ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് തന്നെ ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് ബോളിവുഡ് നടി വേദിക പിന്റോ. 'മുസാഫിര്‍ കഫേ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം തന്റെ വ്യായാമമുറകളെക്കുറിച്ചും പോഷകാഹാര ശീലങ്ങളെക്കുറിച്ചും തുറന്നുപറയുകയാണിപ്പോള്‍. 'ദി ഇന്ത്യന്‍ എക്സ്പ്രസി'ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഫിറ്റ്നസിനോടുള്ള തന്റെ കാഴ്ചപ്പാടുകള്‍ നടി വ്യക്തമാക്കിയത്.
ഏതെങ്കിലും ഒരു പ്രത്യേക വ്യായാമരീതി മാത്രം പിന്തുടരുന്നതിന് പകരം വര്‍ക്ക്ഔട്ടുകളില്‍ വൈവിധ്യം കൊണ്ടുവരാനാണ് താന്‍ ശ്രദ്ധിക്കാറുള്ളതെന്ന് വേദിക പറയുന്നു. വെയ്റ്റ് ട്രെയിനിംഗും പൈലേറ്റ്‌സും (Pilates) കൃത്യമായി പരിശീലിക്കുന്നത് പേശികളുടെ വളര്‍ച്ചയ്ക്കും കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ സഹായിക്കുന്നുണ്ട്. സാധാരണ ദിവസങ്ങളില്‍ കാര്‍ഡിയോ വ്യായാമങ്ങള്‍ അധികമായി ചെയ്യാറില്ലെങ്കിലും അവധിക്കാല യാത്രകളില്‍ ദിവസവും 40,000 ചുവടുകള്‍ വരെ നടക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി.
ഫിറ്റ്നസ് എന്നത് ജിമ്മിലെ വ്യായാമത്തില്‍ മാത്രം അവസാനിക്കുന്ന ഒന്നല്ലെന്നും കഴിക്കുന്ന ഭക്ഷണത്തിലും കൃത്യമായ ശ്രദ്ധ വേണമെന്നും വേദിക ഓര്‍മ്മിപ്പിക്കുന്നു. ഭക്ഷണത്തിന്റെ രുചിയില്‍ ഒരു വിട്ടുവീഴ്ചയും വരുത്താതെ ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ആഹാരക്രമമാണ് താന്‍ പിന്തുടരുന്നത്. ദൈനംദിന ഭക്ഷണത്തില്‍ പ്രോട്ടീനും നാരുകളും അടങ്ങിയ വിഭവങ്ങള്‍ക്ക് താരം മുന്‍ഗണന നല്‍കുന്നു. പ്രോട്ടീന്‍ ധാരാളം ഉള്‍പ്പെടുത്തിയത് മധുരപലഹാരങ്ങളോടുള്ള ആഗ്രഹം കുറയ്ക്കാന്‍ സഹായിച്ചപ്പോള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണം അമിതവിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും തുണയായി.
ഇതിനുപുറമെ നെയ്യോടുള്ള തന്റെ അതിയായ ഇഷ്ടവും താരം അഭിമുഖത്തില്‍ പങ്കുവെച്ചു. ദിവസവും രാവിലെ എഴുന്നേറ്റയുടന്‍ ശ്വസന വ്യായാമങ്ങളും സ്‌ട്രെച്ചിംഗും ചെയ്യുന്നത് ശീലമാക്കിയിട്ടുണ്ട്. രാവിലത്തെ സമയം സ്വയം മാറ്റിവെക്കുന്നതിന്റെ ഭാഗമായി, എഴുന്നേല്‍ക്കുന്ന ആദ്യത്തെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും വേദിക പിന്റോ കൂട്ടിച്ചേര്‍ത്തു