ഉത്സവങ്ങളുടെ കാലമാണ് ഇപ്പോള്‍ കേരളം മുഴുവന്‍. സിനിമാ സീരിയല്‍ മിമിക്രി താരങ്ങള്‍ക്കും പാട്ടുകാര്‍ക്കുമെല്ലാം ചാകരയുടെ കാലവും. അതിനിടെയുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സ്റ്റേജിനു മുന്നില്‍ എല്ലാം മറന്ന് നൃത്തം ചെയ്യുന്ന ഒരു ഭാര്യയുടേയും ഭര്‍ത്താവിന്റെയും വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറലായത്. ഇപ്പോഴിതാ, എംജി ശ്രീകുമാറിന്റെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
മധ്യകേരളത്തിലെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഉത്സവ വേദിയില്‍ പാട്ടു പാടാനെക്കിയ എംജി ശ്രീകുമാര്‍ നിരവധി പാട്ടുകള്‍ പാടി കാണികളുടെ കയ്യിലെടുത്ത് നില്‍ക്കവെയാണ് അപ്രതീക്ഷിതമായി കാണികള്‍ക്കിടയില്‍ നിന്നും ഒരാളുടെ കമന്റ് ഉച്ചത്തില്‍ വേദിയില്‍ മുഴങ്ങുന്നതും അയാള്‍ക്ക് അടി മോനെ പൂക്കുറ്റി എന്ന് അദ്ദേഹം പറഞ്ഞതുപോലെ ചുട്ടമറുപടി ശ്രീകുമാര്‍ നല്‍കുന്നതും.
കഴിഞ്ഞ ദിവസമായിരുന്നു ഈ സംഭവം നടന്നത്. മലയാളത്തിലെ ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായിരുന്നു അദ്ദേഹം അതിമനോഹരമായി വേദിയില്‍ ആലപിച്ചത്. നിലാവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളെ.. അഷ്ടപദീലയം തുള്ളിതുളുമ്പുന്ന അമ്പലപ്പുഴയിലെ നാലമ്പലത്തില്‍.. അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍.. മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ തുടങ്ങി നിരവധി ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. തിങ്ങിനിറഞ്ഞ സ്റ്റേജിനു മുന്നില്‍ നിന്നും കാണികള്‍ ആവശ്യപ്പെടുന്ന പാട്ടുകളും അദ്ദേഹം പാടിയിരുന്നു. അങ്ങനെ കയ്യടികള്‍ നേടി ഗാനമേള മുന്നോട്ടു പോകുന്നതിനിടെയാണ് കാണികള്‍ക്കിടയില്‍ നിന്നും ഒരാള്‍ ഉച്ചത്തില്‍ ഇനി നല്ലൊരു പാട്ടു പാട് എന്ന് വിളിച്ചു പറഞ്ഞത്. ഒട്ടും വൈകാതെ അടുത്ത സെക്കന്റില്‍ തന്നെ അയാള്‍ക്ക് ശ്രീകുമാര്‍ മറുപടിയും കൊടുത്തു.
ആഹ്.. ഇത്രയും നേരം കേട്ടത് മുഴുവന്‍ ചീത്ത പാട്ടുകളാ.. ഇനി നല്ല പാട്ടു കേള്‍ക്കണമെങ്കില്‍ താനൊരു കാര്യം ചെയ്.. വീട്ടില്‍ പോയി റേഡിയോ ഓണാക്കി വെച്ച് കേള്‍ക്ക്.. അതിനകത്ത് നല്ല പാട്ടൊക്കെ കേള്‍ക്കും. കേട്ടോ.. അളിയാ.. ആരാ അതു പറഞ്ഞത്.. മക്കളേ.. താന്‍ നല്ല പാട്ടുകള്‍ കേട്ടിട്ടില്ല.. താന്‍ കേട്ടിട്ടുള്ള പാട്ടേ.. എന്നു പറഞ്ഞ് വീണ്ടും പറയാന്‍ തുടങ്ങുന്നതിനിടെ സദസ്യര്‍ക്കിടയില്‍ നിന്നും മറ്റാരോ സ്വാമിയേ എന്നു ഉറക്കെ പറയമ്പോള്‍ ശരണമയ്യപ്പാ എന്നും എം ജി അതിനിടെയ പറയുന്നുണ്ട്. ശേഷം ഇവനിതൊക്കെ വേണം.. ഇത്രയും കിട്ടിയില്ലെങ്കില്‍ ഇന്ന് ഉറക്കം വരത്തില്ല. പോകുന്ന വഴി വല്ലോരും മോണയ്ക്ക് കുത്തും കേട്ടോ.. എന്നും എംജി ശ്രീകുമാര്‍ പറയുമ്പോള്‍ മറ്റുള്ളവര്‍ അതു കേട്ട് ഉറക്കെ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. അല്ലാതെ പിന്നെ എന്ന ക്യാപ്ഷനോടെ നാട്ടുകാരനായ ഷിജിത്ത് ശശീന്ദ്രനാണ് വീഡിയോ പങ്കുവച്ചത്. എന്തായാലും അഞ്ചുലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
വീഡിയോയ്ക്ക് താഴെയും എംജി ശ്രീകുമാറിനെ അനുകൂലിച്ചാണ് കമന്റുകള്‍ മുഴുവന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടി പൂക്കുറ്റി.. അടി ചെപ്പകുറ്റി.. സ്റ്റേജിനു ചുറ്റും കുറച്ചു പാമ്പുകള്‍ ഉണ്ടായിരുന്നു.. പ്രോഗ്രം കളര്‍ഫുള്‍ ആയിരുന്നു. നാട്ടിലെ മെയിന്‍ കളിക്കാന്‍ നോക്കിയതാ.. എംജി അണ്ണന്‍ ഒരു പൂക്കുറ്റി അങ്ങ് കൊടുത്തു.. അടിച്ച സാധനം നന്നായി കിറുങ്ങിയപ്പോ പെട്ടെന്ന് നാട്ടിലെ തട്ടിക്കൂട്ട് ഗാനമേള ടീം ആണെന്ന് കരുതിക്കാണും.. ഇതിലും ഭേദം കൊല്ലുന്നതായിരുന്നു തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.