തന്റെ സുഹൃത്തിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്ന വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍. എന്റെ സുഹൃത്ത് ജെടി പൈലറ്റാകുമ്പോള്‍ സാഹിസകതയ്ക്ക് പുതിയ അര്‍ഥം കൈവരും' എന്ന കുറിപ്പോടെയാണ് നടന്‍ വീഡിയോ പങ്കുവെച്ചത്. മോഹന്‍ലാലിന്റെ സുഹൃത്തും ബിസിനസുകാരനുമായ ജോസ് തോമസിനൊപ്പമാണ് മോഹന്‍ലാല്‍ വിമാന യാത്ര നടത്തിയത്.
മോഹന്‍ലാലിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആരാണ് ജെ.ടി. എന്ന ചോദ്യവും അതിന് ഉത്തരവുമൊക്കെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ചോയ്‌സ് ഗ്രൂപ്പ് എംഡിയും ഷെഫുമായ ജോസ് തോമസാണ് മോഹന്‍ലാലിന്റെ സുഹൃത്ത് ജെ.ടി. എന്ന് ആരാധകരില്‍ നിന്നു തന്നെ ഉത്തരവും വന്നു.
'സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചിട്ട് പറന്ന് നടക്കുവാ...', 'ലാലേട്ടാ സൂപ്പര്‍ വീഡിയോ', 'തിരിച്ചു വേഗം വരൂ...അടുത്ത പടം ചെയ്യണ്ടേ?', എന്നിങ്ങനെ നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ എഴുതുന്നത്.
രസകരമായ മറ്റ് കമന്റുകളും അക്കൂട്ടത്തിലുണ്ട്. 'സൂക്ഷിച്ചുകൊണ്ടുപോകണം ഞങ്ങടെ ലാലേട്ടനെ, 'ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥന് സമമാണ്, ഇതിലും ഉയരങ്ങളില്‍ ആണ് ലാലേട്ടാ നിങ്ങള്‍ക്കുള്ള സ്ഥാനം ജനങ്ങളുടെ മനസ്സില്‍...,ഹൃദയപൂര്‍വം പറന്നു നടക്കുവാ അല്ലേ,3 പടം പറപ്പിച്ചിട്ടു പറന്നു നടക്കുവാ... എല്‍ തുടരും...' എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കോമ്പോ വീണ്ടും തിയേറ്ററിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനംചെയ്ത മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നുണ്ട്. ചിത്രം പ്രദര്‍ശനത്തെത്തിയപ്പോള്‍ മോഹന്‍ലാല്‍ വിദേശത്തായിരുന്നു. കഴിഞ്ഞദിവസം യുഎസില്‍നിന്ന്, ചിത്രം വിജയപ്പിച്ചതില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള വീഡിയോ താരം പങ്കുവെച്ചിരുന്നു.
സോനു ടിപി തിരക്കഥയെഴുതിയ ചിത്രത്തില്‍ മാളവിക മോഹനന്‍ ,സംഗീത മാധവന്‍ നായര്‍ , സംഗീത് പ്രതാപ് എന്നിവരും സിദ്ദിഖ് , ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.