നടി മഞ്ജു വാരിയരുടെ പരാതിയില്‍ തെളിവെടുക്കാന്‍ ഞായറാഴ്ച ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എത്തിയില്ല. തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് പോലീസാണ് കേസ് അന്വേഷിക്കുന്നത്. അസിസ്റ്റന്റ് കമ്മിഷണര്‍ സി.ഡി. ശ്രീനിവാസനാണ് അന്വേഷണച്ചുമതല.
ശ്രീകുമാര്‍ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും അന്വേഷണസംഘം ഒരാഴ്ചമുന്പ് റെയ്ഡ് നടത്തിയിരുന്നു. സ്ഥലത്തില്ലാതിരുന്ന ശ്രീകുമാര്‍ മേനോനോട് ഞായറാഴ്ച ഹാജരാകണമെന്നു കാണിച്ച് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹം ഞായറാഴ്ച എത്തിയില്ല. എത്തുന്നില്ലെന്ന വിവരം കാണിച്ച് സന്ദേശങ്ങളൊന്നും കിട്ടിയില്ലെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍പെടുത്തുമെന്നു ഭയപ്പെടുന്നതായി മഞ്ജു വാരിയര്‍ സംസ്ഥാന പൊലീസ് മേധാവിക്കാണു പരാതി നല്‍കിയത്. ഒപ്പിട്ടു നല്‍കിയ ലെറ്റര്‍പാഡും മറ്റു രേഖകളും സംവിധായകന്‍ ദുരുപയോഗിക്കുന്നതായും മഞ്ജു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയായിരുന്നു നടി പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ജു വാരിയരുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു . ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ നടിയുടെ പരാതിക്കെതിരെ ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചു. മഞ്ജുവിന് ഉപകാര സ്മരണ ഇല്ലെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ശ്രീകുമാര്‍ മേനോന്‍ സമൂഹ മാധ്യമത്തില്‍ ഉന്നയിച്ചത്.