Latest News

'വിജയവും പരാജയവും മാറിമറിയും, ജീവിതത്തില്‍ മുന്നോട്ട് പോവുകമാത്രമാണ് വഴി'; സന്തോഷവും സമാധാനവുമാണ് ഏറ്റവും വലിയ കാര്യം'; 40 വയസ്സ് ആയാല്‍ എന്താണ് പ്രശ്‌നം;ഞാന്‍ അത് ആസ്വദിക്കുകയാണ്; നിവിന്‍ പോളിക്ക് പറയാനുള്ളത്

Malayalilife
 'വിജയവും പരാജയവും മാറിമറിയും, ജീവിതത്തില്‍ മുന്നോട്ട് പോവുകമാത്രമാണ് വഴി'; സന്തോഷവും സമാധാനവുമാണ് ഏറ്റവും വലിയ കാര്യം'; 40 വയസ്സ് ആയാല്‍ എന്താണ് പ്രശ്‌നം;ഞാന്‍ അത് ആസ്വദിക്കുകയാണ്; നിവിന്‍ പോളിക്ക് പറയാനുള്ളത്

വിജയപരാജയങ്ങളെ താന്‍ എങ്ങനെയാണ് കാണുന്നതെന്ന് തുറന്ന് പറഞ്ഞ് നടന്‍ നിവിന്‍ പോളി. തന്റെ അഭിനയ ജീവിതത്തിലെ വലിയൊരു വിജയത്തിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍. നിവിന്‍ നായകനായെത്തിയ പുതിയ ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്' 300 കോടി നേടി ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചിരിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. തന്റെ പുതിയ ചിത്രമായ 'യേഴ് കടല്‍ യേഴ് മലൈ'യുടെ പ്രൊമോഷന്റെ ഭാ?ഗമായി മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങളും നിലപാടുകളും പങ്കുവെച്ചത്. 

'ഞാന്‍ പൊതുവേ പുറത്തു പോകാന്‍ ഇഷ്ടപ്പെടുന്ന ഒരാളല്ല. കൂടുതല്‍ സമയവും വീട്ടില്‍ തന്നെ ഇരിക്കാനാണ് ഇഷ്ടം. പക്ഷേ എന്തെങ്കിലും വിഷമം ഒക്കെ വന്നാല്‍ നമ്മളൊരുപാട് ചിന്തിക്കുമല്ലോ. എന്താണിങ്ങനെ സംഭവിക്കുന്നത്?. നമ്മുടെ തീരുമാനം തെറ്റായി പോയോ?. അതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്. എന്നൊക്കെ നമ്മള്‍ ചിന്തിക്കില്ലേ. പക്ഷേ എന്ത് സംഭവിച്ചാലും ഞാനൊരിക്കലും അത് നിര്‍ത്തി പോയിട്ടില്ല. ശ്രമിച്ചു കൊണ്ടേ ഇരുന്നു. അടുത്ത സിനിമ...അടുത്ത സിനിമ എന്ന് പറഞ്ഞ് ഞാന്‍ വര്‍ക്ക് ചെയ്തു കൊണ്ടേയിരുന്നു. എനിക്ക് തോന്നുന്നു അതാണ് ചെയ്യേണ്ടതെന്ന്. 

നമ്മള്‍ മുന്നോട്ട് പോവുക. സന്തോഷം വരും, സങ്കടം വരും, ഹിറ്റ് വരും, ഫ്‌ലോപ്പ് വരും, ആവറേജ് വരും... ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കും. ജീവിതം അങ്ങനെയാണ്. നമ്മള്‍ മുന്നോട്ട് പോവുക അത്രയേ ഉള്ളൂ. പോയിക്കൊണ്ടിരിക്കുക. ഒരു നാള്‍ വരും, അത് വരുമ്പോള്‍ നിങ്ങള്‍ വളരെയധികം സന്തോഷിക്കും. ഇപ്പോള്‍ റിലീസായ എന്റെ ഒരു സിനിമ നന്നായി പോകുന്നു എന്ന് വച്ച് എന്റെ അടുത്ത സിനിമ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകണമെന്നില്ല. അങ്ങനെയൊന്നുമില്ല. ഇനിയും ഫ്‌ലോപ് വരും ആവറേജ് വരും, പിന്നെ ഒരു ഹിറ്റ് വരും. അതങ്ങനെയാണ്. യാഥാര്‍ഥ്യത്തെ നമ്മള്‍ മനസിലാക്കുക എന്നതാണ്. അത് മനസിലാക്കിയാല്‍ തന്നെ നമ്മള്‍ ഓക്കെയാകും'- നിവിന്‍ പോളി വ്യക്തമാക്കി. 

