നടി പത്മപ്രിയ ജാനകിരാമന്‍ പങ്കുവച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. 46ാം വയസില്‍ അമ്മയായ സന്തോഷവാര്‍ത്തയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ദിനത്തിലാണ് താന്‍ അമ്മയായ വിരം താരം ആദ്യമായി വെളിപ്പെടുത്തിയത്.
ഗര്‍ഭിണിയായിരുന്നുവെന്നോ കുഞ്ഞ് ജനിച്ചെന്നോ ഒരു സൂചന പോലും നല്‍കാതെ കഴിഞ്ഞ ഒരു വര്‍ഷമായി ഈ സന്തോഷം സ്വകാര്യമായി സൂക്ഷിച്ചിരുന്ന പത്മപ്രിയയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കുഞ്ഞിക്കൈകളുടെ ഹൃദയസ്പര്‍ശിയായ ചിത്രം പങ്കുവെച്ചതോടെ ആരാധകരും സഹതാരങ്ങളും ആശംസകളുമായി എത്തുമ്പോള്‍, കുഞ്ഞിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയും ഉയര്‍ന്നിരിക്കുകയാണ്.
'ജീവിതത്തിന്റെ 365 ദിവസങ്ങള്‍', എന്ന ഹൃദയസ്പര്‍ശിയായ അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. ചിത്രത്തില്‍ അമ്മയുടെ വസ്ത്രം മുറുകെപ്പിടിച്ച കുഞ്ഞിക്കൈകളും രണ്ട് കുഞ്ഞിക്കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതുമാണ് കാണുന്നത്. എന്നാല്‍ കുഞ്ഞിന്റെ മുഖമോ, ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന വിവരങ്ങളോ താരം ഇതുവരെ പുറത്തുവിട്ടിട്ടില്ല
പോസ്റ്റിന് താഴെ ആശംസകളുടെ പ്രവാഹമാണ്. നടി അഭിരാമിയുടെ കമന്റും പത്മപ്രിയ നല്‍കിയ മറുപടിയും കൂടുതല്‍ ശ്രദ്ധ നേടി. 'ഞാന്‍ നിന്നെയും നിന്റെ കുഞ്ഞിനെയും സ്‌നേഹിക്കുന്നു എന്നറിയാമല്ലോ', എന്നാണ് അഭിരാമി കുറിച്ചത്. 'ഞങ്ങള്‍ക്കിത് ലഭിക്കാന്‍ കാരണം നീയാണ്', എന്ന മറുപടി, കുഞ്ഞിനെ ദത്തെടുത്തതാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചു. അഭിരാമിയും ഭര്‍ത്താവും വര്‍ഷങ്ങള്‍ക്കുശേഷം മകള്‍ കല്‍ക്കിയെ ദത്തെടുത്ത് മാതാപിതാക്കളായതും ഈ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു.
'കുഞ്ഞ് ഇപ്പോള്‍ തന്നെ വലിയ ആളായി, മമ്മിക്കും ഡാഡിക്കും ആശംസകള്‍', എന്നാണ് സംവിധായിക അഞ്ജലി മേനോന്റെ കമന്റ്. നടിമാരായ നിത്യ മേനോന്‍, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, സംവൃത സുനില്‍, ഭാമ, രഞ്ജിനി ഹരിദാസ്, മീര നന്ദന്‍, മാളവിക നായര്‍ തുടങ്ങി നിരവധി താരങ്ങളും പത്മപ്രിയയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.
2014-ലായിരുന്നു ജാസ്മിന്‍ ഷായും പത്മപ്രിയയും തമ്മിലുള്ള വിവാഹം. മുംബൈയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മാസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബില്‍' ദക്ഷിണേഷ്യയുടെ പോളിസി ഹെഡ് ആണ് ജാസ്മിന്‍ ഷാ.തമിഴ് പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമാണ് പത്മപ്രിയ ജാനകിരാമന്‍. ന്യൂയോര്‍ക്ക്, കൊളംബിയ സര്‍വകലാശാലകളില്‍ പഠിക്കുന്ന കാലത്തെ പരിചയമാണ് ഇവരെ പ്രണയത്തിലേക്കും തുടര്‍ന്ന് വിവാഹത്തിലേക്കും നയിച്ചത്.