ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' നാലാം വാരത്തിലും ബ്ലോക്ക്ബസ്റ്റര്‍ കുതിപ്പ് തുടരുന്നു. 260 കോടി ആഗോള കളക്ഷന്‍ പിന്നിട്ട് ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് ചിത്രം. ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയ രണ്ടാമത്തെ മാത്രം മലയാള ചിത്രമായി 'ലോക' മാറി'. അതോടൊപ്പം കേരളത്തില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന രണ്ടാമത്തെ മലയാള ചിത്രവും 'ലോക' ആണ്.
കേരളത്തില്‍ നിന്നും വിദേശത്തും നിന്നും 100 കോടി കളക്ഷനും റെസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ നിന്ന് 50 കോടിക്ക് മുകളില്‍ ഗ്രോസും നേടിയ 'ലോക' ഇത് മൂന്നും ഒന്നിച്ചു നേടിയ ഒരേയൊരു മലയാള ചിത്രം കൂടിയായി മാറി. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍ ആണ്. ഇതിനോടകം തന്നെ ഒരുപിടി വമ്പന്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളാണ്, കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം സൃഷ്ടിച്ചത്.
പാന്‍ ഇന്ത്യന്‍ വിജയമാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും വമ്പന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയാണ് മുന്നേറുകയാണ്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിലെ ദുല്‍ഖര്‍, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിരയും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ ചിത്രം വമ്പന്‍ റിലീസായി എത്തിച്ചത് വേഫെറര്‍ ഫിലിംസ് ആണ്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.