നാല്‍പ്പതുകളിലേക്ക് എത്തുമ്പോള്‍ വ്യക്തിത്വത്തില്‍ സ്വയം വലിയ മാറ്റങ്ങള്‍ പ്രകടമാകുമെന്നു നിവിന്‍ പറയുന്നു. ക്യാമ്പസ് കാലഘട്ടത്തിനു ശേഷമുള്ള 20 വര്‍ഷത്തെ അനുഭവങ്ങളാണ് ഓരോ മനുഷ്യനെയും ഈ ഘട്ടത്തിലേക്ക് നയിക്കുന്നത്. ജീവിതത്തില്‍ സംഭവിച്ച നല്ലതും ചീത്തയുമായ കാര്യങ്ങള്‍, കൂടെക്കൂട്ടിയതും നഷ്ടപ്പെട്ടതുമായ സൗഹൃദങ്ങള്‍, വ്യക്തിപരമായ അനുഭവങ്ങള്‍ എന്നിവയെല്ലാം ഇതിന് വഴിതെളിക്കും. ഈ പ്രായത്തിലെത്തുമ്പോഴാണ് സ്വന്തം മാതാപിതാക്കളുടെ അന്നത്തെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയുന്നതെന്നും താരം വ്യക്തമാക്കി.

'മുപ്പതുകള്‍ കഴിയുമ്പോള്‍ നമുക്ക് തോന്നും, അയ്യോ... 40 വയസ് ആകാറായല്ലോ, ഇനി എന്ത് ചെയ്യും എന്നൊക്കെ. പക്ഷേ നിങ്ങള്‍ 40ല്‍ എത്തിക്കഴിഞ്ഞാല്‍ അതൊരു വ്യത്യസ്ത അനുഭവമായിരിക്കും. അത് വേറൊരു ഫീലും വേറൊരു ലോകവുമാണ്. കോളജെല്ലാം കഴിഞ്ഞ് ഒരു 20 വര്‍ഷത്തെ നമ്മുടെ ഒരു അനുഭവമുണ്ടല്ലോ, അപ്പോള്‍ നമുക്ക് തനിയെ ഒരു കാരക്ടര്‍ ചേഞ്ച് വരും. ഇത്രയും അനുഭവങ്ങള്‍ നമുക്കുണ്ട്, ഇത്രയും പോസിറ്റീവ് കാര്യങ്ങള്‍ നടന്നു ഇത്രയും നെ?ഗറ്റീവ് കാര്യങ്ങള്‍ നടന്നു. ഇത്രയും സുഹൃത്തുക്കള്‍ നമ്മുടെ ജീവിതത്തിലേക്ക് വന്നു, ഇത്രയും സുഹൃത്തുക്കള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് പോയി. അങ്ങനെ വ്യക്തിപരമായി പല കാര്യങ്ങളും നമ്മള്‍ എക്‌സ്പീരിയന്‍സ് ചെയ്യും.


അപ്പോള്‍ നമ്മള്‍ ചിന്തിക്കും, ആ സമയത്ത് നമ്മുടെ മാതാപിതാക്കള്‍ എങ്ങനെയായിരുന്നു എന്നൊക്കെ. അതെല്ലാം മനസിലാക്കാന്‍ ഒരു സമയം വരും. എല്ലാവരും ഈ ഒരു ഘട്ടം കടന്നു പോയേ മതിയാകൂ. ഒരു 15- 20 വര്‍ഷത്തെ അനുഭവങ്ങളുമായി നമ്മള്‍ പുതിയൊരു കാരക്ടറിലേക്ക് കടക്കുന്നു. നമ്മുടെ തന്നെ പുതിയൊരു വേര്‍ഷന്‍ നമുക്ക് കാണാന്‍ കഴിയും. അത് ഞാനിപ്പോള്‍ ആസ്വദിക്കുകയാണ്, വളരെ നല്ലൊരു അനുഭവമാണത്. നമ്മള്‍ മാത്രമല്ല, നമ്മുടെ സുഹൃത്തുക്കളുമൊക്കെ ഈ ഒരു സോണില്‍ തന്നെയായിരിക്കും. 40 വയസാകുമ്പോള്‍ എന്ത് ചെയ്യും എന്നൊരു ചിന്ത എല്ലാവര്‍ക്കുമുണ്ടാകും. നിനക്ക് 40 വയസ് ആകാന്‍ പോകുവാണല്ലേ എന്ന് എല്ലാവരും ചോദിക്കും. 40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം എന്ന് മാത്രം നമുക്ക് അറിയത്തില്ല. ഇപ്പോള്‍ അടുത്തിടെ ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്നൊരു ട്രിപ്പ് പോയി. എല്ലാവരും സംസാരിച്ചത് ഇതിനെക്കുറിച്ചായിരുന്നു. പത്തിരുപത് വര്‍ഷം, നമ്മള്‍ ജോലി ചെയ്ത് കുടുംബം ഓടിച്ച്, എല്ലാം ചെയ്ത്. അതില്‍ നല്ലതും ചീത്തയുമൊക്കെയുണ്ടാകും. ഇപ്പോള്‍ നമുക്കൊരു പത്ത് വര്‍ഷമുണ്ട്, എല്ലാ കാര്യങ്ങളും ശരിയായി ചെയ്യാന്‍. അതൊരു 50 വയസിന് ശേഷമായിരിക്കും എന്ന് എല്ലാവരും പറയും. അപ്പോള്‍ സന്തോഷമായി ഇരിക്കാം. പക്ഷേ 50 വയസ് കഴിയുമ്പോള്‍ നമുക്ക് വേറെ കാര്യങ്ങളായിരിക്കും വരുന്നത്. ഞാന്‍ എന്റെ ഈ യാത്രയില്‍ നിന്ന് പഠിച്ച ഒരു കാര്യം എന്താണെന്നു വച്ചാല്‍, കാര്‍, പണം ഇതൊന്നും ഒരുപാട് സമ്പാദിക്കുന്നതിലല്ല, സന്തോഷവും സമാധാനവുമാണ് ഏറ്റവും വലിയ കാര്യം എന്നാണ്.

അതിനപ്പുറം ഒന്നുമില്ല. നമ്മുടെ ജീവിതം നന്നായി പോകാനും കുടുംബം നോക്കാനുമൊക്കെ നമുക്ക് പണം വേണം. പക്ഷേ, ആത്യന്തികമായി നമ്മുടെ ലക്ഷ്യം സന്തോഷവും സമാധാനവും ആയിരിക്കണം. ഒരു കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ ചിന്തിക്കണം, ഇത് നമുക്ക് സന്തോഷമാണോ സമാധാനമാണോ തരുന്നത് അതോ സ്‌ട്രെസ് ആണോ എന്ന്. സ്‌ട്രെസ്ഫുള്‍ ആണെങ്കില്‍ അത് ഒഴിവാക്കുക സന്തോഷത്തോടെ ഇരിക്കുക. ബാക്കിയെല്ലാം കറക്ടായി വരും. സന്തോഷത്തോടെ നിങ്ങള്‍ ഒരു കാര്യത്തിന് തീരുമാനം എടുത്താല്‍ അത് നന്നായി വരും. സ്‌ട്രെസ്ഫുള്‍ സിറ്റുവേഷനില്‍ ആണ് നിങ്ങളൊരു തീരുമാനം എടുക്കുന്നതെങ്കില്‍ തീരുമാനങ്ങള്‍ ചിലപ്പോള്‍ തെറ്റിയെന്ന് വരാം. വീണ്ടും നിങ്ങള്‍ ആ ലൂപ്പില്‍ തന്നെ പോയിക്കൊണ്ടിരിക്കും. അതില്‍ നിന്ന് പുറത്തുവരുക. ജീവിതവും കരിയറുമൊക്കെ കുറച്ച് പതുക്കെ ആയിരിക്കും പോകുന്നത്. പക്ഷേ അത് ഓക്കെയാണ്'- നിവിന്‍ പോളി പറഞ്ഞു.

nivin pauly about hit and flop

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES