'ദൃശ്യം 3' പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടിയേ ബാക്കിയുള്ളൂ. ഇപ്പോഴിതാ ദൃശ്യത്തിലേക്ക് വന്നതിനെക്കുറിച്ച് പറയുകയാണ് നടി മീന. ദൃശ്യം ആദ്യ ഭാഗത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ ചെയ്യുന്നില്ല എന്നായിരുന്നു തന്റെ ആദ്യ മറുപടിയെന്നാണ് മീന പറയുന്നത്.
റിലീസിനോടനുബന്ധിച്ച് ആശീര്‍വാദ് സിനിമാസ് പുറത്തിറക്കിയ പ്രത്യേക ചാറ്റ് ഷോയില്‍ ആണ് ദൃശ്യത്തിന്റെ ആദ്യഭാഗവുമായി ബന്ധപ്പെട്ട കൗതുകകരമായ ഒരു ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് നടി മീന. ദൃശ്യത്തിന്റെ ആദ്യഭാഗത്തിന്റെ കഥ കേട്ടപ്പോള്‍ താന്‍ ആദ്യം സിനിമ നിരസിച്ചിരുന്നുവെന്നാണ് മീന വെളിപ്പെടുത്തിയത്.
'ദൃശ്യം ആദ്യഭാഗത്തില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ട എന്ന് പറഞ്ഞതാണ്. എന്ത് വിഢിത്തമാണ് അന്ന് ഞാന്‍ പറഞ്ഞതെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു. അന്ന് എന്റെ മകള്‍ക്ക് രണ്ട് വയസ്സ് മാത്രമായിരുന്നു പ്രായം. അവളെ വിട്ടിട്ട് വരാന്‍ പറ്റില്ലെന്ന് വിചാരിച്ചാണ് ഒഴിഞ്ഞുമാറിയത്. നല്ല തിരക്കഥയും കഥാപാത്രവുമാണെങ്കിലും മകളെ ഓര്‍ത്ത് വരാന്‍ കഴിയില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞു.
എന്നാല്‍ സംവിധായകന്‍ ജീത്തു ജോസഫ് എന്നെ വന്ന് കാണുന്നതിന് മുന്‍പ് തന്നെ ചിത്രത്തെക്കുറിച്ച് മമ്മൂക്ക എന്നോട് സംസാരിച്ചിരുന്നു. നല്ല കഥാപാത്രമാണ്, നിനക്ക് നന്നായി ചേരും, ജീത്തു വന്ന് കഥ പറയും എന്നൊക്കെ മമ്മൂക്ക പറഞ്ഞു. പക്ഷേ എനിക്ക് അപ്പോഴും ഉറപ്പില്ലായിരുന്നു. ആ കഥാപാത്രത്തെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കാന്‍ പറ്റുമോ എന്ന ആശങ്കയും ആശയക്കുഴപ്പങ്ങളുമുണ്ടായിരുന്നു. എങ്കിലും എനിക്കുവേണ്ടി എന്ത് സൗകര്യവും ചെയ്തുതരാമെന്ന് ആന്റണി ഉറപ്പുനല്‍കി. അങ്ങനെയാണ് ഞാന്‍ 'റാണി' എന്ന കഥാപാത്രത്തോട് യെസ് പറയുന്നത്,' മീന ഓര്‍ത്തെടുത്തു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ദൃശ്യം 3-ന്റെ ചിത്രീകരണം കഴിഞ്ഞ ഡിസംബര്‍ ആദ്യം പൂര്‍ത്തിയായിരുന്നു. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ ഹസ്സന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ തിരിച്ചെത്തുന്നുണ്ട്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിങ് വിനായകും സംഗീതം അനില്‍ ജോണ്‍സണും നിര്‍വ്വഹിക്കുന്നു.
2013-ലാണ് മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലൊന്നായ ദൃശ്യം ആദ്യഭാഗം റിലീസ് ചെയ്യുന്നത്. ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥയുമായി 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2021-ല്‍ ദൃശ്യം 2 എത്തിയെങ്കിലും കോവിഡ് പ്രതിസന്ധി മൂലം ഒടിടി പ്ലാറ്റ്ഫോമിലായിരുന്നു റിലീസ്. ഒടിടിയിലായിരുന്നിട്ടും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ചിത്രത്തെ വരവേറ്റത്. ഇപ്പോള്‍ ദൃശ്യം 3 തിയേറ്ററുകളിലേക്ക് നേരിട്ടെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം.