Latest News

ഇത് പ്രേക്ഷകരെ നിരാശപ്പെടുത്താത്ത മാമാങ്കം;ചിത്രത്തില്‍ മമ്മൂട്ടി മാസ് തന്നെ;മെഗാസ്റ്റാറും ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്യുതനും ചേര്‍ന്നപ്പോള്‍ സിനിമ കൊലമാസ്; മാമാങ്കം പശ്ചാത്തലത്തിലെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ വരവേറ്റത് കൈയ്യടിച്ചും ആര്‍പ്പുവിളിച്ചും...

പി.എസ്.സുവര്‍ണ്ണ
topbanner
ഇത് പ്രേക്ഷകരെ നിരാശപ്പെടുത്താത്ത മാമാങ്കം;ചിത്രത്തില്‍ മമ്മൂട്ടി മാസ് തന്നെ;മെഗാസ്റ്റാറും ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്യുതനും ചേര്‍ന്നപ്പോള്‍ സിനിമ കൊലമാസ്; മാമാങ്കം പശ്ചാത്തലത്തിലെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ വരവേറ്റത് കൈയ്യടിച്ചും ആര്‍പ്പുവിളിച്ചും...

നീണ്ട കാത്തിരിപ്പിന് ശേഷം വെള്ളിത്തിരയും പ്രേക്ഷരും ഒരുപോലെ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഏവരും കാത്തിരുന്ന ചിത്രം ഏറെ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ശേഷമാണ് തീയേറ്ററുകളില്‍ എത്തിയത്. മാമാങ്കത്തിന്റെ ചരിത്രം രഞ്ജിത്തിന്റെ വോയിസില്‍ പറഞ്ഞുകൊണ്ടാണ് സിനിമയുടെ തുടക്കം. മലബാറില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലനിന്നിരുന്ന മാമാങ്കം തന്നെയാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. പഴശ്ശിരാജ, ഒരു വടക്കന്‍ വീരഗാഥ എന്നീ സിനിമകളില്‍ കണ്ട അതെ ലുക്കില്‍ തന്നെയാണ് മലയാളിയുടെ മെഗാസ്റ്റാര്‍ വീണ്ടും എത്തിയത്. മമ്മൂട്ടിയ്ക്ക് പുറമേ ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, പ്രാചി തെഹ്‌ലാന്‍, അനു സിത്താര, ഇനിയ, കനിഹ, സിദ്ധിക്ക്, സുദേവ് നായര്‍,അബു സലീം തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു. കാവ്യാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച മാമാങ്കമെന്ന വന്‍ ബജറ്റ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എം.പത്മകുമാറാണ്. വിവാദമുണ്ടായത് കൊണ്ടായിരിക്കണം തിരക്കഥയില്‍ അഡാപ്റ്റഡ് റൈറ്റര്‍ എന്നാണ് ശങ്കര്‍ രാമകൃഷ്ണനെ കാണിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ യഥാര്‍ത്ഥ തിരക്കഥാകൃത്തായ സജീവ് പിള്ളയുടെ പേര് എവിടെയും പരാമര്‍ശിക്കാത്തത് ശ്രദ്ധേയമായി. 

ഇനി മാമാങ്കം എന്ന ചിത്രത്തിലേക്ക് വരാം, ചന്ദ്രോത്ത് വലിയ പണിക്കരായി എത്തിയ മമ്മൂട്ടി പ്രേക്ഷരെ ഞെട്ടിച്ചുവെന്ന് വേണം പറയാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇറങ്ങിയ ഒരു വടക്കന്‍ വീരഗാഥയിലെയും, പഴശ്ശിരാജയിലേയുമെല്ലാം മമ്മൂട്ടിയെ വീണ്ടും സ്‌ക്രീനില്‍ കാണാനായതിന്റെ ആവേശത്തിലായിരുന്നു പ്രേക്ഷകര്‍. ഇക്കയെ സ്‌ക്രീനില്‍ കാണിക്കുന്ന ഓരോ നിമിഷവും തിയേറ്ററിനുള്ളില്‍ കൈയ്യടിയും, വിസലടിയും .  മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തും വിധം ഇക്കയുടെ കുറച്ച് മാസ് സീനുകളും ചിത്രത്തിലുണ്ട്. മാമാങ്കം എന്ന ചരിത്ര കഥയില്‍ സിനിമാറ്റിക്ക് എലമെന്റ് കൊണ്ട് വരാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ചരിത്രകഥയുടെ പശ്ചാത്തലവും മമ്മൂട്ടിയുടെ പ്രസന്‍സും കൂടെയായപ്പോള്‍ മാമാങ്കം എന്ന സിനിമയ്ക്ക് ലഭിച്ചത് വന്‍ സ്വീകാര്യതയായിരുന്നു. ഇന്റെര്‍വെല്ലിന് ശേഷമുള്ള ഇക്കയുടെ ക്യാരക്ടര്‍ ചെയ്ഞ്ച് പ്രേക്ഷകരില്‍ ചിരിയും ആവേശവും ഇരട്ടിപ്പിച്ചു. ഇതുവരെയും പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത ഭാവത്തിലാണ് ഇക്ക ചിത്രത്തിന്റെ സെക്കന്‍ഡ് ഹാഫില്‍ എത്തുന്നത്. 

