Latest News

അച്ഛന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിക്കൂടേ; ഒരു കലാകാരന്റെ ഓര്‍മ്മകളെ നിലനിറുത്തേണ്ടത് അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളില്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെ ആയിരിക്കണം; ഭരത് ഗോപിയുടെ ജന്മദിനത്തില്‍ കുറിപ്പുമായി മുരളി ഗോപി 

Malayalilife
 അച്ഛന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിക്കൂടേ; ഒരു കലാകാരന്റെ ഓര്‍മ്മകളെ നിലനിറുത്തേണ്ടത് അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളില്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെ ആയിരിക്കണം; ഭരത് ഗോപിയുടെ ജന്മദിനത്തില്‍ കുറിപ്പുമായി മുരളി ഗോപി 

നടന്‍, നിര്‍മ്മാതാവ്, എഴുത്തുകാരന്‍ എന്നീ നിലയില്‍ സിനിമാ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മുരളി ഗോപി. വര്‍ഷങ്ങളോളം മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനും സംവിധായകനും നിര്‍മ്മാതാവുമായിരുന്ന ഭരത് ഗോപിയുടെ മകന്‍ എന്ന ലേബലിലാണ് മുരളി ഗോപി അറിയപ്പെട്ടിരുന്നത്. എന്നാല്‍ ചിരുക്കം കാലയളവ് കൊണ്ടുതന്നെ മലയാള സിനിമയിലെ പുതുനിര തിരക്കഥാകൃത്തുകളിലെ മുന്‍ നിരയിലെത്താന്‍ മുരളിക്ക് സാധിച്ചു.

ഇപ്പോള്‍ അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ മുരളി ഗോപി പങ്കുവെച്ച പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. അച്ഛന്റെ ഫോട്ടോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഇന്ന്, അച്ഛന്റെ ജന്മദിനം. ഒരുപാട് അവസരങ്ങളില്‍ ഒരുപാട് പേര്‍ എന്നോട് ചോദിക്കാറുള്ള ഒരു ചോദ്യമാണ് 'അച്ഛന്റെ ഓര്‍മ്മകള്‍ നിലനിറുത്താന്‍' ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിക്കൂടേ എന്ന്. ഓര്‍മ്മകള്‍ പുരസ്‌കാരവിതരണത്തിലൂടെയാണ് നിലനിറുത്തേണ്ടത് എന്ന ആംഗലേയ സങ്കല്‍പ്പത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ് ഈ ചോദ്യം. 

ഒരു കലാകാരന്റെ ഓര്‍മ്മകളെ നിലനിറുത്തേണ്ടത് സത്യത്തില്‍ അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളില്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെയായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈയിടെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ വച്ച് നടത്തിയ ഒരു കെ ജി ജോര്‍ജ്ജ് അനുസ്മരണത്തില്‍ പങ്കെടുത്തപ്പോള്‍, എന്നെ ശരിക്കും സന്തോഷിപ്പിച്ചത് ആ ചടങ്ങിന് ശേഷം അതിന്റെ സംഘാടകര്‍ നടത്തിയ ഒരു ചലച്ചിത്ര പ്രദര്‍ശനമാണ്. 

യവനിക'യുടെ ഒരു restored print ആണ് അന്നവിടെ പ്രദര്‍ശിപ്പിച്ചത്. ആ restoringനായി  പ്രവര്‍ത്തിച്ചത് ചലച്ചിത്ര അക്കാദമി ആണെന്ന് പിന്നീടറിഞ്ഞു. ഇതുപോലുള്ള archiving പ്രവര്‍ത്തനങ്ങളാണ്  യഥാര്‍ത്ഥത്തില്‍ അക്കാദമി പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ പ്രസക്തമാകുന്നത് തന്നെ.  ക്ലാസിക്കുകളെ, പൊടിതട്ടിയെടുത്ത്, പുത്തന്‍ സഹൃദയര്‍ക്കായി  പുതിയതാക്കി അവതരിപ്പിക്കുന്നതിലൂടെ മാത്രമേ  മണ്മറഞ്ഞ മഹാകലാകാരന്മാരുടെ യഥാര്‍ത്ഥ അനുസ്മരണം സാധ്യമാകൂ.

ഏതൊരു  കലാകാരനും പൊതുസമക്ഷം അവശേഷിപ്പിച്ചു പോകുന്നത് അയാളെന്ന വ്യക്തിയുടെ ഓര്‍മ്മകളേക്കാള്‍ അയാളുടെ സൃഷ്ടിയുടെ  ഓര്‍മ്മകളെയാണ്. വ്യക്തിസത്തയെക്കാള്‍ സൃഷ്ടിസത്തയാണ് കലാകാരന്മാരുടെ ബാക്കിപത്രം എന്നിരിക്കെ, അവരുടെ  വ്യക്തിത്വത്തെ ആഘോഷിക്കലാണോ അവരുടെ സൃഷ്ടികളെ ആഘോഷിക്കലാണോ യഥാര്‍ത്ഥ അനുസ്മരണം എന്ന് നാം നമ്മോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു- മുരളി ഗോപി കുറിച്ചു. 

ഒട്ടേറെപ്പേരാണ് മുരളി ഗോപിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. 'അവാര്‍ഡിനേക്കാളും നല്ലത് അദ്ദേഹം അഭിനയിച്ച സിനിമകളും നാടകങ്ങളും കാണാത്തവര്‍ക്ക് വേണ്ടി വീണ്ടും അവതരിപ്പിക്കുക എന്നതാണ്. മകനെന്ന നിലയില്‍ താങ്കള്‍ ഇതിന് മുന്‍കൈ എടുക്കുക'യെന്നുമായിരുന്നു ഒരാള്‍ പറഞ്ഞത്. 'ഇതുവരെ അങ്ങനെയൊരു അവാര്‍ഡില്ലെങ്കില്‍ അത് തുടങ്ങാതിരിക്കുക. നിങ്ങളുടെ ആശയത്തോട് യോജിക്കുന്നു. ഒരു കലാകാരന്‍ ഓര്‍മ്മിക്കപ്പെടേണ്ടത് വ്യക്തിത്വം കൊണ്ടല്ല അയാളുടെ കലാസൃഷ്ടി കൊണ്ടാണ്' എന്നായിരുന്നു മറ്റൊരു കമന്റ്.

 

Read more topics: # മുരളി ഗോപി.
murali gopis facebook post ABOUT bharath gopis

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES