കൊച്ചി: ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ സംവിധായിക ലീല സന്തോഷിന്റെ കരിന്തണ്ടനെതിരെ എഴുത്തുകാരൻ ഗോപകുമാർ ജി കെ രംഗത്ത്. ഈ ടൈറ്റിൽ താൻ നേരത്തെ രജിസ്റ്റർ ചെയ്തതാണെന്നും കരിന്തണ്ടൻ എന്ന പേരിൽ സിനിമ ഇറക്കാൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്നും ഗോപകുമാർ മറുനാടനോട് പറഞ്ഞു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ ലീല തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ചതോടെയാണ് വിവാദം ഉടലെടുത്തത്.ചിത്രം നിർമ്മിക്കുന്നത് അടുത്തിടെ പിറവിയെടുത്ത സിനിമ നിർമ്മാതാക്കളുടെ കൂട്ടായ്മയായ കലക്ടീവ് ഫേസ് വൺ ആണെന്നാണ് പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുള്ളത്.
ആറ് മാസം മുമ്പേ കഥപൂർത്തിയാക്കിയിരുന്നെന്നും ഇപ്പോൾ ജോലിചെയ്തുവരുന്ന മാമാങ്കത്തിന്റെ ഷൂട്ടിങ് തീരുന്ന മുറയ്ക്ക് കരിന്തണ്ടന്റെ ചിത്രീകരണം ആരംഭിക്കാൻ പാകത്തിൽ ചർച്ചകൾ പുരോഗമിക്കുകയായിരുന്നെന്നും 50 കോടി രൂപ മുതൽ മടുക്കിൽ ഹോളിവുഡ് നിലവാരത്തിലൊരു സിനിമയാണ് ലക്ഷ്യമിട്ടിരുന്നതെന്നും ഗോപകുമാർ അറിയിച്ചു.
മാമാങ്കത്തിന്റെ സഹസംവിധായകനും ഫിനാൻസ് കൺട്രോളറുമായി പ്രവർത്തിച്ചുവരികയാണിപ്പോൾ ഗോപകുമാർ. ലീല ഫേസ്‌ബുക്ക് ഫ്രണ്ടാണ്.നേരത്തെ ഈ പ്രോജക്ട് തുടരുന്നുണ്ടോ എന്ന് അവർ മെസേജ് വഴി ചോദിച്ചിരുന്നു.പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്ന് മറുപിടിയും നൽകി.ഇപ്പോൾ പോസ്റ്റർ കണ്ടപ്പോഴാണ് അവർ ചിത്രവുമായി മുന്നോട്ടുപോയ കാര്യം അറിയുന്നത്.ഗോപകുമാർ പറഞ്ഞു.
താമരശ്ശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പന്റെ ജീവിതമാണ് സിനമയാവുന്നത് എന്നാണ് സംവിധായിക ലീല സന്തോഷിന്റെ ഫേസ്‌ബുക്ക് പേജിലെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്.വിനായകനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നത്.
ഇതിനകം ഗോപകുമാർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ കരിന്തന്റെ നിരവധി പോസ്റ്ററുകൾ പുറത്തുവിട്ടിട്ടുണ്ട്. മരണം തോറ്റ് പിന്മാറുമ്പോൾ നുറ്റാണ്ടുകൾ ജീവിച്ചുകൊണ്ടയാൾ ഇതിഹാസമാവുന്നു.അല്ലോകയുടെ ഇതിഹാസം.കാടിന്റെ ,കാട്ടുതന്ത്രങ്ങളുടെ പുലിപ്പോരുകളുടെ ,ആനവേട്ടകളുടെ ,ചതിയുടെ ,വഞ്ചനയുടെ,പകയുടെ ,യുദ്ധത്തിന്റെ കരിന്തണ്ടൻ...കഴിഞ്ഞ വർഷം ഡിസംമ്പർ 13-ന് സ്‌ക്രിപ്റ്റ് പൂർത്തിയായി എന്നറിയിച്ചുകൊണ്ട് ഗോപകുമാർ ഫേസ്‌ബുക്കിലിട്ട പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങിനെയാണ്.