പുതിയ തലമുറയിലെ ചന്ദ്രോത്ത് പണിക്കരായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. ആകാരവടിവ് കൊണ്ടും മുഖഭാവം കൊണ്ടുമെല്ലാം വീരകഥകളിലെ  ചാവേറാവാന്‍ ഉണ്ണിക്ക് സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ അദ്ദേഹത്തിന്റെ കരിയറില്‍ രേഖപ്പെടുത്താവുന്ന ഒരു വേഷമാവും മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍. ഉണ്ണിയുടെ കഥാപാത്രത്തിനൊപ്പം തന്നെ എടുത്ത് പറയേണ്ട കഥാപാത്രമാണ് അച്യുതന്‍ എന്ന ബാലതാരം അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കരുടെ അനന്തിരവന്‍ ചന്തുണ്ണി. ചന്തുണ്ണിയായുള്ള അച്യുതന്റെ പെര്‍ഫോമെന്‍സ് കിടിലന്‍ എന്ന് വേണം പറയാന്‍. അഭ്യാസ പ്രകടനങ്ങളില്‍ മറ്റ് താരങ്ങള്‍ക്കൊപ്പം തന്നെ പിടിച്ച് നില്‍ക്കാന്‍ അച്യുതനെ കൊണ്ട് സാധിച്ചിട്ടുണ്ട്. ഉണ്ണിയും അച്യുതനും ഒന്നിച്ചുള്ള സീനുകളാണ് ഏറെയും. ഇവരോടൊപ്പം ഇക്കയും എത്തുമ്പോള്‍ ചിത്രം മാസാവുന്നു്. മമ്മൂട്ടിയ്ക്കും ഉണ്ണിയ്ക്കും ഒപ്പം തന്നെ അച്യുതനെന്ന കുട്ടിയെ കാണിക്കുമ്പോള്‍ തിയേറ്ററില്‍ നിന്ന് ഉയരുന്ന കൈയ്യടി മാത്രം മതി അച്യുതന്റെ സിനിമയിലെ പെര്‍ഫോമെന്‍സ് എത്രത്തോളം ഗംഭീരമാണെന്ന് മനസിലാക്കാന്‍. 

 

Image result for mamangam cast

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും ഈ സിനിമില്‍ ചെറിയ രീതിയിലെങ്കിലും സ്‌ക്രീന്‍ പ്രസന്‍സ് കിട്ടിയിട്ടുണ്ട്. സാമൂതിരിയോട് എതിരിടാന്‍ വള്ളുവനാട്ടില്‍ നിന്ന് ചാവേറുകളായി പോവുന്നവര്‍ക്കായ് കണ്ണീരണിയുന്ന കഥാപാത്രങ്ങളായി എത്തിയ കനിഹ, അനു സിത്താര, കവിയൂര്‍ പൊന്നമ്മയുമെല്ലാം അവരവരുടെ വേഷങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്തു. ചിത്രത്തില്‍ ആട്ടക്കാരികളായ ഉണ്ണിമായയും, ഉണ്ണിനീലിയുമായി എത്തുന്ന പ്രാചി തെഹ്‌ലാനും, ഇനിയയും നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകനെ തൃപ്തിപ്പെടുത്തി. ചെറിയ വേഷമാണെങ്കില്‍ കൂടി സുദേവ് നായര്‍, മണിക്കുട്ടന്‍, സുരേഷ് കൃഷ്ണ എന്നിവരുടെ വേഷങ്ങള്‍ മികച്ച് നില്‍ക്കുന്നു.

മാമാങ്കം എന്ന സിനിമയെ മികച്ച് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ചിത്രത്തിലെ ഗാനങ്ങളും, പശ്ചാത്തല സംഗീതവും, വി.എഫ്.എക്‌സുമെല്ലാമാണ്. അഭിനേതാക്കളും കഥയും മികച്ച് നില്‍ക്കുമ്പോള്‍ സിനിമയുടെ മേക്കിങ്ങ് കുറച്ചുകൂടെ മെച്ചപ്പെടുത്താമായിരുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന സിനിമയുടെ മേക്കിങ്ങ് എത്രത്തോളം നന്നാക്കാമായിരുന്നോ അത്രത്തോളം സിനിമയുടെ ക്വാളിറ്റിയും കൂടുമെന്നത് മറന്നുപോയോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചേക്കാം. 

എന്തായാലും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തെത്തിയ ചിത്രം പ്രേക്ഷകനില്‍ നിരാശയുണ്ടാക്കിയില്ല. മാസ് സീനുകളിലൂടെ പ്രേക്ഷകനെ സിനിമ അവസാനിക്കും വരെ എന്‍ഗേജാക്കിയിരുത്താന്‍ സംവിധായകനെ കൊണ്ട് സാധിച്ചിട്ടുണ്ട്. പിന്നെ ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രം എന്നാല്‍ ചരിത്രത്തോട് എത്രമാത്രം നീതി പുലര്‍ത്തിയെന്നത് ചോദിക്കേണ്ടിവരുന്നു...


 

mamangam malayalam movie review

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES