ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് നായികയാകുന്ന സിനിമ എന്നതുകൊണ്ട് തന്നെ ഫനെ ഖാൻ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ നടിയുടെ അടിപൊളി നൃത്തച്ചുവടുകളുമായുള്ള ആദ്യ ഗാനത്തെയും വമ്പൻ വരവേല്പിലൂടെ ഏറ്റെടുക്കുകയാണ് ആരാധകർ. ആദ്യഗാനമായ മൊഹബതിലാണ് ഐശ്വര്യയുടെ മിന്നും പ്രകടനം.
സുനന്ദി ചൗഹാൻ ആലപിച്ചിരിക്കുന്ന ഗാനവുമായിട്ടാണ് അതുൽ മഞ്ജരേക്കറിന്റെ ഫന്നേ ഖാനിൽ ഐശ്വര്യ എത്തിയിരിക്കുന്നത്. സൂപ്പർ സെൻഷേനായ ബേബി സിങ് എന്ന അതിസുന്ദരിയായ ഗായികയായാട്ടാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്.
വിവിധ സ്റ്റേജുകളിൽ ആർപ്പുവിളിക്കുന്ന ആരാധകർക്കു മുന്നിൽ പാടിതകർക്കുന്ന ബേബി സിങായിട്ടാണ് ഐശ്യര്യ പാട്ടിലുടനീളം പ്രത്യക്ഷപ്പെടുന്നത്.
ലോകപ്രശസ്ത നൃത്തസംവിധായകനായ ഫ്രാങ്ക് ഗാട്സൺ ജൂനിയറാണ് ചിത്രത്തിലെ രണ്ടു പാട്ടുകൾക്കു കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ജെന്നിഫർ ലോപ്പസ്, ബിയോൺസ്, റിഹാന എന്നിവരുടെ മ്യൂസിക് വീഡിയോകളിൽ കൊറിയോഗ്രഫി ചെയ്ത ഡാൻസറാണ് ഫ്രാങ്ക്.
ഫന്നേ ഖാനിൽ നായകനായി എത്തുന്നത് അനിൽ കപൂറാണ്. ഐശ്വര്യ റായിയും അനിൽ കപൂറും 17 വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഫന്നേ ഖാൻ. ദേശീയ അവാർഡ് ജേതാവ് രാജ്കുമാർ റാവും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നൂണ്ട്.