അല്ലു അര്‍ജുനെ നായകനാക്കി അറ്റ്ലി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'രാക്ക'യില്‍ നടി ഐശ്വര്യ ലക്ഷ്മിയും ഭാഗമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ. ചിത്രത്തില്‍ ഒരു വില്ലന്‍ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത് എന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍, താന്‍ ഈ സിനിമയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കിയ ഐശ്വര്യ, 'ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ' എന്ന് തമാശരൂപേണ പറഞ്ഞു. ഇന്ത്യ ടുഡേയോടാണ് താരം ഇക്കാര്യം പറഞ്ഞത്. അല്ലു അര്‍ജുനും അറ്റ്ലിയും ആദ്യമായി ഒന്നിക്കുന്ന 'രാക്ക' ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രം ഗിന്നസ് ബുക്കില്‍ ഇടംനേടിയിരുന്നു.
ഏറ്റവും കൂടുതല്‍ ആളുകളെ തത്സമയം മോഷന്‍- ക്യാപ്ചര്‍ ചെയ്താണ് ഗിന്നസ് റെക്കോര്‍ഡ് നേടിയത്. രാജാ റാണി, തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ക്കും ജവാന്‍ എന്ന ബ്ലോക്ബസ്റ്റര്‍ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അല്ലു അര്‍ജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാന്‍-ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം.
'പുഷ്പ 2' വിന് ശേഷം അല്ലു അര്‍ജുന്റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷമായിരിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 'ജവാന്‍' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സ് ആണ്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള വിഷ്വല്‍ ഇഫക്റ്റുകളും വേള്‍ഡ് ബില്‍ഡിംഗുമായി അറ്റ്‌ലി ഒരുക്കുന്ന 'രാക്ക' ഒരു വലിയ സാങ്കേതിക വിസ്മയമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.