മലയാളത്തിന് അധികം സുപരിചിതമല്ലാത്ത സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമായ ഹെലന്‍ ഇന്ന് തീയറ്ററുകളിലേക്ക് എത്തിയിരിക്കയാണ്. ഒരുപക്ഷേ മലയാളത്തില്‍ അധികം ആരും പരീക്ഷിക്കാത്ത ഒരു തീമാണ് ചിത്രത്തിന്റേത്. കുമ്പളങ്ങി നൈറ്റ്സിന് ശേഷം ആന്‍ ബെന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ ഹെലനില്‍ ടൈറ്റില്‍ റോളില്‍ ആന്‍ എത്തുമ്പോള്‍ പോള്‍ എന്ന ഹെലന്റെ അച്ഛനായി എത്തുന്നത് ലാലാണ്. ഇവര്‍ രണ്ട് പേരിലൂടെയാണ് സിനിമയുടെ ഭൂരിഭാഗവും മുന്നോട്ട് പോകുന്നത്. ഒരു പക്കാ സര്‍വൈവല്‍ ചിത്രത്തിന് പുറമേ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും ചിത്രം മുന്നോട്ട് വെയ്ക്കുന്നു. ഇവര്‍ക്ക് പുറമേ അജു വര്‍ഗീസ്, റോണി ഡേവിഡ്, നോബിള്‍ ബാബു തോമസ്, ബിനു പപ്പു എന്നിവരും ഇവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സിനിമയെക്കുറിച്ച കൂടുതലായി പറഞ്ഞ് തുടങ്ങുന്നതിന് മുമ്പ്തന്നെ ഒരു കാര്യ പറയാം വിനീത് ശ്രീനിവാസന്റെ നിര്‍മ്മാണത്തിലെത്തുന്ന ഒരു ചിത്രവും മോശമാവില്ല എന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് ചിത്രം. മാത്രമല്ല പ്രേക്ഷകര്‍ക്കായി ചിത്രത്തില്‍ മറ്റൊരു സര്‍പ്രൈസ് കൂടി വിനീത് ഒളിപ്പിച്ച് വെച്ചിട്ടുണ്ട്.
ദി ചിക്കന്‍ ഹബ് എന്ന റസ്റ്റോറന്റിലെ വെയ്ട്രസായ പെണ്‍കുട്ടിയുടെ കഥയാണ് ഹെലന്‍ പറയുന്നത്. അപ്രതീക്ഷിതമായി ഒരു ദിവസം ഹെലനെ കാണാതാകുന്നു. അതുവരെയും അച്ഛന്‍ മകള്‍ ബന്ധം, പ്രണയം, ജോലി സ്ഥലം എന്നിവയിലൂടെ മാത്രം സഞ്ചരിക്കുന്ന ചിത്രം പൊടുന്നനെ മറ്റൊരു തലത്തിലേക്ക് കടക്കുന്നു. അതായത് ഒരു സര്‍വൈവല്‍ അവിടെ നിന്ന് തുടങ്ങുകയാണ്. ആര്‍ക്കും കുറച്ചുസമയം പോലും പിടിച്ചുനില്‍ക്കാന്‍ ആകാത്ത സ്ഥലത്ത് ഹെലന്‍ അകപ്പെട്ട് പോകുന്നു. അവിടെ 5 മണിക്കൂര്‍ എങ്ങനെ ഒരു പെണ്ണ് സര്‍വൈവ് ചെയ്യുമെന്നതാണ് സിനിമയുടെ സസ്പെന്‍സ്. ഓരോ നിമിഷവും ആകാംഷയുടെ മുള്‍മുനയിലാണ് പ്രേക്ഷകനെ ചിത്രം നിര്‍ത്തുന്നത്.
സിനിമയിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാലും ചിലരുടെയെല്ലാം അഭിനയത്തിനെ കുറിച്ച് എടുത്ത് പറയാതെ വയ്യ. ഹെലന്‍ എന്ന കഥാപാത്രമായി അന്ന സിനിമയിലുടനീളം ജീവിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. ഫ്രീസറിനുള്ളില്‍ ഒരാള്‍ പെട്ട് പോയാല്‍ എങ്ങനെയായിരിക്കും അല്ലെങ്കില്‍ എന്തായിരിക്കും അവരുടെ അവസ്ഥ എന്ന് കൃത്യമായി അന്ന കാണിച്ച് തരുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സിന് ശേഷം അന്ന ഒന്നുകൂടി പ്രേക്ഷകരെ ഞെട്ടിച്ചുവെന്ന് വേണം പറയാന്‍. ഇനി ചിത്രത്തില്‍ നായകനായി എത്തുന്നത് നോബിള്‍ ബാബു തോമസാണ്. നായികയുടെ അത്രയും ശക്തമായ കഥാപാത്രമല്ലായിരുന്നുവെങ്കിലും നോബിള്‍ തന്റെ കഥാപാത്രത്തെ നന്നായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ഒരു അച്ഛന്റെ എല്ലാ ഇമോഷന്‍സും ഈ സിനിമയിലൂടെ ലാലിന്റെ മുഖത്ത് മിന്നിമറയുന്നുണ്ട്. ഇനി പറയേണ്ടത് അജു വര്‍ഗീസ് അവതരിപ്പിച്ച പോലീസ് ഓഫീസറുടെ കഥാപാത്രത്തെക്കുറിച്ചാണ്. അജുവിന്റെ ചിരിമുഖം മാത്രം കണ്ട് പരിചയിച്ച മലയാളികളെ അജുവിന്റെ പകര്‍ന്നാട്ടം ഞെട്ടിപ്പിക്കും.
ഒരു സര്‍വൈവല്‍ മൂവിയായ ചിത്രം എന്നാല്‍ പ്രേക്ഷകനെ ഏറെ ഭാഗങ്ങളില്‍ കുടുകുടാ ചിരിപ്പിക്കുന്നുണ്ട്. ഇടയ്ക്കെല്ലാം കൈയ്യടിപ്പിക്കുന്നുണ്ട്, ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്, കരയിപ്പിക്കുന്നുണ്ട്. അങ്ങനെ ഒരു മനുഷ്യനില്‍ ഉണ്ടാകാവുന്ന ഏറെക്കുറെ ഇമോഷന്‍സിനെയും പ്രേക്ഷകനില്‍ എത്തിക്കുന്നുണ്ട് എന്ന് തീര്‍ത്തും പറയാം. ഒരു നിമിഷം പോലും മറ്റൊന്നിലേക്ക് പ്രേക്ഷകന്റെ ചിന്ത മാറാനുള്ള സാഹചര്യം സംവിധായകന്‍ ഉണ്ടാക്കുന്നില്ല. ഏതു വിഭാഗക്കാര്‍ക്കും ഒരുപോലെ കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന ചിത്രം ധൈര്യമായി തന്നെ തീയേറ്ററില്‍ പോയി കാണാം.. സിനിമ കണ്ട് ഇറങ്ങുന്നവരുടെ ഉള്ളില്‍ ഹെലന്‍ എന്ന മകളും പോള്‍ എന്ന അച്ഛനും ചേര്‍ന്ന് നില്‍ക്കും. അച്ഛനും മകളുമായുള്ള ഇരുവരുടെയും കെമിസ്ട്രി അത്രയും മികച്ചതായിരുന്നു ചിത്രത്തില്‍.
നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രം ഒരു തുടക്കകാരന്റെ സിനിമയില്‍ ഉണ്ടാകുന്ന യാതൊരു പോരായ്മയും കാണിച്ചില്ല എന്നതാണ് ശ്രദ്ധേയം. നല്ല ഡയറക്ഷന്‍ എന്ന് തന്നെ പറയാം. ബോളിവുഡ് ചിത്രമായ ആം ട്രാപ്പ്ഡ് എന്ന ചിത്രത്തിനോട് കുറച്ചെല്ലാം ചേര്‍ന്ന് നില്‍ക്കുന്നെങ്കിലും സിനിമ ഒട്ടും പ്രേക്ഷകനെ മുഷിപ്പിക്കുന്നില്ല. കുടുംബസമേതം തീയറ്ററില്‍ പോയി ആകാംഷയോടെ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് ഹെലന്‍.
ചിത്രത്തിന്റെ ക്യാമറ,ഡയറക്ഷന്‍, എഡിറ്റിങ്ങ്, സ്‌ക്രിപ്റ്റ്, സംഗീതം എന്നീ ഭാഗങ്ങളെല്ലാം വളരെ മികച്ച് തന്നെ നില്‍ക്കുന്നുണ്ട്. സംവിധായകനൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്ന രചന മികച്ച നിലവാരമാണ് പുലര്‍ത്തുന്നത്. ആനന്ദ് സി ചന്ദ്രന്റേതാണ് ഛായാഗ്രഹണം. ചിത്രത്തിന് അനുയോജ്യനമായ, കഥാസന്ദര്‍ഭത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദിന്റേതാണ്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തിയ്യറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.