നിര്‍മ്മാതാവും സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂരിന് ജന്മദിന-വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ആന്റണിക്കും ഭാര്യ ശാന്തിക്കുമൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പം ഹൃദ്യമായൊരു കുറിപ്പ് പങ്കുവെച്ചാണ് താരം ആശംസകള്‍ അറിയിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയുമുണ്ട്.
'പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട ആന്റണി. സമാധാനവും സന്തോഷവും ആരോഗ്യവും എണ്ണിയാലൊടുങ്ങാത്ത നല്ല നിമിഷങ്ങളും നിറഞ്ഞ ഒരു വര്‍ഷം ആശംസിക്കുന്നു. വിവാഹവാര്‍ഷിക ദിനത്തില്‍, ഒന്നിച്ച് പടുത്തുയര്‍ത്തിയ എല്ലാത്തിനെയും നന്ദിയോടെ ഓര്‍ക്കാനും മുന്നിലുള്ള മനോഹരമായ യാത്രയെ ആവേശത്തോടെ സ്വീകരിക്കാനും സാധിക്കട്ടെ,' എന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താരത്തിന്റെ പോസ്റ്റ് നിമിഷങ്ങള്‍ക്കകമാണ് ആരാധകര്‍ ഏറ്റെടുത്തത്.
മോഹന്‍ലാലിന്റെ ഏറ്റവും വിശ്വസ്തനും പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരനുമായ ആന്റണി പെരുമ്പാവൂര്‍ 1968 മേയ് 25-നാണ് ജനിച്ചത്. മോഹന്‍ലാല്‍ ചിത്രങ്ങളായ 'കിലുക്കം' മുതല്‍ അണിയറയില്‍ ഒരുങ്ങുന്ന 'ദൃശ്യം 3' വരെ ഒട്ടേറെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ നടനായും ആന്റണി തിളങ്ങിയിട്ടുണ്ട്. ശാന്തിയാണ് ഭാര്യ. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.