Latest News

കരിയറിലെ ഏറ്റവും വയലന്റായ ആക്ഷന്‍ രംഗം ചിത്രീകരിച്ചത് കേരള നിയമസഭയ്ക്ക് മുന്നില്‍'; ഇന്ന് അങ്ങനെ സാധിക്കുമോ എന്ന് സംശയമാണ്; ഷൂട്ടിംഗ് ഓര്‍മ്മകള്‍ പങ്കുവെച്ച് രാജമൗലി 

Malayalilife
 കരിയറിലെ ഏറ്റവും വയലന്റായ ആക്ഷന്‍ രംഗം ചിത്രീകരിച്ചത് കേരള നിയമസഭയ്ക്ക് മുന്നില്‍'; ഇന്ന് അങ്ങനെ സാധിക്കുമോ എന്ന് സംശയമാണ്; ഷൂട്ടിംഗ് ഓര്‍മ്മകള്‍ പങ്കുവെച്ച് രാജമൗലി 

തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വയലന്റായ ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിച്ചത് കേരള നിയമസഭയ്ക്ക് മുന്നിലാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ എസ്.എസ്. രാജമൗലി. ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി 2003-ല്‍ തിയേറ്ററിലെത്തിയ മെഗാഹിറ്റ് ചിത്രം 'സിംഹാദ്രി'യുടെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ഫഹദ് ഫാസില്‍ നായകനായെത്തുന്ന പുതിയ ചിത്രം 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ പ്രത്യേക അഭിമുഖത്തിനിടയിലാണ് രാജമൗലിയുടെ വെളിപ്പെടുത്തല്‍. 

ഫഹദ് ഫാസില്‍, നിര്‍മാതാവ് എസ്.എസ്. കാര്‍ത്തികേയ, അഭിനേതാക്കളായ സംഗീത് പ്രതാപ്, ശ്യാം മോഹന്‍ എന്നിവരുമായുള്ള സംഭാഷണത്തിനിടെയായിരുന്നു സംവിധായകന്റെ തുറന്നുപറച്ചില്‍. 'സിംഹാദ്രി'യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പത്ത് ദിവസത്തോളം താന്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് രാജമൗലി ഓര്‍ത്തെടുത്തു. ചിത്രത്തില്‍ നായകന്‍ മഴു ഉപയോഗിച്ച് ആളുകളെ ആക്രമിക്കുകയും നിയമസഭാ മന്ദിരത്തിന് മുന്നിലൂടെ ഓടുകയും ചെയ്യുന്ന രംഗമാണ് അന്ന് ഷൂട്ട് ചെയ്തത്. ഇന്നത്തെ കാലത്ത് അവിടെ അത്തരമൊരു ചിത്രീകരണം നടത്താന്‍ സാധിക്കുമോ എന്ന് സംശയമാണെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ കരിയറില്‍ ഇന്നുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും അക്രമാസക്തമായ ആക്ഷന്‍ രംഗമായിരുന്നു അതെന്ന് സംഭാഷണത്തിനിടെ മകനും നിര്‍മാതാവുമായ എസ്.എസ്. കാര്‍ത്തികേയയും സാക്ഷ്യപ്പെടുത്തി. 
എന്തുകൊണ്ടാണ് ചിത്രത്തിനായി തിരുവനന്തപുരം തന്നെ തിരഞ്ഞെടുത്തതെന്ന ഫഹദ് ഫാസിലിന്റെ ചോദ്യത്തിന് രാജമൗലി വ്യക്തമായ മറുപടി നല്‍കി. സിനിമയിലെ കഥാഗതി അനുസരിച്ച് നായകന്‍ ആന്ധ്രാപ്രദേശില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര തിരിക്കുന്നതായി കാണിക്കേണ്ടതുണ്ടായിരുന്നു. 

ഈ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ പശ്ചാത്തലമായി തോന്നിയതുകൊണ്ടാണ് കേരളം തിരഞ്ഞെടുത്തത് എന്ന് അദ്ദേഹം വിശദീകരിച്ചു. ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായ 'സിംഹാദ്രി'യില്‍ ഭൂമിക ചൗള, അങ്കിത, മുകേഷ് ഋഷി, നാസര്‍, രാഹുല്‍ ദേവ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററുകളില്‍ വന്‍ വിജയം കൈവരിച്ച ഈ ചിത്രം പിന്നീട് തമിഴില്‍ 'ഗജേന്ദ്ര'യായും കന്നഡയില്‍ 'കാന്തീരവ'യായും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
 

SS Rajamouli about Kerala Assembly Action Scene

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES