മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ വാഹന രജിസ്ട്രേഷന്‍ (ആര്‍.സി) രേഖകളില്‍ നിന്നും പേരിനൊപ്പമുണ്ടായിരുന്ന 'ലഫ്റ്റനന്റ് കേണല്‍', 'ഡോക്ടര്‍' തുടങ്ങിയ ഔദ്യോഗിക പദവികള്‍ മോട്ടോര്‍ വാഹനവകുപ്പ് നീക്കം ചെയ്തു. താരത്തിന്റെ പേര് മാത്രം നിലനിര്‍ത്തിയാണ് ആര്‍.സി ബുക്കില്‍ പുതിയ തിരുത്തല്‍ വരുത്തിയത്.
മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള 'KL 7 CU 2020' നമ്പര്‍ കാറിന്റെ രജിസ്ട്രേഷന്‍ രേഖകളിലാണ് മോട്ടോര്‍ വാഹനവകുപ്പ് ഈ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തിയത്. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ക്ക് സമാനമായ പേര് മാത്രമേ വാഹന രജിസ്ട്രേഷന്‍ രേഖകളിലും ചേര്‍ക്കാന്‍ പാടുള്ളൂ എന്ന കേന്ദ്ര-സംസ്ഥാന നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ഈ നടപടി.
വാഹനവുമായി ബന്ധപ്പെട്ട ചില ഓണ്‍ലൈന്‍ സേനങ്ങള്‍ക്കായി മോഹന്‍ലാലിന്റെ ഏജന്റ് അടുത്തിടെ മോട്ടോര്‍ വാഹനവകുപ്പിന്റെ (ആര്‍.ടി.ഒ) ഓഫീസിലെത്തിയിരുന്നു. എന്നാല്‍ വാഹനത്തിന്റെ ആര്‍.സി ബുക്കിലെ പേരും മോഹന്‍ലാലിന്റെ ആധാര്‍ കാര്‍ഡിലെ പേരും തമ്മില്‍ വ്യത്യാസമുള്ളതിനാല്‍ സിസ്റ്റത്തില്‍ സാങ്കേതിക തടസ്സം നേരിടുകയായിരുന്നു.
രേഖകള്‍ തമ്മില്‍ ഒത്തുപോകാതിരുന്നതോടെ തുടര്‍നടപടികള്‍ തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് ആര്‍.സി രേഖകളിലെ പേര് ആധാര്‍ കാര്‍ഡിലുള്ളതുപോലെ കൃത്യമാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗികമായി പേരുമാറ്റം വരുത്തിയത്. ഇതുവരെ മോഹന്‍ലാലിന്റെ വാഹന രേഖകളില്‍ 'ലഫ്റ്റനന്റ് കേണല്‍ ഡോ. വി മോഹന്‍ലാല്‍' എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പ്രാദേശിക ആര്‍.ടി ഓഫീസില്‍ വെച്ച് തിരുത്തലുകള്‍ വരുത്തിയതോടെ ഇത് ഇപ്പോള്‍ 'വിശ്വനാഥന്‍ നായര്‍ മോഹന്‍ലാല്‍' എന്നായി മാറിയിട്ടുണ്ട്. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര വാഹനമാണിത്. വാഹന ഉടമസ്ഥരുടെ പേരില്‍ ഔദ്യോഗിക പദവികളോ ബിരുദങ്ങളോ ചേര്‍ക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
വ്യക്തിഗത തിരിച്ചറിയല്‍ രേഖയായ ആധാറുമായി പരിധികളില്ലാതെ വാഹന്‍ സാരഥി പോര്‍ട്ടല്‍ ബന്ധിപ്പിച്ചതോടെയാണ് ഇത്തരം തിരുത്തലുകള്‍ രാജ്യത്തുടനീളം നിര്‍ബന്ധമാക്കിയത്. സമാനമായ രീതിയില്‍ അടുത്തിടെ ഗതാഗത വകുപ്പില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു മുന്‍ ഗതാഗതമന്ത്രിയും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസന്‍സിലെ പേരുമാറ്റം. ലൈസന്‍സില്‍ പേരിനൊപ്പം ചേര്‍ത്തിരുന്ന 'എം.എല്‍.എ' എന്ന പദം മോട്ടോര്‍ വാഹനവകുപ്പ് നീക്കം ചെയ്തിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ നല്‍കിയ പുതിയ ലൈസന്‍സില്‍ 'കെ.ബി. ഗണേഷ് കുമാര്‍' എന്ന് മാത്രമാണ് നിലവിലുള്ളത്.
ലൈസന്‍സില്‍ പേരിനൊപ്പം പ്രോട്ടോകോള്‍ പദവിയായ 'എം.എല്‍.എ' എന്ന് അനധികൃതമായി ചേര്‍ത്തതില്‍ വകുപ്പുതല അന്വേഷണം നടന്നു വരികയായിരുന്നു. ഇതിനിടയിലാണ് പേരും വിലാസവും തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍ തന്നെ അപേക്ഷ നല്‍കിയത്. ആധാര്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്‍ ഉള്ളതുപോലെ മാത്രമേ ഡ്രൈവിങ് ലൈസന്‍സിലും പേര് രേഖപ്പെടുത്താവൂ എന്നാണ് മോട്ടോര്‍ വാഹന നിയമത്തിലെ കശനമായ ചട്ടം. എന്നാല്‍ ആറ്റിങ്ങല്‍ ആര്‍.ടി.ഒയില്‍ നിന്ന് നേരത്തെ അനുവദിച്ച ലൈസന്‍സില്‍ 'എം.എല്‍.എ' എന്ന് കൂട്ടിച്ചേര്‍ത്തത് വലിയ തോതില്‍ മാധ്യമ ശ്രദ്ധ നേടുകയും വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച ലൈസന്‍സ് ആയതിനാല്‍ അന്ന് അപേക്ഷയോടൊപ്പം നല്‍കിയ രേഖകളോ ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥന്റെ വിവരങ്ങളോ സിസ്റ്റത്തില്‍ ലഭ്യമായിരുന്നില്ല. അതിനാല്‍ തന്നെ ഈ വിഷയത്തിലുള്ള അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഗതാഗത വകുപ്പിന് സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നുണ്ട്. പ്രമുഖരുടെ രേഖകളില്‍ നിയമപരമായ തിരുത്തലുകള്‍ വന്നതോടെ സാധാരണക്കാരും വാഹന രേഖകള്‍ ആധാറുമായി കൃത്യമായി ലിങ്ക് ചെയ്യാനുള്ള നടപടികളിലാണ്.