ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി' എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ റാണ ദഗുബാട്ടി. കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോയെന്നും അതിന്റെ ഭാഗമായി നിരവധി സിനിമകള്‍ക്ക് വാങ്ങിയ അഡ്വാന്‍സ് തുക തിരികെ നല്‍കേണ്ടി വന്നുവെന്നും താരം വ്യക്തമാക്കി. വൃക്കരോഗം ബാധിച്ച് മരണംവരെ മുന്നില്‍ കണ്ട അവസ്ഥയെക്കുറിച്ചും ചികിത്സയ്ക്ക് ശേഷം ശരീരത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും റിയ ചക്രവര്‍ത്തിയുമായുള്ള ഒരു പോഡ്കാസ്റ്റിലാണ് താരം വെളിപ്പെടുത്തിയത്.
വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് തനിക്ക് പക്ഷാഘാതത്തിനോ രക്തസ്രാവത്തിനോ 70 ശതമാനം സാധ്യതയുണ്ടായിരുന്നെന്നും, മരണത്തിനുള്ള സാധ്യത 30 ശതമാനമായിരുന്നെന്നും റാണ ദഗുബാട്ടി പറഞ്ഞു. ആദ്യമായി രോഗനിര്‍ണയം നടത്തിയപ്പോള്‍ അത് വലിയ ഞെട്ടലായിരുന്നു. അതിജീവിക്കുക എന്നതായിരുന്നു ആ സമയത്തെ തന്റെ ഏക ലക്ഷ്യം. കരിയറില്‍ ഒരു സിനിമ വലിയ ഹിറ്റായി നില്‍ക്കുന്ന സമയത്താണ് ആരോഗ്യം മോശമായതെന്നും, ചികിത്സയ്ക്കായി സിനിമയില്‍ നിന്ന് ഇടവേളയെടുക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷത്തോളം അമേരിക്കയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷം തിരികെ എത്തിയപ്പോള്‍, രോഗവും ചികിത്സയും മരുന്നുകളും തന്റെ ശരീരത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയിരുന്നു. ഈ രൂപമാറ്റവുമായി പൊരുത്തപ്പെടാന്‍ തനിക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.
ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മുമ്പ് ഒപ്പുവെച്ച പല സിനിമകളുടെയും അഡ്വാന്‍സ് തുക ഈ രൂപമാറ്റം കാരണം തിരികെ നല്‍കേണ്ടി വന്നുവെന്നും റാണ വെളിപ്പെടുത്തി. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന സിനിമ ഉള്‍പ്പെടെയുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു. ആ വേഷത്തിന് ആവശ്യമായ ശാരീരിക രൂപം ചികിത്സ കഴിഞ്ഞപ്പോള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.