അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന്റെ ഓര്‍മ്മകളില്‍ ഭാര്യ രഹ്ന നവാസ് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഇന്‍സ്റ്റഗ്രാം വിഡിയോ വൈറലാകുന്നു. 'എന്നെ വിഷമത്തിലേയ്ക്കു പോകാന്‍ പോലും അനുവദിക്കില്ലായിരുന്നു' എന്ന കുറിപ്പോടെയാണ് നവാസിനൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ രഹ്ന പങ്കുവെച്ചത്. ബീച്ചില്‍ ഒരു വള്ളത്തിന് സമീപം ദൂരേക്ക് നോക്കി വിഷമിച്ചിരിക്കുന്ന ഭാര്യയെ പാട്ടുപാടി ആശ്വസിപ്പിക്കുന്ന നവാസിനെയാണ് വിഡിയോയില്‍ ഉള്ളത്. ഈ ദൃശ്യങ്ങള്‍ ആരാധകരെയും സഹപ്രവര്‍ത്തകരെയും ദുഃഖത്തിലാഴ്ത്തുകയും പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
രഹ്നയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നാണ് സൈബര്‍ ലോകം ചോദിക്കുന്നത്. 2025 ഓഗസ്റ്റ് 1 ന് രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കലാഭവന്‍ നവാസ് അന്തരിച്ചത്. 'പ്രകമ്പനം' എന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെ ഹോട്ടലില്‍ താമസിക്കുമ്പോളായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. കരിയറില്‍ ശക്തമായി തിരിച്ചുവരുന്നതിനിടയിലുണ്ടായ നവാസിന്റെ മരണം സിനിമാ മേഖലയ്ക്കും കുടുംബത്തിനും തീരാനഷ്ടമായിരുന്നു.
നവാസിന്റെ വേര്‍പാടിനുശേഷം അദ്ദേഹത്തിന്റെ അഭാവത്തില്‍ നിന്ന് ഭാര്യ രഹ്ന എങ്ങനെ കരകയറുമെന്ന ആശങ്ക സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായിരുന്നു. നവാസിന്റെ മക്കളും തങ്ങളുടെ വാപ്പിച്ചി പോയ വേദന നെഞ്ചിലെ ഭാരമാണെന്നും ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് ഒരുപാട് പേരുടെ പ്രാര്‍ത്ഥനയുടെ ഫലമാണെന്നും നേരത്തെ കുറിച്ചിരുന്നു. കലാകുടുംബത്തില്‍ ജനിച്ച കലാഭവന്‍ നവാസ്, 2002 ഒക്ടോബറിലാണ് പള്ളുരുത്തി സ്വദേശിയും നടിയുമായ രഹ്നയെ ജീവിതസഖിയാക്കിയത്. ഒരു സ്റ്റേജ് പരിപാടിക്കിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു.