'മോനെ ആഞ്ചലോ, ഞാന്‍ മമ്മൂട്ടിയാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന, ടിവിയിലൊക്കെ കാണുന്ന മമ്മൂക്ക. നന്നായി പഠിക്കണം, മിടുക്കനായി വളരണം...' ഇത്രയും കാലം നിശബ്ദമായിരുന്ന ഒരു കുഞ്ഞുലോകത്തേക്ക് ആ ശബ്ദമെത്തി. അതുകേട്ട് ആഞ്ചലോയ്ക്ക് ആദ്യം അമ്പരപ്പ്. അവന്‍ ജീവിതത്തിലാദ്യമായി ഒരു മനുഷ്യശബ്ദം കേള്‍ക്കുകയായിരുന്നു. അതാകട്ടെ ആ ഇളംകാതുകളെ കിളിയൊച്ചകളുടെയും താരാട്ടുപാട്ടുകളുടെയും ലോകത്തേക്ക് തുറന്നിട്ടുകൊടുത്തയാളുടെ ശബ്ദവും.
ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശികളായ ജെയ്‌സണ്‍-ആന്‍ഷാ ദമ്പതികളുടെ നാല് വയസ്സുകാരനായ മകന്‍ ആഞ്ചലോയ്ക്ക് ഇത് പുതിയ ലോകമാണ്. ജനനം മുതല്‍ കേള്‍വിയില്ലാതെ നിശബ്ദതയുടെ തടവറയിലായിരുന്ന ഈ കുഞ്ഞിന് മോചനമേകിയത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന 'കാതോട് കാതോരം' പദ്ധതിയാണ്. കൂടുതല്‍ കണ്ടെത്തുക രാഷ്ട്രീയ വാര്‍ത്ത പഠന സാമഗ്രികള്‍ ലോക വാര്‍ത്ത ഒരു സാധാരണ കര്‍ഷകനായ ജെയ്‌സണ് മകന് കേള്‍വിശക്തി കിട്ടുന്നതിനുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ചികിത്സയ്ക്കായി വേണ്ടിവരുന്ന 12 ലക്ഷത്തോളം രൂപ കണ്ടെത്തുക അസാധ്യമായിരുന്നു. മകന്റെ ഭാവിയെച്ചൊല്ലിയുള്ള ആ കുടുംബത്തിന്റെ സങ്കടത്തിന് വിരാമമായത് ബന്ധു വഴി അഞ്ജലോയുടെ മാതാവ് ആന്‍ഷാ 'കാതോട് കാതോരം' പദ്ധതിയെക്കുറിച്ച് അറിഞ്ഞതോടെയാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയിലൂടെ കേള്‍വിശക്തി തിരികെ നല്‍കുന്നതിനായി മമ്മൂട്ടി മുന്‍കൈ എടുത്ത് ആരംഭിച്ച പദ്ധതി, ആഞ്ചലോയ്ക്കും കരുതലായി മാറി. രാജഗിരിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോഴാണ് ആഞ്ചലോ ആദ്യമായി പുറംലോകത്തെ ശബ്ദങ്ങള്‍ കേട്ടുതുടങ്ങിയത്. ആ സുപ്രധാന നിമിഷത്തിലാണ് പ്രിയതാരം മമ്മൂട്ടി വാത്സല്യം കലര്‍ന്ന വാക്കുകളിലൂടെ ആഞ്ചലോയെ ഈ ലോകത്തെ മനോഹരമായ ശബ്ദങ്ങളിലേക്ക് വരവേറ്റത്. രാജഗിരി ആശുപത്രിയിലെ ഇ.എന്‍.ടി, ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോര്‍ജിന്റെ നേതൃത്വത്തിലാണ് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇംപ്ലാന്റ് സര്‍ജന്‍ ഡോ.സജിത്ത് അബ്രാഹാം, ഡോ. ജിത്തു സക്കറിയ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി, പിഐസിയു വിഭാഗം മേധാവി ഡോ. സൌമ്യ മേരി തോമസ്, ഇംപ്ലാന്റ് കോര്‍ഡിനേറ്റര്‍ എല്‍ജി എം മാത്യു, സീനിയര്‍ ഓഡിയോളജിസ്റ്റ് അബിന്‍ ലാസര്‍, സീനിയര്‍ തെറാപ്പിസ്റ്റ് സാറ പോള്‍ എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായി.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെങ്കിലും ആഞ്ചലോയുടെ യാത്ര ഇവിടെ അവസാനിക്കുന്നില്ല. ഇനി മാസങ്ങള്‍ നീളുന്ന സ്പീച്ച് തെറാപ്പിയിലൂടെയും മറ്റ് പരിശീലനങ്ങളുടേയും സഹായത്തോടെ വേണം സംസാരശേഷി വീണ്ടെടുക്കാന്‍. മമ്മൂട്ടിയുടെ സ്നേഹവും ഡോക്ടര്‍മാരുടെ നൈപുണ്യവും ഒത്തുചേര്‍ന്നപ്പോള്‍, ഒരു കുഞ്ഞിന്റെ ജീവിതത്തില്‍ നിറയുന്നത് പ്രതീക്ഷയുടെ വലിയൊരാകാശമാണ്. ഇടുക്കിയിലെ മലയോര ഗ്രാമത്തില്‍ നിന്ന് ഇനി ആഞ്ചലോയുടെ ചിരിയും വര്‍ത്തമാനങ്ങളും ലോകം കേട്ടുതുടങ്ങും.
കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ഉള്‍ക്കാതിലെ തകരാറുകള്‍ മൂലം നിശബ്ദതയിലായവര്‍ക്ക് ശബ്ദതരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി നേരിട്ട് ശ്രവണനാഡിയിലേക്ക് എത്തിക്കുന്ന കോക്ലിയര്‍ ഇംപ്ലാന്റെഷന്‍ സാങ്കേതികവിദ്യ ഒരു പുതുജീവിതമാണ് സമ്മാനിക്കുന്നത്. ജന്മനാ കേള്‍വിശക്തിയില്ലാത്ത കുട്ടികളില്‍ എത്രയും നേരത്തെ ഇംപ്ലാന്റേഷന്‍ നടത്തുന്നത് അവര്‍ക്ക് സ്വാഭാവികമായ സംസാരശേഷി കൈവരിക്കാന്‍ സഹായിക്കുന്നു.
ഇത് കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുകയും സാധാരണ സ്‌കൂളുകളില്‍ മറ്റ് കുട്ടികളോടൊപ്പം പഠിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ചിലവ് കൂടാതെ അതിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണവും, കുട്ടികള്‍ക്ക് ശബ്ദം തിരിച്ചറിയാനും സംസാരിക്കാനുമുളള ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി പരിശീലനവും കാതോട് കാതോരം പദ്ധതി വഴി ലഭിക്കുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിളളി പറഞ്ഞു.