നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷാവിധിയില്‍ പ്രതികരിച്ച് നടി സ്നേഹ ശ്രീകുമാര്‍. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമായിരുന്നു എന്നും അഞ്ച് ലക്ഷമല്ല, അഞ്ച് കോടി കൊടുത്താലും അതിജീവിത അനുഭവിച്ച വേദനയ്ക്ക് പകരമാവില്ലെന്നും സ്നേഹ പറഞ്ഞു.സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സ്നേഹ ഇക്കാര്യങ്ങള്‍ അറിയിച്ചത്. '
പ്രതികളുടെ പ്രായം പരിഗണിക്കുന്നു, അവര്‍ക്കു ഭാര്യയുണ്ട് മക്കളുണ്ട്. കഷ്ട്ടം? അനുഭവിക്കേണ്ടി വന്ന പെണ്‍കുട്ടിയെ കുറിച്ചു ഇതൊന്നും പറയുന്നില്ല, അത്തരം ഒരു പരിഗണയും കൊടുക്കുന്നുമില്ല. അവരുടെ പ്രായവും കുടുംബവും ഇത്രേം വര്‍ഷങ്ങളായി മാറാതെ നില്‍ക്കുന്ന അവരുടെ മാനസികഅവസ്ഥയും ഒന്നും നമ്മുടെ വ്യവസ്ഥയില്‍ വലുതല്ലേ?' സ്നേഹ ശ്രീകുമാര്‍ ചോദിച്ചു.
ഇത്രയും ക്രിമിനലുകളായ 6 പേരുടെ പ്രായവും കുടുംബവുമാണോ അതിജീവിതയുടെ മാനസികാവസ്ഥയെക്കാള്‍ വലുത്?' എന്ന് അവര്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ചോദിച്ചു. ഈ വിധിയില്‍ പൂര്‍ണ്ണമായ നീതി ലഭിച്ചുവെന്ന് പറയാന്‍ സാധിക്കില്ലെന്നും പരമാവധി ശിക്ഷ പ്രതികള്‍ക്ക് ലഭിക്കണമായിരുന്നുവെന്നും സ്‌നേഹ ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേസിലെ വിധി ചോദ്യം ചെയ്തുകൊണ്ട് അതിവേഗ അപ്പീല്‍ നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. അപ്പീല്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.