പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടവാങ്ങിയിട്ട് എട്ട് വര്‍ഷം തികഞ്ഞു. ഒരു കാര്‍ അപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിച്ചത്.ഇപ്പോഴിതാ ബാലഭാസ്‌കറിന്റെ ഓര്‍മദിനത്തില്‍ മുന്‍ ടെലിവിഷന്‍ അവതാരകയും ബാലുവിന്റെ സഹോദരിയും കൂടിയായ പ്രിയ വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
അകാലചരമം സംഭവിച്ചത് ഒരു കലാകാരനല്ല ഒരുപാട് സ്വപ്നങ്ങള്‍ക്കായിരുന്നു എന്ന് പ്രിയ കുറിച്ചു. എട്ട് ആണ്ടുകള്‍... കന്നിമാസത്തിലെ തിരുവാതിര.
അകാലചരമം സംഭവിച്ചത് ബാലഭാസ്‌കര്‍ എന്ന വ്യക്തിക്കല്ല, കലാകാരനല്ല. ആ പേര് പൈങ്കിളി കഥകളിലൂടെയും പഴയ കുറേ വീഡിയോകളിലൂടെയും നിലനില്‍ക്കു(നിര്‍ത്തു)ന്നുണ്ടല്ലോ. പുതിയതായി ഒരുപാട് കമ്പോസ് ചെയ്യണം എന്ന ബാലുച്ചേട്ടന്റെ ആഗ്രഹത്തിനായിരുന്നു. ഒരുപാട് പ്രാക്റ്റീസ് ചെയ്യണം, പഠിക്കണം, പഠിപ്പിക്കണം. ഒരു വയലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങണം, കച്ചേരികള്‍ ചെയ്യണം എന്ന ദീര്‍ഘവീക്ഷണത്തിനായിരുന്നു.
ഇനി മീര ചേച്ചിയുടെ കാര്യങ്ങള്‍ ഞാന്‍ നോക്കും എന്ന് പറഞ്ഞ ഉറപ്പിനായിരുന്നു. അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും പേരില്‍ നമ്മള്‍ പിള്ളേര്‍ ഒരുമിച്ച് എന്തെങ്കിലും ചെയ്യണം എന്ന് പറഞ്ഞ നേരമ്പോക്കിനായിരുന്നു. വല്യമ്മാവാ... എന്നാണ് ഇവര്‍ എന്നെ വിളിക്കുന്നതല്ലേ എന്ന് ഞങ്ങള്‍ അനിയത്തിമാരുടെ കുഞ്ഞുങ്ങളെ നോക്കി,
ഞങ്ങളുടെ എല്ലാവരുടെയും വല്യമ്മാവന്റെ മുന്നില്‍ ഊറ്റം കൊണ്ട കൊതിക്കായിരുന്നു. ദച്ചു പറയുന്നതുപോലെ ഈശ്വരന്മാര്‍ തഥാസ്തു പറഞ്ഞത് ആകെ വരും തലമുറയിലെ സംഗീതം പഠിക്കുന്ന കുട്ടികള്‍ എനിക്ക് ബാലഭാസ്‌കറിനെപ്പോലെയാകണം എന്ന് പറയണമെന്ന് ആഗ്രഹിച്ചപ്പോള്‍ മാത്രം. അത് തന്നെ നടന്ന് കാണുമ്പോള്‍ മുന്നെയെഴുതിയ കുഞ്ഞ് സ്വാര്‍ത്ഥതകള്‍ ഓര്‍ത്ത് നന്ദികേടോ പരിഭവമോ പറയാനാകുമോ?. ബാലുച്ചേട്ടന്‍ ജീവിച്ച് കൊണ്ടേയിരിക്കും.
സംഗീതമായും പ്രേരണയായും പ്രോത്സാഹനമായും കാരണമായും ആശ്വാസമായും സന്തോഷമായും. ആ ഓര്‍മ്മകളില്‍ അല്‍പ്പം വേദനയോ കുറ്റബോധമോ അറിയുന്നവരുണ്ടെങ്കില്‍ അവര്‍ക്കും സമാധാനമുണ്ടാകട്ടെ എന്നായിരുന്നു പ്രിയയുടെ കുറിപ്പ്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
അധോലോക സ്വര്‍ണ്ണകടത്ത് സംഘങ്ങള്‍ ഒരുക്കിയ ചതി കെണിയില്‍ വീണ ഒരു കലാകാരന്‍. കൊലപ്പെടുത്തിയത് ആണെന്നുള്ള കാര്യം സ്പഷ്ടമാണ്. പക്ഷെ അവര്‍ക്കെതിരെ പറയാനോ സാക്ഷി ആവാനോ ആരും വരില്ല. വന്നാല്‍ തന്നെ ഭീഷണിപെടുത്തി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കും. ബാലഭാസ്‌കര്‍ എന്ന അതുല്യ പ്രതിഭക്ക് ശ്രദ്ധാഞ്ജലികള്‍, ബാലഭാസ്‌കറിന്റെ വയലിന്‍ നാദം എന്നും ആസ്വാദകരുടെ ഹൃദയങ്ങളില്‍ നിലനില്‍ക്കും.
ആ വേര്‍പാടിന് പിന്നിലെ സാഹചര്യങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ഇന്നും മനസിനെ വേദനിപ്പിക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം ലഭിക്കുകയും സത്യം പൂര്‍ണമായി പുറത്തുവരികയും ചെയ്യുന്ന ദിനം പ്രതീക്ഷിക്കുന്നു, എപ്പോഴും ചെയ്തതിനേക്കാള്‍ ചെയ്യാമായിരുന്നതിന്റെ പേരിലാകും ബാലഭാസ്‌കറെ കേരളം ഓര്‍മിക്കുക എന്നിങ്ങനെയാണ് കുറിപ്പിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകള്‍.