന്ന ഒരു അത്ഭുതമായിരുന്നു.
കാന്‍സറെന്ന കഠിന സത്യം ശരീരത്തെ പിടിച്ചുലച്ചിരുന്ന കാലത്ത്, എന്റെ ശിക്ഷണത്തിലേക്ക് എത്തിയ ദിവസം ജയശ്രീ എന്റെ നൃത്ത ജീവിതത്തിന്റെ അര്‍ത്ഥം തന്നെ മാറ്റിയ ഒരു ദിനമായിരുന്നു.
ഒരു വനിതാ ദിനത്തിലാണ് അവര്‍ എന്റെ ശിഷ്യയായത് എന്നത് ഇന്നും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. സ്ത്രീശക്തീകരണം എന്ന വാക്കിന് ഒരു പുതിയ നിര്‍വചനം രചിക്കപ്പെട്ടു.
ധൈര്യത്തോടെ എന്തും അതിജീവിക്കുക എന്ന സത്യത്തിന്റെ സാക്ഷ്യമായി ജയശ്രീ നിലകൊണ്ടു. ആ കൈകളും കാലുകളും ഞാന്‍ ഒരു കുഞ്ഞിനെപ്പോലെ പിടിച്ചു താളം ചവിട്ടിയപ്പോള്‍ അത് പരിശീലനം മാത്രമായിരുന്നില്ല വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ, പ്രതീക്ഷയുടെ മുഹൂര്‍ത്തമായിരുന്നു.
വേദനയുണ്ടായിരുന്നിട്ടും ആ കണ്ണുകളില്‍ ഒരിക്കലും തോല്‍വിയുടെ നിഴല്‍ ഞാന്‍ കണ്ടിട്ടില്ല. ഓരോ ചുവടിലും, ഓരോ താളത്തിലും ''എനിക്ക് കഴിയില്ല'' എന്ന വാക്ക് അവര്‍ മറന്നിരുന്നു.
ഗുരുവായൂരപ്പന്റെ സന്നിധിയില്‍ സ്വപ്നവേദിയില്‍ നര്‍ത്തകിയായ ദിവസം ഇന്നും എന്റെ മനസ്സില്‍ തിളങ്ങുന്നൊരു ദീപമാണ്. ചിലമ്പണിഞ്ഞ്, മുഖത്ത് ആ സന്തോഷം നിറച്ച് നൃത്തം ചെയ്തപ്പോള്‍ വേദന പോലും അവര്‍ക്കു മുന്നില്‍ തലകുനിച്ച നിമിഷമായിരുന്നു അത്.
ജയശ്രീ, ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞുവെങ്കിലും വേദനകളില്ലാത്ത ഒരു ലോകത്തേക്കാണ് പോയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്കിലും...അവിടെയും ചിലങ്കയുടെ ശബ്ദം അവര്‍ കേള്‍ക്കും എന്നുറപ്പുണ്ട്. കാരണം ആ ശബ്ദം ആത്മാവിന്റെ താളമാണ്.
എന്റെ ശ്വാസമുള്ള കാലം മുഴുവന്‍ ജയശ്രീ എന്ന ശിഷ്യ എന്റെ അഭിമാനമായിരിക്കും.
എന്നാണ് ആശാ ശരത്ത് കുറിച്ചത്.