Latest News

ലോക സുന്ദരിക്ക് ഇന്ന് ജന്മദിനം; 49 ന്റെ നിറവിലും യൗവ്വനം കാത്ത് സൂക്ഷിച്ച് വിസമയിപ്പിക്കുന്ന താരമായി ഐശ്വര്യ റായി; മോഡലിങില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറിയ താരത്തിന്‌  ആശംസകളുമായി സിനിമാ ലോകവും ആരാധകരും

Malayalilife
ലോക സുന്ദരിക്ക് ഇന്ന് ജന്മദിനം; 49 ന്റെ നിറവിലും യൗവ്വനം കാത്ത് സൂക്ഷിച്ച് വിസമയിപ്പിക്കുന്ന താരമായി ഐശ്വര്യ റായി; മോഡലിങില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറിയ താരത്തിന്‌  ആശംസകളുമായി സിനിമാ ലോകവും ആരാധകരും

ലോകസുന്ദരി എന്ന് പറയുമ്പോള്‍ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന മുഖമാണ് ഐശ്വര്യ റായിയുടേത്. അഭിനയത്തികവിന്റെ ചാരുതയില്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഐശ്വര്യ റായ്‌യ്ക്ക് ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്.50-ാം വയസിനോട് അടുക്കുമ്പോഴും ഐശ്വര്യയുടെ അഴകിന് ഒരു മാറ്റവും വന്നിട്ടില്ലെന്നതും വിസ്മം മാത്രമാണ്.

മോഡലിംഗിലൂടെ കരിയര്‍ തുടങ്ങിയ ഐശ്വര്യ ഇപ്പോഴും സിനിമ രംഗത്തും ഫാഷാന്‍ റാംപുകളിലും സജീവമാണ്. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരാണ് ഐശ്വര്യയ്ക്കുള്ളത്. ആഷ് എന്നാണ് ഐശ്വര്യയെ സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്. ഇപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകരും സഹപ്രവര്‍ത്തകരും പ്രിയ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്.

1973 നവംബര്‍ ഒന്നിനാണ് ഐശ്വര്യയുടെ ജനനം. അച്ഛന്‍ മറൈന്‍ ബയോളജിസ്റ്റായ കൃഷ്ണരാജ് റായ്. അമ്മ എഴുത്തുകാരി വൃന്ദ റായ്. മോഡലിങ്ങിലൂടെയായിരുന്നു ഐശ്വര്യ കരിയര്‍ ആരംഭിച്ചത്. 1994 ല്‍ ലോകസുന്ദരി പട്ടം നേടിയതോടെ ഐശ്വര്യ ഇന്ത്യക്കാര്‍ക്കൊന്നാകെ സുപരിചിതയായി.

വിദ്യാഭ്യാസ കാലത്ത് തന്നെ മോഡലിംഗ് ചെയ്താണ് കലാരംഗത്തെ ഐശ്വര്യ റായ്‌യുടെ തുടക്കം. 1994ല്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഐശ്വര്യ റായ് മിസ് ഇന്ത്യാ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ലോക സുന്ദരിപ്പട്ടം ചൂടി ഐശ്വര്യ റായ് ഇന്ത്യയുടെ അഭിമാനമായി മാറി. ശേഷം മോഡലിംഗില്‍ സജീവമായ ഐശ്വര്യ റായ് വൈകാതെ സര്‍വകലകളുടെയും സംഗമമായ സിനിമയിലേക്കും എത്തുകയായിരുന്നു.

ലോക സുന്ദരിപ്പട്ടം നേടിയതിന് പിന്നാലെ ബോളിവുഡില്‍ നിന്നടക്കം നിരവധി അവസരങ്ങള്‍ ഐശ്വര്യ റായ്‌യെ തെരഞ്ഞെടുത്തിരുന്നു. പക്ഷേ ഐശ്വര്യ റായ് തെരഞ്ഞെടുത്തത് തമിഴകത്തെയായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത 'ഇരുവര്‍' എന്ന ചിത്രത്തിലൂടെ 1997ല്‍ ഐശ്വര്യ റായ് വെള്ളിത്തിരയില്‍ അരങ്ങേറി. 'ഓര്‍ പ്യാര്‍ ഹോഗയാ' എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്ക് എത്തിയത്.

രാജ്യാന്തര ചലച്ചിത്രമേളകളിലും അന്താരാഷ്ട്ര പരസ്യ ബ്രാന്‍ഡുകളിലും മിന്നുംതാരമായി ഐശ്വര്യ റായ് ആഗോള പ്രശസ്തി നേടി. അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷവും അഭിനയം ഐശ്വര്യ റായ് തുടര്‍ന്നു. മകള്‍ ആരാധ്യക്ക് ജന്‍മം നല്‍കി അധികം വൈകാതെ ക്യാമറയ്ക്ക് മുന്നിലേക്ക് ഐശ്വര്യ റായ് തിരിച്ചെത്തിയിരുന്നു. അഞ്ച് ഭാഷകളിലായി 47 സിനിമകളിലേ ഇതുവരെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഇന്നും യുവ നടിമാരെ പോലും അമ്പരപ്പിക്കുന്ന തരത്തില്‍ ഇന്ത്യയുടെ വെള്ളിത്തിരയില്‍ നായികയായി അഭിനയജീവിതം തുടരുകയാണ് ഐശ്വര്യ റായ്.

ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായ മണിരത്‌നത്തിന്റെ പൊപാന്നിയിന്‍ സെല്‍വന്‍-1' നടി മികച്ച അഭിനയം കാഴ്ച്ചവച്ചിരുന്നു. കല്‍കി എഴുതിയ കഥയില്‍ ലോകത്തിലെ ഏറ്റവും സുന്ദരി എന്ന് പറഞ്ഞു വെയ്ക്കുന്ന നന്ദിനിയെ അവതരിപ്പിക്കാന്‍ ഐശ്വര്യ തന്നെയാണ് മികച്ചത് എന്ന് നിരൂപകരും പറയുന്നു. തന്റെ വശ്യമായ സൗന്ദര്യം പടച്ചട്ടയാക്കിക്കൊണ്ട് ചോളന്മാരുടെ കുലം മുടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബുദ്ധിശാലിയായ നന്ദിനിയെ മികച്ചതാക്കി ഐശ്വര്യ. 

aishwarya rai bachchan turns 49

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES