തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അതിവേഗം പച്ചക്കൊടി കാട്ടിയിട്ടും മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രമായ 'അതിമനോഹര'ത്തിന് ശബരിമല സന്നിധാനത്ത് ഷൂട്ടിംഗ് അനുമതി നിഷേധിച്ചു. മോഹന്‍ലാലിന്റെ അടുത്ത ആത്മസുഹൃത്തും നിര്‍മ്മാണ പങ്കാളിയുമായ ഷിബു ബേബി ജോണ്‍ വനംവകുപ്പ് മന്ത്രിയായിരുന്നിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് എടുത്തതോടെ ചിത്രത്തിന്റെ നിര്‍ണായക ഷെഡ്യൂള്‍ അനിശ്ചിതത്വത്തിലായി.
ദേവസ്വം ബോര്‍ഡിന്റെ അനുമതി പത്രവുമായി സന്നിധാനത്തേക്ക് ക്യാമറയുമായി നീങ്ങിയ അണിയറപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വനസംരക്ഷണ നിയമങ്ങളുടെയും ഹൈക്കോടതി ഉത്തരവുകളുടെയും കടുപ്പമേറിയ മതിലുകളാണ് വനംവകുപ്പ് തീര്‍ത്തത്. പമ്പ വരെയുള്ള ഭാഗങ്ങളില്‍ റാന്നി ഡിവിഷന്‍ ചിത്രീകരണത്തിന് അനുമതി നല്‍കിയെങ്കിലും സന്നിധാനത്ത് പ്രവേശിക്കാനോ ക്യാമറ ചലിപ്പിക്കാനോ അനുവദിക്കില്ലെന്നാണ് വനംവകുപ്പിന്റെ ഉറച്ച നിലപാട്.
ശബരിമല ക്ഷേത്രവും സന്നിധാനവും ഉള്‍പ്പെടുന്ന പ്രദേശം പെരിയാര്‍ കടുവ സങ്കേതത്തിന്റെ അതീവ സംരക്ഷിത കോര്‍ ഏരിയയില്‍ പെടുന്നതാണെന്നും ഹൈക്കോടതിയുടെ കര്‍ശന നിരീക്ഷണമുള്ള മേഖലയാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. വനംവകുപ്പിന്റെയും വന്യജീവി സംരക്ഷണ നിയമത്തിന്റെയും പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ ദേവസ്വം ബോര്‍ഡിന് മാത്രമായി തീരുമാനമെടുക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.മോഹന്‍ലാലിന്റെ വ്യക്തിപരമായ സുഹൃദ്ബന്ധങ്ങള്‍ പോലും വനംവകുപ്പിന്റെ തീരുമാനത്തെ സ്വാധീനിച്ചില്ലെന്നതാണ് ശ്രദ്ധേയം.
'മലൈക്കോട്ടൈ വാലിബന്‍' ഉള്‍പ്പെടെയുള്ള സിനിമകളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായ ഷിബു ബേബി ജോണ്‍ വനംവകുപ്പിന്റെ അമരത്തിരിക്കുമ്പോഴും ഉദ്യോഗസ്ഥ തലത്തിലെ നിയമപരമായ തടസ്സങ്ങള്‍ കാരണം താരത്തിന് ഇളവ് നല്‍കാനായിട്ടില്ല. സൗഹൃദവും രാഷ്ട്രീയ ബന്ധങ്ങളും മാറ്റിവെച്ച് ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ വഴിയിലാണ് മുന്നോട്ട് പോകുന്നത്. നേരത്തെ, ചിത്രത്തിന്റെ കഥയും പശ്ചാത്തലവും പരിശോധിച്ച് ആചാര ലംഘനങ്ങള്‍ ഉണ്ടാകില്ലെന്ന ഉറപ്പില്‍ കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതിവേഗം ഉപാധികളോടെ അനുമതി പത്രം നല്‍കിയിരുന്നു.
എന്നാല്‍ അനുരാജ് മനോഹരന്‍ ഉള്‍പ്പെടെയുള്ള മറ്റ് യുവ സംവിധായകര്‍ക്ക് സുരക്ഷാ കാരണങ്ങളാല്‍ അനുമതി നിഷേധിച്ച ബോര്‍ഡ് മോഹന്‍ലാലിന് മാത്രം വി.ഐ.പി പരിഗണന നല്‍കിയെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വനംവകുപ്പിന്റെ നിയമപരമായ വെട്ടുക്കിളി നീക്കം.തൊടുപുഴയിലെ ചിത്രീകരണത്തിന് ശേഷം 'അതിമനോഹര'ത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാം ഷെഡ്യൂളാണ് സന്നിധാനത്ത് പദ്ധതിയിട്ടിരുന്നത്. ചിത്രത്തില്‍ 'ലൗലജന്‍' എന്ന സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്ന മോഹന്‍ലാലിന്റെ സന്നിധാനത്തെ പട്രോളിംഗും ക്ലൈമാക്സിനോട് അടുത്ത രംഗങ്ങളുമായിരുന്നു അവിടെ ക്യാമറയിലാക്കാന്‍ ഇരുന്നത്.
ഭക്തര്‍ക്കൊപ്പം പോലീസ് യൂണിഫോമില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ സന്നിധാനത്ത് ഷൂട്ടിംഗ് നടത്തുന്നത് വലിയ നിയമക്കുരുക്കിന് വഴിവെക്കുമെന്നതിനാല്‍ അണിയറപ്രവര്‍ത്തകര്‍ താല്കാലികമായി ചിത്രീകരണ പദ്ധതി മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്. 1986-ല്‍ 'നമ്പിനോര്‍ കെടുത്തവതില്ലെ' എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പതിനെട്ടാംപടിയില്‍ നടിമാര്‍ നൃത്തം ചെയ്തത് വലിയ കേസിനും ദേവസ്വം ഭാരവാഹികള്‍ക്ക് കോടതി ശിക്ഷ നല്‍കുന്നതിനും വഴിവെച്ച ചരിത്രമുണ്ട്.
ഇത്തരം നിയമപരമായ മുന്‍കാല ഉത്തരവുകളുള്ളതിനാല്‍ ഹൈക്കോടതിയുടെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ സന്നിധാനത്ത് സിനിമാ ചിത്രീകരണം സാധ്യമല്ലെന്നാണ് നിയമവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നത്.ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം 'തുടരും' എന്ന വന്‍ വിജയത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന സ്വപ്ന പദ്ധതിയാണ്. മീരാ ജാസ്മിന്‍ നായികയാകുന്ന ചിത്രം ഡിസംബറില്‍ തീയേറ്ററുകളിലെത്തിക്കാനായിരുന്നു നിര്‍മ്മാതാക്കളുടെ നീക്കം. ദേവസ്വം ബോര്‍ഡിന്റെയും വനംവകുപ്പിന്റെയും ഈ ഭിന്നനിലപാടുകള്‍ കാരണം സിനിമയുടെ ചിത്രീകരണം പ്രതിസന്ധിയിലായതോടെ, വിഷയം ഹൈക്കോടതിയുടെ മുന്‍പിലെത്തിച്ച് പ്രത്യേക അനുമതി വാങ്ങാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഹൈക്കോടതിയുടെ ബെഞ്ച് എടുക്കുന്ന തീരുമാനമായിരിക്കും 'അതിമനോഹരം' സന്നിധാനത്ത് പൂവണിയുമോ എന്ന് അന്തിമമായി തീരുമാനിക്കുക.