നടന്‍ മനോജ് കെ. ജയന്‍ തന്റെ പ്രിയ സുഹൃത്തും മലയാള സിനിമയുടെ സൂപ്പര്‍താരവുമായ മമ്മൂട്ടിയെ ലണ്ടനില്‍ കണ്ട സന്തോഷം ആരാധകരുമായി പങ്കുവെച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം താരത്തിന്റെ കണ്ട് സന്തോഷം പ്രകടിപ്പിച്ചത്.
ലണ്ടനില്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ ഏറെ സന്തോഷമായിരുന്നുവെന്നും, അദ്ദേഹം അത്യന്തം ആരോഗ്യവാനായും ഉല്ലാസമായും കാണപ്പെട്ടുവെന്നും മനോജ് കെ. ജയന്‍ കുറിച്ചു. ''ലണ്ടന്‍ മാറിയേക്കാം, പക്ഷേ ബിലാല്‍ അതേ ബിലാലാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനില്‍ വച്ച് കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു. ദൈവത്തിന് നന്ദി,'' എന്ന് താരം കുറിക്കുന്നു.
മമ്മൂട്ടി ഇപ്പോള്‍ ലണ്ടനില്‍ 'പാട്രിയറ്റ്' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന കഥാപാത്രമായി എത്തുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ റെഡ് റേഞ്ച് റോവറില്‍ എത്തുന്ന മമ്മൂട്ടിയുടെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.