കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറുമായും ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാംഗവുമായ രാജീവ് ശുക്ലയുമായും കൂടിക്കാഴ്ച നടത്തി മമ്മൂട്ടി. ജോണ്‍ ബ്രിട്ടാസ് എം പിയും നടന്‍ രമേശ് പിഷാരടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രമേശ് പിഷാരടി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
'ജീവിതത്തിലെ ചില നിമിഷങ്ങള്‍ അസാധാരണമാണ്. നമ്മുടെ സ്വന്തം മമ്മൂക്കയുമായുള്ള അനുരാഗ് താക്കൂറിന്റെ അനൗപചാരികവും എന്നാല്‍ ഗംഭീരവും ക്രിയാത്മകവുമായ ചര്‍ച്ചയായിരുന്നു അത്', രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
'കണ്ണൂര്‍ സ്‌ക്വാഡ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി വയനാട് ആണ് മമ്മൂട്ടി ഇപ്പോള്‍ ഉള്ളത്. ചായാഗ്രാഹകനായ റോബി വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'നന്‍പകല്‍ നേരത്ത് മയക്കം', 'റോഷാക്ക്', 'കാതല്‍' എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണിത്.
മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍: ദി കോര്‍, എംടി ആന്തോളജിയിലെ കടുഗണ്ണാവ: ഒരു യാത്ര എന്നിവയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍
ചിത്രം സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ രാഷ്ടീയത്തില്‍ ഇറങ്ങുന്നുണ്ടോ, ഐപിഎല്‍ ടീം ഏറ്റെടുക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.ം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാര്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി എത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ നിര്‍ദേശ പ്രകാരം ആലുവ രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം സൗജന്യ പരിശോധനയ്ക്ക് തുടക്കമിട്ടിട്ടുണ്ട്.