ഏകദേശം അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ഫീൽഗുഡ് - കോമഡി ട്രാക്കിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ മുഖ്യധാരയിൽ തുടക്കം കുറിക്കുന്ന ആദ്യ ചിത്രമാണ് 'പാച്ചുവും അത്ഭുതവിളക്കും'.
2018 ക്രിസ്മസ് കാലത്ത് പുറത്തിറങ്ങി ബോക്സ് ഓഫീസിൽ 50 കോടിയിലധികം കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ച 'ഞാൻ പ്രകാശൻ' ആണ് ഫഹദ് കോമഡി ഗണത്തിൽ ചെയ്ത അവസാന ചിത്രം. ഞാൻ പ്രകാശൻ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആണെന്നത് മറ്റൊരു യാദൃശ്ചികത!
സത്യൻ അന്തിക്കാടിന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുമ്പ് സഹകരിച്ചിട്ടുള്ളയാൾകൂടിയാണ് അഖില്‍ സത്യൻ. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പവ്രർത്തിച്ചിട്ടുണ്ട്. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും അഖിൽ സംവിധാനം ചെയ്‍തിട്ടുണ്ട്.
ടി സീരിസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ‘പാച്ചുവും അത്ഭുതവിളക്കും’
ടീസർ ഇതിനോടകം വളരെ മികച്ച അഭിപ്രായങ്ങളാണ് നേടികൊണ്ടിരിക്കുന്നത്. മുൻ കാലങ്ങളിൽ ഫഹദിൻ്റെ അഭിനയ മികവ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുമ്പോൾ
ഇത്തവണ അഭിനയത്തോടൊപ്പം തന്നെ ഫഹദിൻ്റെ ഫിറ്റ്നസ് ആണ് പുതിയ ചർച്ചാവിഷയം. ഞാൻ പ്രകാശൻ ചെയ്ത് അഞ്ച് വർഷം പിന്നിടുന്ന, അതിനും മുൻപ് സത്യൻ അന്തികാട് തന്നെ ഒരുക്കിയ 'ഒരു ഇന്ത്യൻ പ്രണയകഥ' പുറത്തിറങ്ങി പത്ത് വർഷവും പിന്നിടുന്ന ഈ 2023ലും അന്നത്തേ ഫഹദിനെക്കാൾ ചെറുപ്പം തുളുമ്പുന്ന കൂടുതൽ സുമുഖനായ ഫഹദിൻ്റെ ഔട്ട്‌ലുക്ക് ആണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്.
കഴിഞ്ഞ നാല് വർഷങ്ങളോളമായി ജോജി, മാലിക്, കുമ്പളങ്ങി നൈറ്സ്, ട്രാൻസ് തുടങ്ങി വേറിട്ടതും കരുത്തുറ്റതുമായ വേഷങ്ങളിലൂടെയാണ് മലയാളത്തിൽ ഫഹദിനെ പ്രേക്ഷകർക്ക് ദർശിക്കാൻ കൂടുതൽ അവസരം ലഭിച്ചിരുന്നത്. അന്യഭാഷയിലും വിക്രം, പുഷ്പ തുടങ്ങി ആക്ഷൻ സ്വഭാവമുള്ള ചിത്രങ്ങളിലൂടെയാണ് ഫഹദ് വിസ്മയിപ്പിച്ചിരുന്നത്. വമ്പൻ 'ഹെവിവെയ്റ്റ്' പ്രകടനങ്ങളുടെ അധിക ഭാരം ഇറക്കിവെച്ച് വീണ്ടും സൗമ്യനായ സുമുഖനായ പഴയ ഫഹദിൻ്റെ മനോഹര ഭാവങ്ങൾ തിരികെ കാണാൻ ലഭിക്കുന്ന കാഴ്ച്ചയെകുറിച്ചാണ് മറ്റൊരു വിഭാഗം പ്രേക്ഷകരുടെ ചർച്ച. മുംബൈയിൽ ജനിച്ചുവളർന്ന ഒരു മലയാളി യുവാവ് കേരളത്തിൽ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളെ ഏറെ രസകരമായി നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്ന ചിത്രം കൂടിയാണ് 'പാച്ചുവും അത്ഭുത വിളക്കും'.
ഫഹദിനെ കൂടാതെ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്, വിനീത്, ഇന്ദ്രൻസ്, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, മേയ്ക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.